കാടിനുള്ളിൽ തകര്‍ന്നുവീണ വിമാനമല്ല, ആഡംബര ഹോട്ടലാണ്

costa-verde-airplane-hotel3
Image From Hotel Costa Verde Official Site
SHARE

ലോകത്തിലെ ഏറ്റവും മനോഹരമായ നാഷണല്‍ പാര്‍ക്കുകളില്‍ ഒന്നാണ് കോസ്റ്റാറിക്കയുടെ പസഫിക് തീരത്ത്, സെൻട്രൽ പസിഫിക് കൺസർവേഷൻ ഏരിയയിലുള്ള മാന്വേല്‍ അന്റോണിയോ. പുൻററെനാസ് പ്രോവിൻസിലെ ക്വെപ്പോസ് നഗരത്തിന് തെക്കായി ദേശീയ തലസ്ഥാനമായ സാൻ ജോസിൽനിന്ന് 132 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം, വര്‍ഷംതോറും പതിനായിരക്കണക്കിന് ആളുകളാണ് സന്ദര്‍ശിക്കുന്നത്. 1983 ഹെക്ടർ വിസ്തൃതിയില്‍, മനോഹരമായ ബീച്ചുകളും മലകയറ്റത്തിനായുള്ള റൂട്ടുകളുമെല്ലാമടങ്ങിയ മാന്വല്‍ അന്റോണിയോ കോസ്റ്റാറിക്കയിലെ മറ്റു ദേശീയോദ്യാനങ്ങളേക്കാള്‍ ചെറുതാണെങ്കിലും അവയ്ക്കൊന്നുമില്ലാത്ത ഒരു പ്രത്യേകത ഇവിടെയുണ്ട്; കാട്ടിനുള്ളില്‍ വീണുപോയത് പോലെ കിടക്കുന്ന ഒരു വിമാനത്തിന്‍റെ രൂപത്തില്‍ നിര്‍മിച്ച ഹോട്ടല്‍!

costa-verde-airplane-hotel6
Image From Hotel Costa Verde Official Site

കാടിനുള്ളിലെ വിമാന ഹോട്ടൽ

കോസ്റ്റാറിക്കൻ കാടിന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കോസ്റ്റ വെർഡെ ഹോട്ടൽ സമുച്ചയത്തിനുള്ളിലാണ് അസാധാരണമായ ഈ ഹോട്ടൽ. 1965 കാലത്ത് നിന്നുള്ള ഒരു ബോയിങ് 727 വിമാനം പരിവർത്തനം ചെയ്താണ് ഈ ഹോട്ടല്‍ ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ 727 ഫ്യൂസ്ലേജ് ഹോം എന്നാണ് ഇതിനു പേര്. 

costa-verde-airplane-hotel1
Image From Hotel Costa Verde Official Site

ഒരുകാലത്ത് ദക്ഷിണാഫ്രിക്ക എയർ, ഏവിയങ്ക എയർലൈൻസ് എന്നിവയ്ക്കായി സേവനം നടത്തിയിരുന്ന ഇൗ വിമാനം സാൻ ജോസ് വിമാനത്താവളത്തിൽ നിന്നുമാണ് കണ്ടെടുത്തത്. ഇത് കഷണങ്ങളായി പൊളിച്ച് മാറ്റി ഏകദേശം 50 അടി ഉയരമുള്ള ഒരു പീഠത്തിനു മുകളില്‍ വച്ച് പുനർനിർമിക്കുകയായിരുന്നു. ഏറ്റവും മികച്ച രീതിയിൽ റീസൈക്ലിംഗ് ചെയ്ത വസ്തുക്കള്‍ക്ക് ഒരു ഉത്തമ ഉദാഹരണമായാണ് ഈ 'കലാസൃഷ്ടി' ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനുവേണ്ടിവന്ന ചിലവ് വളരെ കൂടുതലായിരുന്നെങ്കിലും ഈ കാഴ്ച കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണം നോക്കുമ്പോള്‍, അത് ഒന്നുമല്ല.

costa-verde-airplane-hotel
Image From Hotel Costa Verde Official Site

ചുറ്റുമുള്ള പ്രകൃതിയുമായി കൃത്യമായി ഇഴുകിച്ചേരുന്ന വിധത്തിലാണ് വിമാനത്തിന്‍റെ നിര്‍മാണം. ഇതിനുള്ളിലേക്ക് കയറാന്‍ കോണിപടിയുണ്ട്. പൂര്‍ണ്ണമായും തേക്കില്‍ പൊതിഞ്ഞ രണ്ട് സ്യൂട്ടുകളും ജാവയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള മരം ഉപയോഗിച്ച് കൈകൊണ്ട് നിർമിച്ച ഫർണിച്ചറുകളും വിമാനത്തിനുള്ളിൽ ഉണ്ട്. എല്ലാ മുറിയിലും എയർ കണ്ടീഷനിങ്, സ്വകാര്യ കുളിമുറി, അടുക്കള, സാറ്റലൈറ്റ് ടിവി, കടൽക്കാഴ്ചയൊരുക്കുന്ന ടെറസ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

costa-verde-airplane-hotel5
Image From Hotel Costa Verde Official Site

തകര്‍ന്നുവീണ ശേഷം മരത്തലപ്പുകളില്‍ കുടുങ്ങിപ്പോയ ഒരു വിമാനം പോലെയാണ് 727 ഫ്യൂസ്ലേജ് ഹോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹോട്ടലായി രൂപാന്തരപ്പെടുത്തിയ വിമാനങ്ങള്‍ വേറെയും ലോകത്തുണ്ട്. 

1972- ലാണ് മാന്വേൽ അൻറോണിയോ ദേശീയോദ്യാനം പ്രവർത്തനമാരംഭിച്ചത്. 2011ൽ ഫോർബ്സ് മാഗസിൻ, ഇതിനെ ലോകത്തിലെ 12 ഏറ്റവും മനോഹരമായ ദേശീയ പാർക്കുകളിലൊന്നായി പട്ടികപ്പെടുത്തിയിരുന്നു.

English Summary: Boeing 727 Airplane treetop hotel in Costa Rica

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA