മുട്ടകള്‍ക്ക് മുകളിലെ ചെരിപ്പുകള്‍; അതിശയിപ്പിക്കും ഇൗ കടല്‍ത്തീരക്കാഴ്ച

Batumi
By Alexander Antonoff/Shutterstock
SHARE

ജോർജിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് ബറ്റൂമി. കരിങ്കടലിന്‍റെ തീരത്തുള്ള ഈ നഗരം സുഖകരമായ കാലാവസ്ഥ കാരണം തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രമാണ്. ലെസ്സർ കോക്കസസ് പർവതനിരയുടെ താഴ്‌വരയുടെ സമീപത്തുള്ള മിതോഷ്ണ മേഖലാ പ്രദേശത്തായതിനാലാണ് മനോഹരമായ കാലാവസ്ഥ. മഞ്ഞുകാലത്ത് പൂര്‍ണ്ണമായും മഞ്ഞില്‍ മൂടുന്ന ഇവിടുത്തെ തീരപ്രദേശങ്ങളില്‍ ചൂടുകാലങ്ങളില്‍ സഞ്ചാരികളുടെ തള്ളിക്കയറ്റമാണ്.

ടൂറിസം, ചൂതാട്ടം എന്നിവ ബറ്റൂമിയിലെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. സഞ്ചാരികളിൽ  കൗതുകമുണര്‍ത്തുന്ന നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. അഡ്‌ജാര സ്റ്റേറ്റ് മ്യൂസിയം, അക്വേറിയം, ബറ്റുമി ബൊട്ടാണിക്കൽ ഗാർഡൻ, ഡോൾഫിനേറിയം, പിയാസ സ്ക്വയർ, പനോരമിക് വീൽ, ആർഗോ കേബിൾ കാർ, 6 മേയ് പാർക്ക്, യൂറോപ്പ് സ്ക്വയർ, ആല്‍ഫബെറ്റിക് ടവർ, ബറ്റൂമി സീ പോർട്ട്, മിറക്കിൾ പാർക്ക്, ബറ്റുമി ആർക്കിയോളജിക്കൽ മ്യൂസിയം, ഇലിയ ചാവ്ചവാഡ്‌സെയുടെ സ്മാരകം തുടങ്ങിയവ അവയില്‍ ചിലതാണ്. നിരവധി മനോഹര കാഴ്ചകള്‍ ഉള്ള ഈ നഗരത്തിലെ ലോകപ്രശസ്തമായ ഒരു കാഴ്ചയാണ് 'സീ സ്ലിപ്പേഴ്സ് ഓണ്‍ എഗ്ഗ്സ്' എന്ന ആര്‍ട്ട് ഇന്‍സ്റ്റ‌ലേഷന്‍.

ഫ്രഞ്ച് ശില്പിയും നടിയുമായ ലിലി ഫാന്റോസിയുടെ സൃഷ്ടിയാണ് അസാധാരണമായ ഈ ആർട്ട് ഇന്‍സ്റ്റ‌ലേഷന്‍. പാരിസ്, വിയന്ന, ന്യൂയോർക്ക്, ബ്രസ്സൽസ് എന്നിവിടങ്ങളിലെ സമകാലീന ആർട്ട് ഗാലറികളിൽ ഈ മുപ്പത്തൊമ്പതുകാരിയുടെ വര്‍ക്കുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഏതാനും മുട്ടകള്‍ക്കു മേല്‍ വച്ചിരിക്കുന്ന ഒരു ജോഡി ചെരിപ്പിന്‍റെ രൂപത്തിലാണ് ഈ ഇന്‍സ്റ്റ‌ലേഷന്‍. റാഡിസൺ ബ്ലൂ ഹോട്ടലിന് മുന്നിലുളള ഇതു കാണുമ്പോള്‍ത്തന്നെ ആര്‍ക്കും കൗതുകം തോന്നും.

പുനര്‍നിർമിക്കപ്പെടുന്നതിനായി രാജ്യം സഞ്ചരിച്ച അപകടകരമായ വഴികളുടെ പ്രതീകമായാണ് 'സീ സ്ലിപ്പേഴ്സ് ഓണ്‍ എഗ്ഗ്സ്' നിര്‍മിച്ചതെന്ന് ലിലി പറയുന്നു. മുട്ടകള്‍ക്ക് മേല്‍ ഷൂസ് എന്ന രീതിയിലുള്ള ശില്‍പം നിർമിക്കാനായിരുന്നു സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ബറ്റൂമി ഒരു കടല്‍ത്തീര നഗരമായതിനാല്‍ ചെരിപ്പുകള്‍ മതിയെന്നു തീരുമാനിക്കുകയായിരുന്നു.

English Summary: Art Sculpture in Batumi, Georgia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA