ദൈവത്തിന്റെ കോട്ട ഉണ്ടാക്കിയത് ഇരുമ്പിലും സ്വർണത്തിലും നിർമിച്ച മഴുകൊണ്ട്; പിന്നിലുണ്ട് ഒരു കഥ

The-Ancient-Cave-Town-in-Georgia
SHARE

കോട്ടകളും കൊട്ടാരക്കെട്ടുകളും മനോഹരമാക്കുന്ന ചില നാടുകളും നഗരങ്ങളുമുണ്ട്. പഴയകാലത്തിന്റെ ശേഷിപ്പുകളും പേറി നിൽക്കുന്ന ഈ നാടുകളിലെ കാഴ്ചകൾ വിസ്മയത്തോടൊപ്പം അറിവും പകരും. ജോർജിയയിലെ അപ്ലിസ്റ്റ്സിഖേ പ്രശസ്തമാകുന്നത് ഗുഹാനഗരം എന്ന വിശേഷണത്താലാണ്. അപ്ലിസ്റ്റ്സിഖേ  എന്നാൽ 'ദൈവത്തിന്റെ കോട്ട' എന്നാണ് അർത്ഥം. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെയാണ് ഇവിടുത്തെ കാഴ്ചകളും. കോട്ടകളും ഗുഹകളുമാണ് ഈ നഗരത്തിനെ വ്യത്യസ്തമാക്കുന്നത്. ജോർജിയയുടെ തലസ്ഥാനമായ റ്റ്ബിലിസിൽ നിന്നും ഏകദേശം ഒരു മണിക്കൂറോളം യാത്ര ചെയ്താൽ അപ്ലിസ്റ്റ്സിഖേയിൽ എത്തിച്ചേരാം. ആരിലും കൗതുകമുണർത്തുന്ന അസാധാരണമായ കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. 

അപ്ലോസ് എന്നുപേരുള്ള ഗോത്രത്തലവനാണ് ഈ കോട്ടയുടെ നിർമാണത്തിന് നേതൃത്വം നൽകിയതെന്നാണ് പറയപ്പെടുന്നത്. തങ്ങളുടെ ശക്തിയുടെയും അധികാരത്തിന്റെയും അടയാള  ചിഹ്നമെന്ന നിലയ്ക്കാണ് അപ്ലോസ് കോട്ട നിർമിച്ചത്. ഈ നഗര നിർമാണത്തിന് പുറകിൽ ഒരു കഥയുണ്ട്. അടിമകളായിരുന്നു നഗരവും കോട്ടയും നിർമിച്ചത്. പകുതി ഇരുമ്പിലും പകുതി സ്വർണത്തിലും നിർമിച്ച കോടാലിയാണ് അടിമകൾക്കു പണിയായുധമായി നൽകിയിരുന്നത്. ഈ കോടാലി ഉപയോഗിച്ച് പണിയിലേർപ്പെടുമ്പോൾ  ഇരുമ്പ് ഭാഗം തേഞ്ഞു തീർന്നു സ്വർണം പുറത്തു വരികയാണെങ്കിൽ കഠിനാധ്വാനികളായ ആ അടിമകളെ  സ്വതന്ത്രരാക്കുന്നതിനൊപ്പം സ്വർണം സമ്മാനമായി നൽകുകയും ചെയ്യും. 

ഏറെ വ്യത്യസ്‍തവും മനോഹരമായ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് അപ്ലിസ്റ്റ്സിഖേ എന്ന നഗരം. മറ്റുള്ള നാടുകളിൽ നിന്നും നഗരങ്ങളിൽ നിന്നും വ്യത്യസ്തമായി ധാരാളം പൗരാണിക കാഴ്ചകളാൽ സമ്പന്നമാണ് ഇവിടം. ഇരുമ്പുയുഗത്തിന്റെ ആദ്യകാലങ്ങളിലെ നിർമിതികൾ മുതൽ മധ്യകാലഘട്ടങ്ങളിലെ നിർമിതികൾ വരെ ഇവിടെ കാണുവാൻ കഴിയും. ഇവയിൽ തന്നെ ദേവാലയങ്ങൾ, സാമൂഹിക, ഭരണപരമായ കാര്യങ്ങൾക്കു ഉപയോഗിക്കുന്ന കെട്ടിടങ്ങൾ എന്നിവയെല്ലാം തന്നെ ഏറെ വ്യത്യസ്തമായ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. 

വൈൻ ഉണ്ടാക്കുന്നതിൽ ഏറെ പേര് കേട്ട രാജ്യമാണ് ജോർജിയ. അതിനു പിന്നിലും രസകരമായ ഒരു കഥ പറയാനുണ്ട് ഈ നാടിന്. ഒരു കുടുംബത്തിൽ ഒരു കുഞ്ഞു ജനിച്ചാൽ ഒരു വലിയ മൺഭരണി നിറയെ വൈൻ ഉണ്ടാക്കി ഇവർ ഭൂമിക്കടിയിൽ കുഴിച്ചിടും. ആ കുട്ടിക്കു പതിനാറ് വയസു തികയുന്ന ദിവസം ആ ഭരണി പുറത്തെടുക്കുകയും അതിലുള്ള വൈൻ ദേവാലയത്തിൽ സമർപ്പിക്കുകയും ചെയ്യും. ഇത്തരത്തിൽ വൈൻ സൂക്ഷിക്കാനായി നിർമിച്ചിരുന്ന ധാരാളം വലിയ മൺഭരണികൾ അപ്ലിസ്റ്റ്സിഖേ നഗരത്തിലും കാണുവാൻ കഴിയും.

ഒമ്പതാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട സെന്റ്. ജോർജ് ബസിലിക്ക ഇവിടുത്തെ പ്രധാന കാഴ്ചകളിലൊന്നാണ്. അടിത്തറയില്ലാതെ, പാറമുകളിലാണിത് നിർമിച്ചിരിക്കുന്നത്. നിരവധി ഭൂചലനങ്ങളെ അതിജീവിച്ച ഈ ദേവാലയം ഇന്നും വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. പുരാവസ്തു വകുപ്പ്,  നടത്തിയ പര്യവേഷണത്തിൽ അമൂല്യമായ പല വസ്തുക്കളും ഈ നഗരത്തിൽ നിന്നും ലഭിക്കുകയുണ്ടായി. അതെല്ലാം തന്നെ ജോർജിയയിലെ ദേശീയ ആർട്ട് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

എഴുനൂറോളം ഗുഹകളാണ് പുരാതന കാലത്തു അപ്ലിസ്റ്റ്സിഖേയിലുണ്ടായിരുന്നത്. അതിൽ നൂറ്റിയമ്പതോളം ഗുഹകൾ ഭൂചലനത്തിലും മറ്റും നശിച്ചു പോയി. ബാക്കിയുള്ളവയെല്ലാം ഇന്നും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രധാന കവാടവും, വലിയ മുറികളും തുരങ്കങ്ങളുമെല്ലാമുള്ള ഈ ഗുഹകൾ കാണാൻ ധാരാളം സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. പൗരാണികതയുടെ ആഢ്യതയും പേറി നിൽക്കുന്ന ഈ ഗുഹകൾ സഞ്ചാരികളിൽ ഏറെ വിസ്മയമുണർത്തും.

English Summary: Uplistsikhe The Ancient Cave Town in Georgia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA