ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള 10 രാജ്യങ്ങള്‍; കാരണമിതാണ്

2Austria
SHARE

സന്തോഷം കൃത്യമായി അളക്കാന്‍ കഴിയുന്നതല്ല എന്ന് നമുക്കറിയാം. എന്നാല്‍ ഓരോ രാജ്യത്തെയും സന്തോഷത്തിന്‍റെ നിലവാരം മനസ്സിലാക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ സസ്റ്റൈനബിള്‍ ഡവലപ്മെന്‍റ് സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക്ക്, വേള്‍ഡ് ഹാപ്പിനെസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കാറുണ്ട്. ഓരോ രാജ്യത്തെയും സന്തോഷവും അവിടുത്തെ വികസനവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്ന ഒരു പഠനമാണിത്.  പ്രതിശീർഷ ജിഡിപി, ആയുർദൈർഘ്യം, സാമൂഹിക പിന്തുണ, വിശ്വാസവും അഴിമതിയും, ജീവിതത്തില്‍ വിവിധ തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം, ഉദാരത എന്നിവയാണ് ഈ പഠനത്തില്‍ കണക്കിലെടുക്കുന്ന ആറു മാനദണ്ഡങ്ങൾ. 2020-ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇതുപ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷവാന്‍മാരായ ആളുകള്‍ വസിക്കുന്ന പത്തു രാജ്യങ്ങള്‍ പരിചയപ്പെടാം.

10. ലക്സംബര്‍ഗ്‌

കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ 14 ാം സ്ഥാനത്തുണ്ടായിരുന്ന ലക്സംബർഗ് ഈ വര്‍ഷം പത്താം സ്ഥാനത്തേക്കു കുതിച്ചുചാട്ടം നടത്തി. വെറും ആറുലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ളഈ  ചെറിയ രാജ്യം ഉയർന്ന ശമ്പളവും വിരമിക്കലിനുശേഷം പൗരന്മാര്‍ക്ക് ശക്തമായ സാമൂഹിക സുരക്ഷാ സംവിധാനവും വാഗ്ദാനം ചെയ്യുന്നു.

1Luxembourg

മികച്ച ആരോഗ്യസംരക്ഷണ സംവിധാനവും മികച്ച തൊഴിൽ-ജീവിത സന്തുലിതാവസ്ഥയും ഇവിടെയുണ്ട്. ജോലിക്കാര്‍ക്ക് വര്‍ഷത്തില്‍ അഞ്ച് ആഴ്ച നിർബന്ധിത അവധിയും നല്‍കുന്നു.

9. ഓസ്ട്രിയ

ഉയര്‍ന്ന ആയുർദൈർഘ്യവും മികച്ച പ്രതിശീർഷ ജിഡിപിയുമായാണ് ഓസ്ട്രിയ ഈ വർഷം മുന്നിലേക്കെത്തിയത്. മധ്യയൂറോപ്പിലെ ഈ രാജ്യം വികസനത്തിന്‍റെ കാര്യത്തിലും മുന്‍ നിരയില്‍ തന്നെയാണ്.

8. ന്യൂസീലന്‍ഡ്‌

അയല്‍രാജ്യമായ ഓസ്ട്രേലിയ പോലും ആദ്യപത്തില്‍ ഇടം നേടാത്ത സാഹചര്യത്തിലും ന്യൂസീലന്‍ഡ്‌ അത് സാധ്യമാക്കി. മനോഹരമായ പ്രകൃതിസമ്പത്തും ഇവിടെയുള്ള ജനങ്ങളെ കൂടുതല്‍ സന്തോഷവാന്മാരാക്കുന്നു.

3New-Zealand

ബീച്ചുകള്‍, പര്‍വതങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്നതും അങ്ങേയറ്റം മനോഹരവുമായ പ്രകൃതിയാണ് ഇവിടെയുള്ളത്. 

7. സ്വീഡന്‍

ഈ വര്‍ഷവും സ്വീഡന്‍ ഏഴാം സ്ഥാനം നിലനിര്‍ത്തി. ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം, സമഭാവന, മികച്ച വിദ്യാഭ്യാസ നിലവാരം എന്നിവയും ഈ നാടിന്‍റെ പ്രത്യേകതകളാണ്. ഓരോ കുഞ്ഞു ജനിക്കുമ്പോഴും മാതാപിതാക്കള്‍ക്ക് 16 മാസം ലീവ് ലഭിക്കും. ഇവിടത്തെ വര്‍ക്ക്-ലൈഫ് ബാലന്‍സും മികച്ചതാണ്. 

6. നെതര്‍ലന്‍ഡ്‌സ്‌

2005-2019 കാലയളവില്‍ ഒരേ സന്തോഷനിലവാരം നിലനിര്‍ത്തുക എന്നത് ചില്ലറക്കാര്യമല്ല. എന്നാല്‍, മികച്ച വിദ്യാഭ്യാസം, സുരക്ഷിതത്വം, ആരോഗ്യം എന്നിവ ഉറപ്പു നല്‍കുന്ന നെതര്‍ലന്‍ഡ്‌സിനെ സംബന്ധിച്ചിടത്തോളം അതത്ര പ്രയാസമേറിയ കാര്യമല്ല. 2013 ലെ യൂണിസെഫ് റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ കുട്ടികള്‍ നെതര്‍ലന്‍ഡ്‌സിലാണ്.

5. നോര്‍വേ

2017-ല്‍ ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തായിരുന്നു നോര്‍വേ. ഇപ്പോള്‍ സ്ഥാനം അഞ്ചായെങ്കിലും സന്തോഷത്തിന്‍റെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ല.

Svalbard-archipelago-in-Norway

മികച്ച സർക്കാർ ക്ഷേമ പദ്ധതികളും പ്രകൃതിവിഭവങ്ങളുടെ ഉത്തരവാദിത്തപരമായ ഉപയോഗം അടിസ്ഥാനപ്പെടുത്തിയതും സമൃദ്ധവുമായ സമ്പദ്‌വ്യവസ്ഥയും സാമൂഹിക പിന്തുണയും സർക്കാരിലുള്ള വിശ്വാസവും സാമ്പത്തിക ക്ഷേമവുമെല്ലാം ജനങ്ങളെ സന്തോഷവാന്മാരാക്കുന്ന ഘടകങ്ങളാണ്.

4. ഐസ്‌ലന്‍ഡ് 

iceland

വടക്കൻ യൂറോപ്പിലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ ഐസ്‌ലന്‍ഡ് യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ്. ഇവിടത്തെ ക്ഷേമം നിറഞ്ഞതും സമാധാന പൂര്‍ണവുമായ ജീവിതമാണ് ആളുകളെ സന്തോഷവാന്മാരാക്കുന്നത്.

3. സ്വിറ്റ്സര്‍ലന്‍ഡ്

ഭൂമിയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നാണ് ആൽപ്സ് പർവത നിരകളില്‍ സ്ഥിതിചെയ്യുന്ന സ്വിറ്റ്സര്‍ലന്‍ഡ്. ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നു സ്ഥാനം മുന്നിലേക്കെത്താന്‍ സ്വിറ്റ്സര്‍ലന്‍ഡിനു കഴിഞ്ഞു. 

3Switzerland

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയില്‍ നേരിട്ട് പങ്കാളിത്തമുണ്ട് എന്നത് ഇവിടത്തെ ജനങ്ങളെ സന്തോഷവാന്മാരാക്കി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന കാര്യമാണ്. ആയുർദൈർഘ്യത്തിൽ ലോകത്തിൽ രണ്ടാമത് സ്വിറ്റ്സര്‍ലന്‍ഡാണ്.  സ്വിസ് കമ്പനികളുടെ കൃത്യതയും സ്വിസ് ബാങ്കുകളുടെ ഉദാരസമീപനവുമെല്ലാം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക്, രണ്ടാമതൊന്നാലോചിക്കാതെ തങ്ങളുടെ വ്യാപാര കേന്ദ്രങ്ങളുടെ ആസ്ഥാനങ്ങൾ ഇവിടെ സ്ഥാപിക്കാന്‍ അവസരമൊരുക്കുന്നു. 

2. ഡെൻമാര്‍ക്ക്

ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍ ഈ വർഷവും രണ്ടാം സ്ഥാനത്ത് തുടരുകയാണ് ഡെൻമാർക്ക്. മികച്ച ആയുർദൈർഘ്യം, സാമൂഹിക പിന്തുണ, പുനരുപയോഗയോഗ്യമായ ഊർജ്ജ ഉൽപാദനത്തിൽ പുലര്‍ത്തുന്ന പ്രതിജ്ഞാബദ്ധത എന്നിവ ഡെൻര്‍ക്കിനെ എക്കാലത്തും വ്യത്യസ്തമാക്കുന്നു.

4Denmark

കൂടാതെ, സർക്കാരിലുള്ള വിശ്വാസം, സാമ്പത്തിക സുരക്ഷ, സ്വാതന്ത്ര്യം, സിവിൽ പങ്കാളിത്തം, മികച്ച ജോലി-ജീവിത സന്തുലിതാവസ്ഥ തുടങ്ങിയവയും ഇവിടെ കോട്ടം തട്ടാതെ നിലനില്‍ക്കുന്നു എന്നാണു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

1. ഫിന്‍ലന്‍ഡ്‌

ലോകത്തില്‍ സന്തോഷത്തിന്‍റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം ഫിന്‍ലന്‍ഡ്‌ ആണ്. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ ഒന്നാണ് ഇവിടെയുള്ളത്.

502790682

ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളേക്കാളും മുന്നിലാണ് ഫിന്‍ലന്‍ഡ്‌ ഇക്കാര്യത്തില്‍. ഈ വിദ്യാഭ്യാസ രീതി അനുസരിച്ച് അനുഭവപരിചയ പഠനത്തിനും തുല്യ അവസരത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നു.

English Summary: Happiest Countries in the World

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA