ADVERTISEMENT

അതിസുന്ദരമായ ബീച്ചുകളും ദ്വീപുകളും തീം പാര്‍ക്കുകളും ജലവിനോദങ്ങളും വര്‍ണാഭമായ നിശാപാര്‍ട്ടികളുമെല്ലാമായി ടൂറിസ്റ്റുകള്‍ക്ക് വേണ്ടതെല്ലാം ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാന്‍ഡ് സംസ്ഥാനത്തുള്ള ഗോള്‍ഡ്‌ കോസ്റ്റ് നഗരത്തിലുണ്ട്. ടൂറിസം നഗരത്തിന്‍റെ ഏറ്റവും വലിയ വരുമാന സ്രോതസ്സാണ്. വിനോദ സഞ്ചാരം വഴി പ്രതിവർഷം 4.4 ബില്യൺ ഡോളറിലധികം വരുമാനം ലഭിക്കുന്നു എന്ന് മാത്രമല്ല, ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന നാലു മേഖലകളില്‍ ഒന്നുകൂടിയാണ്. പ്രതിവർഷം 10 ദശലക്ഷം സഞ്ചാരികൾ ഗോൾഡ് കോസ്റ്റ് സന്ദർശിക്കുന്നു എന്നാണു കണക്ക്.

ക്വീൻസ്‌ലാന്‍ഡിലെ രണ്ടാമത്തെ വലിയ നഗരം കൂടിയായ ഗോൾഡ് കോസ്റ്റിലെ മറ്റൊരു പ്രധാനപ്പെട്ട വിനോദമാണ്‌ മീന്‍പിടിത്തം. ഇതിനായുള്ള നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്. 330 മില്യൺ ഡോളറിന്‍റെ ബോട്ട് നിർമാണമാണ് ഇവിടെ എല്ലാവര്‍ഷവും നടക്കുന്നത്. ഇവയില്‍ 70% ബോട്ടുകളും മത്സ്യബന്ധനത്തിനായാണ് ഉപയോഗിക്കുന്നത്. തലമുറകളായി കടലിനോടുള്ള അടുപ്പം കാത്തുസൂക്ഷിച്ച്, മെഡിറ്ററേനിയൻ ജീവിതശൈലി നയിക്കുന്നവരാണ് ഇവിടുത്തുകാര്‍. അതുകൊണ്ടുതന്നെ ഒഴിവുദിനങ്ങളും കടലില്‍ത്തന്നെ ചിലവഴിക്കാനാണ് നാട്ടുകാരില്‍ കൂടുതലും ഇഷ്ടപ്പെടുന്നത്.

fishing1
Image From Gold Coast Fishing Charters Facebook Page

മിക്കവാറും എല്ലാവരും തന്നെ ബോട്ടിങ് ഇഷ്ടപ്പെടുന്നവരാണ് ഇവിടെ. ഓസ്ട്രേലിയയില്‍ ഓരോ 23 പേരിൽ ഒരാൾക്ക് ബോട്ടിങ് സൗകര്യമുണ്ട് എന്നാണ് കണക്ക്. ക്വീൻസ്‌ലാന്റിലെ ജനസംഖ്യയുടെ ഏകദേശം 34% പേരും സ്ഥിരമായി ബോട്ടിങ് യാത്രകൾ നടത്തുന്നവരാണ്. അതുകൊണ്ടുതന്നെ, സമുദ്ര സാഹസികത അന്വേഷിച്ച് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ് ഇവിടം.

ആഴക്കടലിലുള്ള മീന്‍പിടിത്തം

ആഴക്കടലിലുള്ള മീന്‍പിടിത്തമാണ് ഗോള്‍ഡ്‌കോസ്റ്റില്‍ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ത്രസിപ്പിക്കുന്ന അനുഭവം. കുടുംബത്തോടൊപ്പം ഇതിനായി വരുന്ന സഞ്ചാരികള്‍ ഏറെയാണ്‌. ഓരോ സീസണിലും ഓരോ തരം അനുഭവമാണ് ഇത് നല്‍കുക. അതുകൊണ്ടുതന്നെ, മീന്‍പിടിത്ത യാത്രക്ക് പുറപ്പെടും മുന്‍പ് സീസണ്‍ നോക്കി പോകുന്നതാണ് നല്ലത്. 

fishing
Image From Gold Coast Fishing Charters Facebook Page

ചൂടുള്ള സമയത്താണ് ഗോൾഡ് കോസ്റ്റ് പ്രദേശത്ത് മീന്‍ പിടിക്കാനുള്ള ഏറ്റവും നല്ല സമയം. ഈ സമയത്ത് നിരവധി ചെറിയ മീനുകള്‍ ഇവിടേക്ക് നീന്തിയെത്തും. അവയെ പിന്തുടര്‍ന്ന് വലിയ മത്സ്യങ്ങളും എത്തുന്നതിനാല്‍ ഈ സമയത്തെ മീന്‍പിടിത്തം താരതമ്യേന എളുപ്പമാണ്. ഈ സമയത്ത് അയല, വഹൂ, മാർലിൻ തുടങ്ങിയ മത്സ്യങ്ങളാണ് ഈ സമയത്ത് കൂടുതലും കാണുന്നത്. ഭാഗ്യമുണ്ടെങ്കിൽ, മാഹി മാഹി ഇനത്തിലുള്ള മത്സ്യങ്ങളെയും കിട്ടും. നവംബർ മുതൽ മെയ് വരെയുള്ള സമയമാണ് ചൂടുള്ള മാസങ്ങള്‍. 

ഡിസംബർ എന്നാല്‍ വേനൽക്കാലമാണ് ഗോള്‍ഡ്‌കോസ്റ്റില്‍. ബ്ലൂ ആന്റ് ബ്ലാക്ക് മാർലിൻ, മാഹി മാഹി, വഹൂ, സെയിൽഫിഷ് എന്നിവയുടെ സീസണാണ് ഈ സമയം.ആഴക്കടൽ മത്സ്യബന്ധന ടൂറുകള്‍ക്ക്, ഗോൾഡ് കോസ്റ്റിലെ ഏറ്റവും മികച്ച സമയമാണ് ജനുവരി. ജനുവരി തുടക്കത്തിൽ തന്നെ ഫിഷിംഗ് ടൂറുകള്‍ സജീവമായിത്തുടങ്ങും. സെയിൽ ഫിഷ്, ബ്ലാക്ക് മാർലിന്‍, സ്പാനിഷ് അയല, വഹൂ തുടങ്ങിയ മത്സ്യങ്ങളാണ് ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ കാണുന്നത്. 

ശരത്കാലം ആരംഭിക്കുമ്പോൾ ഗോൾഡ് കോസ്റ്റ് പ്രദേശത്തെ താപനില 61-77 ഫാരന്‍ഹീറ്റ് ആയി കുറയുന്നു. യെല്ലോടൈൽ കിംഗ്ഫിഷ് അല്ലെങ്കിൽ ആംബർജാക്ക് പോലുള്ള മത്സ്യങ്ങളാണ് ഈ സമയത്ത് കാണുന്നത്. മേയ് മാസത്തില്‍ യെല്ലോഫിൻ ട്യൂണ, ഹം‌പ്ബാക്ക് തിമിംഗലങ്ങൾ എന്നിവയെ കണ്ടുമുട്ടാനുള്ള അവസരവും കിട്ടും. 

മീന്‍പിടിത്തത്തിന് പൊതുവേ, ഏറ്റവും മികച്ചത് ഉദയാസ്തമന സമയങ്ങളാണ്. മാത്രമല്ല, യാത്ര തുടങ്ങുംമുമ്പേ ഓരോ ദിവസത്തെയും വേലിയേറ്റ ചാര്‍ട്ടുകളും പരിശോധിക്കേണ്ടതുണ്ട്. കൂടുതല്‍ തിരമാലകള്‍ ഉള്ള സമയത്താണ് മത്സ്യങ്ങളും കൂടുതലുണ്ടാകുന്നത്. 

ടൂറിസ്റ്റുകള്‍ക്ക് വേണ്ട എല്ലാ തരം വിനോദങ്ങളും ഗോള്‍ഡ്‌കോസ്റ്റിലുണ്ട്. ഒരു ഫുള്‍ പാക്കേജ് എന്ന് വിളിക്കാം ഈ നഗരത്തെ. ഏകദേശം 60 കിലോമീറ്റർ നീളത്തില്‍ പരന്നുകിടക്കുന്ന മനോഹരമായ ബീച്ചുകളും 600 കിലോമീറ്റർ നീളമുള്ള കനാലുകളും 100,000 ഹെക്ടർ വിസ്തൃതിയുള്ള പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളും 40 ഗോൾഫ് കോഴ്സുകളും അഞ്ച് തീം പാർക്കുകളും നഗരത്തിലുണ്ട്. അതുകൊണ്ടുതന്നെ ലോകമെമ്പാടു നിന്നും സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തുന്നു. ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന അഞ്ചാമത്തെ നഗരമാണ് ഗോള്‍ഡ്‌കോസ്റ്റ്. 

English Summary: sea fishing Trips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com