ഈ ചില്ലുപാലം സത്യമോ അതോ തട്ടിപ്പോ?; ചുറ്റും അവിശ്വസനീയമായ താഴ്‍‍വരകള്‍

Bridge
Image From Youtube
SHARE

കിഴക്കന്‍ ചൈനയിലെ തായ്ഷോ നഗരത്തിലുള്ള ഷെൻ‌സിയാൻ‌ജു പ്രദേശത്തുള്ള അടിപൊളി കാഴ്ചയാണ് "റൂയി ബ്രിഡ്ജ്" എന്ന് പേരുള്ള പാലം. പ്രത്യേക ആകൃതിയില്‍ രണ്ടു കൊടുമുടികളെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മിച്ചിട്ടുള്ള പാലം ഈയിടെ ഇന്‍റര്‍നെറ്റിലൂടെ ലോകമെങ്ങും വൈറലായി.

ചൈനയിലെ വളരെ സുന്ദരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് കിഴക്കൻ ചൈനാ കടലിനടുത്തു സ്ഥിതി ചെയ്യുന്ന ഷെൻ‌സിയാൻ‌ജു. 158 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഈ പ്രദേശം പ്രകൃതിദൃശ്യങ്ങളാല്‍ സമ്പന്നമാണ്. ആകര്‍ഷകമായ പർവ്വതങ്ങളും താഴ്‍‍‍വരകളും നദികളും പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടങ്ങളും വനങ്ങളും ഗുഹകളും കൊടുമുടികളുമെല്ലാം ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. വടക്ക് ഭാഗത്തുള്ള ഡാലി പർവതം, കുവാചാങ് പർവതം എന്നിവയും ഷെൻ‌സിയാൻ‌ജു, ജിങ്‌സിങ് പർവതം, ഷിസാന്ദു, ഗോങ്‌യു, ഡാൻ‌ജു, ജനറൽ റോക്ക്, സ്ലീപ്പിങ് ബ്യൂട്ടി, ഫ്ലൈയിങ് വെള്ളച്ചാട്ടം തുടങ്ങിയവയും ഇവിടെയുണ്ട്. വര്‍ഷം മുഴുവനും മികച്ച കാലാവസ്ഥയാണ് എന്നതും ഈ പ്രദേശം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.

ഷെൻ‌സിയാൻ‌ജു താഴ്‌വരയ്ക്ക് കുറുകെ നിര്‍മിച്ച 100 മീറ്റർ വിസ്തൃതിയുള്ള ഈ പാലം 140 മീറ്ററിലധികം ഉയരത്തിലാണ് നിർമിച്ചിട്ടുള്ളത്. പരമ്പരാഗതമായി ചൈനയിലെ ശക്തിയുടെയും ഭാഗ്യത്തിന്‍റെയും പ്രതീകമായി വിശ്വസിക്കപ്പെടുന്ന അലങ്കാര ചെങ്കോലായ ജേഡ് റൂയിയുടെ ആകൃതിയിലാണ് ഈ പാലം നിര്‍മിച്ചിരിക്കുന്നത്; അങ്ങനെയാണ് പാലത്തിന് ആ പേര് വന്നതും.

സുതാര്യമായ ഗ്ലാസ് കൊണ്ടാണ് പാലത്തിന്‍റെ ഡെക്ക് നിർമിച്ചിട്ടുള്ളത്. മൂന്ന് പാലങ്ങൾ ചേര്‍ന്നുള്ള ഘടനയാണ് ഈ പാലത്തിനുള്ളത്. 2008 ബീജിങ് ഒളിമ്പിക് ഗെയിംസിന്‍റെ പ്രധാന സ്റ്റേഡിയമായ ബേർഡ് നെസ്റ്റ് രൂപകൽപ്പന ചെയ്ത ടീമിലുണ്ടായിരുന്ന ഡിസൈനർ ഹീൽ യുഞ്ചാങ് ആണ് ഈ പാലത്തിന്‍റെ നിര്‍മാണത്തിനു പിന്നില്‍. 2020 സെപ്റ്റംബർ അവസാനത്തിൽ തുറന്നതിനുശേഷം ലക്ഷക്കണക്കിന് സന്ദർശകരാണ് ഈ പാലം കാണാന്‍ ഇവിടെയെത്തിച്ചേര്‍ന്നത്.

2021 ജനുവരിയിലാണ് റൂയി ബ്രിഡ്ജിന്‍റെ വീഡിയോ ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. പലരും ഇത് ശരിക്കുമുള്ള ഒരു പാലമാണെന്ന് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല, അനിമേറ്റ് ചെയ്ത് ഉണ്ടാക്കി ആരോ പ്രചരിപ്പിച്ച വിഡിയോ ആണിതെന്നാണ് കൂടുതല്‍ പേരും കരുതിയത്. ഷെൻ‌സിയാൻ‌ജു ഏരിയയുടെ ഔദ്യോഗിക വെയ്‌ബോ അക്കൌണ്ട് അനുസരിച്ച്, റൂയി പാലത്തിന്‍റെ നിർമ്മാണം 2017 ൽ ആരംഭിക്കുകയും, 2020 സെപ്റ്റംബറിൽ പാലം ജനങ്ങള്‍ക്കായി തുറക്കുകയും ചെയ്തു എന്ന് പറയുന്നു. കാല്‍നട യാത്രക്കാര്‍ക്കും സൈക്ലിസ്റ്റുകള്‍ക്കും പാലത്തിലൂടെ സഞ്ചരിക്കാം. 

English Summary: Eccentric Chinese bridge

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA