ADVERTISEMENT

പ്രകൃതി ഒരുക്കിയ മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്, കൂറ്റന്‍ പാറയില്‍ മനുഷ്യന്‍റെ മുഖം കൊത്തി വച്ച പോലെ കാണുന്ന 'ഹെതന്‍ മെയ്ഡന്‍'. വടക്കുപടിഞ്ഞാറൻ സ്ലൊവേനിയയിലെ ജൂലിയൻ ആൽപ്‌സിലെ ക്രാൻസ്‌ക ഗോരയ്ക്കടുത്തുള്ള പ്രിസോജ്നിക് പർവതത്തിന്‍റെ വടക്കൻ മുഖത്താണ് ഇത് കാണാനാവുന്നത്. സ്ലോവേനിയന്‍ ഭാഷയില്‍ 'അജ്ഡോവ്സ്ക ഡെക്ലിക്ക' എന്നാണു ഇതിനെ വിളിക്കുന്നത്.

ഇന്ന് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ കൗതുകം പകരുന്ന ഒരു കാഴ്ചയാണ് കല്ലിൽ കൊത്തിയ രൂപം. ലോകമെങ്ങുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ് സ്ലൊവേനിയയിലെ ജൂലിയൻ ആൽപ്‌സിലുള്ള പ്രിസോജ്നിക്, പ്രിസാങ്ക് എന്നൊക്കെ പേരുള്ള ഈ പര്‍വതം. സമുദ്രനിരപ്പിൽ നിന്ന് 2,547 മീറ്റർ ഉയരത്തിലാണ് ഇതിന്‍റെ കൊടുമുടി സ്ഥിതിചെയ്യുന്നത്. വടക്കേ ഭാഗം ക്രാഞ്ച്സ്ക ഗോരയിലേക്കും വ്രീക്ക് പാസിലേക്കും തുറക്കുന്നു. വിദഗ്ദ്ധരായ പർവതാരോഹകർക്ക് മാത്രം പോകാനാവുന്നതും സുരക്ഷിതവുമായ രണ്ട് ക്ലൈംബിങ് റൂട്ടുകൾ ഇവിടെ അടയാളപ്പെടുത്തിയിട്ടുണ്ട്. പടിഞ്ഞാറൻ ഭാഗത്ത് കോപിയാർ റൂട്ടിലൂടെ കയറുമ്പോഴാണ് ഹെതന്‍ മെയ്ഡനെ ശരിക്കും കാണാന്‍ സാധിക്കുന്നത്. വ്രീക്ക് പാസില്‍ നിന്നാണ് ഈ റൂട്ട് ആരംഭിക്കുന്നത്. ഇതിലൂടെ പോയാല്‍ പര്‍വതത്തിന്‍റെ കൊടുമുടിയിലെത്താം.

പര്‍വതത്തില്‍ നിന്നും താഴേക്ക് ഇറങ്ങാനും നിരവധി വഴികളുണ്ട്. സ്ലൊവെൻ‌സ്ക എന്ന് പേരുള്ള വഴിയാണ് ഏറ്റവും എളുപ്പം. ഇത് പെട്ടെന്ന് എത്തുന്നതും രസകരവുമായ വഴിയാണ്. ഇതിലൂടെ ഇറങ്ങിയാല്‍ പ്രിസോജ്നികിന്‍റെ തെക്ക് ചരിവിലൂടെ വ്രീക്കിലേക്ക് ഇറങ്ങാം. ജൂലിയന്‍ ആല്‍പ്സിലെ ഏറ്റവും മനോഹരമായ പർ‌വതാരോഹണ അനുഭവമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

കഥ ഇങ്ങനെ

പാറ മുകളില്‍ ആരും കൊത്തി വച്ചതല്ല ഈ രൂപം. പിന്നെങ്ങനെ ഇത് അവിടെ വന്നു? അതിനു പിന്നില്‍ ഒരു നാട്ടുകാര്‍ക്കിടയില്‍ ഒരു കഥയുണ്ട്. ഐതിഹ്യമനുസരിച്ച്, എല്ലാവരെയും സഹായിക്കുന്ന ഒരു ഗ്രാമീണ യുവതി ഉണ്ടായിരുന്നു ഈ നാട്ടില്‍. ചില കഥകളില്‍ ഇവരെ ഒരു അപ്സരസായും ആത്മാവായും ഒക്കെ ചിത്രീകരിക്കുന്നുണ്ട്. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ഭാവി മുൻകൂട്ടി പ്രവചിക്കാനും അവര്‍ക്ക് കഴിവുണ്ടായിരുന്നു.

സ്ലൊവേനിയന്‍ ഐതിഹ്യമനുസരിച്ച്, മലനിരകളില്‍ വസിക്കുന്ന 'സ്ലാറ്റോറോഗ്' എന്നൊരു മാന്ത്രിക മൃഗമുണ്ട്. ഈ മൃഗത്തെ പിടിക്കാന്‍ പോകുന്ന ഒരു കുഞ്ഞിനെ കുറിച്ച് അവര്‍ ഒരിക്കല്‍ പ്രവചിച്ചു. സ്ലാറ്റോറോഗിനെ ഈ കുഞ്ഞ് കൊല്ലും എന്നും അവര്‍ പറഞ്ഞു. ഇത് യുവതിയുടെ സഹോദരന്മാരെ പ്രകോപിപ്പിച്ചു. അവര്‍ ഒരു കല്ലായി പോകട്ടെ എന്ന് അവര്‍ ശപിച്ചു. അങ്ങനെ പ്രിസോജ്നിക് പർവതത്തിലുണ്ടായിരുന്ന തന്‍റെ വീട്ടിലെത്തിയപ്പോള്‍ അവര്‍ ഈ കല്ലായി രൂപാന്തരം പ്രാപിച്ചു എന്നാണു കഥ.

English Summary: The “Pagan Girl” – a face in the cliffs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com