നദി മുറിച്ചു കടക്കുന്ന കൂറ്റന്‍ ഡ്രാഗണ്‍: തീ മാത്രമല്ല, വെള്ളം ചീറ്റും!

The-Dragon-Bridge
SHARE

ലോകമെങ്ങും ആരാധകരുള്ള ഒരു സങ്കല്‍പ്പമാണ് തീ തുപ്പുന്ന ഡ്രാഗണ്‍ എന്നത്. എത്ര കാലം കഴിഞ്ഞാലും അതിനൊരു പുതുമയുണ്ട്. സിനിമകളിലൂടെയും ടിവി ഷോകളിലൂടെയും കോമിക്സിലൂടെയുമെല്ലാം എല്ലാ പ്രായക്കാരുടെയും പ്രിയപ്പെട്ട ഒന്നാണത്. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഡ്രാഗണ്‍ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ, ലോകപ്രശസ്തമായ പല നിര്‍മിതികള്‍ക്കും ഡ്രാഗണ്‍ വിഷയമായിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു നിര്‍മിതിയാണ്‌ വിയറ്റ്നാമിലെ ഡാ നാംഗ് നഗരത്തില്‍, ഹാന്‍ നദിക്ക് മുകളിലായി ഉണ്ടാക്കിയ ഡ്രാഗണ്‍ ബ്രിഡ്ജ്. ഇന്ന് ഇതൊരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണം കൂടിയാണ്.

ഹാൻ നദി മുറിച്ചുകടക്കുന്ന ഈ പാലം ദിൻ ഡുവോംഗ് / ബാച്ച് ഡാംഗ് ട്രാഫിക് സർക്കിളിലാണ് ഉള്ളത്. ഡാ നാങ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഡാ നാങ് നഗരത്തിലെ മറ്റ് പ്രധാന റോഡുകളിലേക്കുള്ള എളുപ്പ വഴിയാണ് ഇത്. നഗരത്തിന്‍റെ കിഴക്കേ അറ്റത്തുള്ള ടൂറിസ്റ്റ് ആകര്‍ഷണങ്ങളായ മൈ ഖേ, നോൺ ന്യൂക് എന്നീ ബീച്ചുകളിലേക്ക് എളുപ്പത്തില്‍ എത്താനും ഈ പാലത്തിലൂടെയുള്ള റോഡിലൂടെയാണ് പോകുന്നത്. 

The-Dragon-Bridge2
By Sean Kruger/shutterstock

വിയറ്റ്നാം യുദ്ധത്തിന്‍റെ 38- ആം വാര്‍ഷികം ആഘോഷിക്കുന്നതിനു വേണ്ടിയാണ് ഡ്രാഗൺ ബ്രിഡ്ജ് നിര്‍മ്മിച്ചത്. പാലത്തിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന, മഞ്ഞ നിറത്തിലുള്ള ഈ ഭീമന്‍ ഡ്രാഗണ്‍ രൂപത്തിന് മുകളില്‍ 2,500 എൽഇഡി ലൈറ്റുകൾ ഉണ്ട്. ഈ ലൈറ്റുകള്‍ പ്രകാശിക്കുന്ന സമയത്ത് വളരെ ദൂരെ നിന്നുതന്നെ ഇത് കാണാം. കൂടാതെ ഇടയ്ക്കിടെ വെള്ളം തുപ്പുന്ന ഡ്രാഗണ്‍ ഷോയും കാണാം! 

ഇരുമ്പ്, കോൺക്രീറ്റ് എന്നിവകൊണ്ടാണ് പാലം നിർമിച്ചിട്ടുള്ളത്. ഏതാണ്ട് നാലുവര്‍ഷമെടുത്തു പണി പൂര്‍ത്തിയാകാന്‍. 666 മീറ്റർ നീളവും 37.5 മീറ്റർ വീതിയുമുള്ള ഡ്രാഗൺ ബ്രിഡ്ജില്‍ ഗതാഗതത്തിനായുള്ള ആറ് പാതകളുണ്ട്. ഏതാണ്ട് 88 മില്ല്യൺ ഡോളര്‍ ചിലവിൽ നിര്‍മ്മിച്ച പാലം, 2013 മാർച്ച് 29 നാണ് ഗതാഗതത്തിനായി തുറന്നത്. ലൂയിസ് ബെർഗർ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന്, യുഎസ് ആസ്ഥാനമായുള്ള അമ്മാൻ & വിറ്റ്നി കൺസൾട്ടിംഗ് എഞ്ചിനീയേഴ്സ് ആണ് ഈ പാലം രൂപകൽപ്പന ചെയ്തത്. 

English Summary: The Dragon Bridge is located in Vietnam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA