ഇത് ദൈവപ്പാറ: കൂറ്റൻപാറ കയറി മുകളിലെത്തിയാല്‍ അദ്ഭുതകാഴ്ച

The-Rock-of-Guatape
SHARE

കൊളംബിയയിലെ മെഡെലിനില്‍ നിന്നു രണ്ടു മണിക്കൂര്‍ അകലെയായി സ്ഥിതിചെയ്യുന്ന മനോഹര നഗരമാണ് ഗ്വാട്ടപ്പെ. നഗരത്തിന്‍റെ ഏതു ഭാഗത്തു നിന്നു നോക്കിയാലും കാണാനാവുന്ന വിധത്തില്‍ ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ഭീമന്‍ പാറയുണ്ട് ഇവിടെ. 'ഗ്വാട്ടപ്പെയുടെ പാറ' എന്ന അര്‍ഥത്തില്‍ സ്പാനിഷ് ഭാഷയില്‍ 'എല്‍ പെനോന്‍ ഡി ഗ്വാട്ടപ്പെ' എന്നാണ് വിളിക്കുന്നത്. ഈ പാറ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. അയല്‍നഗരമായ എല്‍ പിനോളും ഈ പാറയ്ക്ക് മേല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. അങ്ങനെ, ലാ പിയെദ്ര, എല്‍ പിനോള്‍ എന്നുമൊക്കെ ഈ പാറയ്ക്ക് പേരുകള്‍ വന്നു. 

ക്വാർട്സ്, ഫെൽഡ്‌സ്പാർ, മൈക്ക എന്നിവയാല്‍ നിര്‍മിക്കപ്പെട്ട ഈ പാറയ്ക്ക് ചരിത്രാതീതകാലത്തോളം പഴക്കമുണ്ട്. കാലങ്ങളായി കാലാവസ്ഥയെയും മണ്ണൊലിപ്പിനെയും പ്രതിരോധിച്ച പാറയെ, പണ്ടുകാലത്ത് പ്രദേശവാസികളായിരുന്ന തഹാമി ഗോത്രവര്‍ഗ്ഗക്കാര്‍ ദൈവമായി കണ്ട് ആരാധിച്ചിരുന്നു. ഏകദേശം 2,135 മീറ്റര്‍ ഉയരമുള്ള പാറയുടെ അടിത്തട്ടിൽ നിന്ന് മുകളിലേക്ക് സഞ്ചാരികള്‍ക്ക് കയറാം. ഇതിനായി, 740 പടികളുള്ള ഗോവണി പാറയുടെ ഒരു വശത്തായി നിര്‍മിച്ചിട്ടുണ്ട്.

പാറയുടെ അടിഭാഗത്ത് ഷോപ്പിങ്ങും ഭക്ഷണ, മാർക്കറ്റ് സ്റ്റാളുകളും കാണാം. പടികൾ പകുതിയോളം മുകളിലേക്ക് കയറിയാല്‍ കന്യാമറിയത്തിന്‍റെ ദേവാലയമുണ്ട്. ഏറ്റവും മുകളിലാവട്ടെ, മൂന്ന് നിലകളുള്ള വ്യൂപോയിന്റ് ടവർ, ഇരിക്കാനുള്ള സ്ഥലം എന്നിവയുമുണ്ട്. ഇവിടേക്കുള്ള യാത്രയുടെ ഓര്‍മക്കായി കരകൗശല വസ്തുക്കൾ, പോസ്റ്റ്കാർഡുകൾ, മറ്റ് പ്രാദേശിക വസ്തുക്കൾ എന്നിവ മുകളില്‍ നിന്നും വാങ്ങാം. ചുറ്റുമുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ഈ പാറയുടെ മുകളില്‍ നിന്നും സഞ്ചാരികള്‍ക്ക് കാണാം.

1954 ജൂലൈയിൽ ലൂയിസ് വില്ലെഗാസ്, പെഡ്രോ നെൽ റാമിറെസ്, റാമൻ ഡിയാസ് എന്നിവരാണ് ആദ്യമായി ഈ പാറയ്ക്ക് മുകളില്‍ കയറിയത്. അഞ്ച് ദിവസത്തെ പരിശ്രമമാണ് ഇതിനു വേണ്ടിവന്നത്. 1940 കളിൽ കൊളംബിയൻ സർക്കാർ ഈ പാറയെ ഒരു ദേശീയ സ്മാരകമായി പ്രഖ്യാപിച്ചു.

English Summary: The Rock of Guatape

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA