ADVERTISEMENT

'എത്ര മനോഹരമാണിവിടം'' എന്ന് ഒരു തവണയെങ്കിലും പറയാതെ മടങ്ങാൻ സാധിക്കുകയില്ല എന്നതു തന്നെയാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. അതിസുന്ദരവും അത്യാകർഷകവുമായ അതിനെല്ലാമപ്പുറം വിസ്മയം ജനിപ്പിക്കുന്ന കാഴ്ചകൾ. കഥാപുസ്തകളിലെ വിവരണങ്ങൾക്കു സമാനമായ മഴക്കാടുകളും ചോലകളും പ്രകൃതി അതിസുന്ദരമായി അണിയിച്ചൊരുക്കിയിരിക്കുന്ന സ്ഥലങ്ങളും സ്കോട്ട്ലാൻഡിനെ സഞ്ചാരികളുടെ പ്രിയയിടങ്ങളിലൊന്നാക്കുന്നു. 

ആദ്യകാഴ്ചയിൽ തന്നെ മനസുകവരുന്ന ഈ ഭൂഭാഗത്തിനു പേരിതാണ് ഡെവിൾസ് പുൾപിറ്റ്. ചെകുത്താന്റെ പ്രസംഗ പീഠം എന്നാണ് അർത്ഥം. കൂണിനെ അനുസ്മരിപ്പിക്കുന്ന രൂപമാണ് ആ പാറക്കല്ലിന്. പേരിനെ ഉറപ്പിക്കുന്ന തരത്തിൽ പാറക്കെട്ടിനിടയിലൂടെ ഒഴുകുന്ന നദിയ്ക്കു ചുവന്ന നിറവും. കാട്ടുചോലയ്ക്കു നടുവിലായി പീഠം പോൽ ഉയർന്നിരിക്കുന്ന പാറക്കല്ല് ഉള്ളതുകൊണ്ടാണ് ഡെവിൾസ് പുൾപിറ്റ് എന്ന പേരു വന്നത്. ചെകുത്താൻ തന്റെ അനുയായികളോട് സംസാരിച്ചിരുന്നതു ഇവിടെയിരുന്നാണെന്നാണ്  കെട്ടുകഥകൾ. പുരാതന കാലത്തു ഗോത്രവിഭാഗത്തിലെ പുരോഹിതർ ദുർമന്ത്ര വാദത്തിനെതിരെ പൂജാകർമങ്ങൾ അനുഷ്ഠിക്കാനായി തിരഞ്ഞെടുത്ത സ്ഥലമാണിതെന്നും പറയപ്പെടുന്നുണ്ട്. ചുവന്ന നിറത്തിലൊഴുകുന്ന കാട്ടുചോല ഈ കഥയെ ഊട്ടിയുറപ്പിക്കുന്നു.

The-devil-s-Pulpit-Scotland
By Cliff Hands/shutterstock

 ചുവന്ന നിറത്തിലൊഴുകുന്ന നദിയ്ക്കു പിന്നിലെ രഹസ്യം?

വെള്ളത്തിനു അടിയിലുള്ള ചുവന്ന ചരൽക്കല്ലുകളാണ് നദീജലത്തിനു ചുവപ്പ് നിറം സമ്മാനിക്കുന്നത്. ചുവന്ന നദീജലവും വഴുതുന്ന പടിക്കെട്ടുകളായ പാറക്കല്ലുകളും ചുറ്റുമുള്ള പ്രകൃതിയും പർവ്വതങ്ങളും ഡെവിൾസ് പുൾപിറ്റിനെ നിഗൂഡത നിറഞ്ഞ ഒരു പ്രദേശമാക്കി മാറ്റുന്നു. ഔട്ട്‍ലാൻഡർ എന്ന സീരിസിൽ ഈ പ്രദേശം ചിത്രീകരിക്കപ്പെട്ടതോടെ ധാരാളം സഞ്ചാരികൾ ഇവിടേക്കെത്തി. തുടർന്ന് ഈഗിൾ എന്ന സിനിമയിലൂടെയും ഇവിടം പ്രേക്ഷകർക്കു മുന്നിലെത്തി. മഴക്കാലത്താണ് നദിയിലെ ജലത്തിനു കൂടുതൽ ചുവപ്പു നിറം കൈവരുന്നത്. അന്നേരങ്ങളിൽ ചരൽ പാറകളുടെ ഭിത്തികളിൽ നിന്നും ചുവന്ന നിറം നദിയിലേയ്ക്കു ഒഴുകിയിറങ്ങും. അപ്പോൾ നദിയ്ക്കു കൂടുതൽ ചുവപ്പുനിറം കൈവരും.

ഒരല്പം ഭയവും അതിനേക്കാളേറെ സൗന്ദര്യവും കാത്തുവെച്ചാണ് ഡെവിൾസ് പുൾപിറ്റ് സഞ്ചാരികളെ സ്വീകരിക്കുന്നത്. പ്രകൃതി ഒരുക്കിയിരിക്കുന്ന അതിമനോഹര കാഴ്ച തന്നെയാണ് പ്രധാനാകർഷണം. സ്കോട്ട്ലാൻഡിലെ യാത്രകളിൽ ഒരിക്കലും ഒഴിവാക്കരുതാത്ത ഇടങ്ങളിലൊന്നാണ് ഡെവിൾസ് പുൾപിറ്റ്.

Engllish Summary:  Devil’s Pulpit, Scotland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com