കൗതുകമായി സൗദി അറേബ്യയിലെ ഭീമന്‍ ആനക്കല്ല്!

Elephant-Rock-in-Saudi-Arabia1
By Osama Ahmed Mansour/shutterstock
SHARE

പല രൂപങ്ങളിലുള്ള പാറക്കെട്ടുകള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുമുണ്ട്. വിദൂരമായ പ്രദേശങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന, ഇവയില്‍ പലതിനെയും കുറിച്ച് ലോകമറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോഗ്രാഫര്‍മാര്‍ പങ്കുവച്ച ചിത്രങ്ങളിലൂടെയാണ്. ലെബനനിലെ റൗച്ചെ പാറയും, ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന യു എസിന്‍റെ മരുഭൂ പ്രദേശങ്ങളില്‍ കാണുന്ന പ്രശസ്തമായ മറ്റ് പാറകളും പോലെ, സൗദി അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്തുള്ള അൽ-ഉലയിലെ എലിഫന്‍റ്  റോക്കും ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, തുമ്പിക്കൈ നിലത്ത് കുത്തി നില്‍ക്കുന്ന ഒരു ആനയുടെ രൂപമാണ് ഇതിന്. നൂറുകണക്കിന് ചെറിയ പാറകള്‍ ഇതിനു ചുറ്റുമായി ഉണ്ട്. 52 മീറ്റർ ഉയരമുണ്ട് ഈ ഭീമന്‍ ആനപ്പാറയ്ക്ക്. മണ്ണൊലിപ്പ് മൂലം വലിയൊരു പാറയുടെ ദുര്‍ബലമായ ഭാഗങ്ങള്‍ അടര്‍ന്നടര്‍ന്ന്, ദശലക്ഷക്കണക്കിന് വർഷങ്ങളെടുത്താണ് പാറയ്ക്ക് ഈ രൂപം കൈവന്നതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. വൈകുന്നേരങ്ങളില്‍ പ്രകാശപൂരിതമാകുന്ന ഈ പ്രദേശം നൂറ്റാണ്ടുകള്‍ക്ക് മുന്‍പേയുള്ള കാലത്തിന്‍റെ പ്രതീതിയാണ് സന്ദര്‍ശകര്‍ക്ക് നല്‍കുക. ഇന്‍സ്റ്റഗ്രാമിലും മറ്റും നിരന്തരം പങ്കുവെച്ചു കൊണ്ട് ലോകമെങ്ങുമുള്ള കൂടുതല്‍ സഞ്ചാരികളിലേക്ക് ഈ സുന്ദരദൃശ്യം എത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

Elephant-Rock-in-Saudi-Arabia
By Hyserb/shutterstock

റിയാദിൽ നിന്ന് 1,100 കിലോമീറ്റർ അകലെയുള്ള അലുല, 22,561 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണ്. സമൃദ്ധമായ മരുപ്പച്ച നിറഞ്ഞ താഴ്‌‌‌‌വര ഉയരമുള്ളതും വിചിത്രമായ രൂപഘടനയുള്ളതുമായ മണൽക്കല്ലുകളും ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള സാംസ്കാരിക പൈതൃക സ്ഥലങ്ങളുമെല്ലാം ഇവിടെയുണ്ട്. ലിഹ്യാന്‍, നബറ്റിയൻ സാമ്രാജ്യകാലത്തെ നിരവധി ശേഷിപ്പുകള്‍ ഇവിടെ കാണാം. 

അലുലയെ സൗദിയുടെ ഹോട്ട് ടൂറിസം സ്പോട്ടുകളില്‍ ഒന്നായി മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് റോയല്‍ കമ്മീഷന്‍ ഫോര്‍ അലുല ഇപ്പോള്‍. അലുലയെ സംരക്ഷിക്കുന്നതിനും പരിരക്ഷിക്കുന്നതിനുമായി രാജകീയ ഉത്തരവ് വഴി, 2017 ജൂലൈയിൽ സ്ഥാപിച്ചതാണ് റോയല്‍ കമ്മീഷന്‍ ഫോര്‍ അലുല. ഈ പ്രദേശത്തിന്‍റെ സുസ്ഥിര പരിവർത്തനത്തിനായുള്ള ദീർഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കുകയാണ് ഇതിന്‍റെ ലക്ഷ്യം. ഇത് മുന്‍നിര്‍ത്തിയുള്ള വിവിധ ക്യാമ്പയിനുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി എലിഫന്‍റ്  റോക്ക് ഉള്‍പ്പെടെയുള്ള ഹെറിറ്റേജ് സൈറ്റുകൾ വര്‍ഷം മുഴുവന്‍ സഞ്ചാരികള്‍ക്കായി തുറന്നിരിക്കും. പുതിയ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സാഹസിക അനുഭവങ്ങൾ എന്നിവ മുൻ‌കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ടാകും. 

സൗദി അറേബ്യയുടെ ആദ്യത്തെ യുനെസ്കോ ലോക പൈതൃക സൈറ്റായ ഹെഗ്രയാണ് അലുലയിലെ മറ്റൊരു പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്പോട്ട്. നബറ്റിയൻ സാമ്രാജ്യത്തിന്‍റെ പ്രധാനപ്പെട്ട ഒരു തെക്കൻ നഗരമായിരുന്നു ഹെഗ്ര. 52 ഹെക്ടർ വിസ്തൃതിയുള്ള ഈ പുരാതന നഗരത്തില്‍ നൂറിലധികം സംരക്ഷിത ശവകുടീരങ്ങൾ കാണാം. നബറ്റീയരെ കീഴടക്കിയതിനുശേഷം റോമൻ സാമ്രാജ്യത്തിന്‍റെ തെക്കേ അറ്റമായിരുന്നു ഹെഗ്രയെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ഹെഗ്രയ്ക്ക് പുറമേ, ചരിത്രമുറങ്ങുന്ന സ്ഥലങ്ങളായ പുരാതന ദാദൻ, ജബൽ ഇക്മയിലെ ആയിരക്കണക്കിന് പുരാതന ആർട്ട് സൈറ്റുകളും ലിഖിതങ്ങളും, പന്ത്രണ്ടാം നൂറ്റാണ്ടിലെ 900 ലധികം ചെളി ഇഷ്ടിക വീടുകള്‍, ലോറൻസ് ഓഫ് അറേബ്യയുടെ കഥകളുറങ്ങുന്ന ഹിജാസ് റെയിൽ‌വേ, ഹെഗ്ര കോട്ട എന്നിവയും ഇതിനടുത്ത് സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം.

English Summary: Elephant Rock in Saudi Arabia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA