ADVERTISEMENT

വിസ്മയിപ്പിക്കുന്ന കാഴ്ചകളൊരുക്കി മനുഷ്യനെ കാത്തിരിക്കുന്ന ചിലയിടങ്ങളുണ്ട്. പർവതാഗ്രങ്ങളും കടലിന്റെ അടിത്തട്ടുകളും ഹരിതാഭയിൽ മുങ്ങി നിൽക്കുന്ന താഴ്‍‍‍വരകളുമൊക്കെ അതിനുദാഹരണങ്ങളാണ്. കൊച്ചോളങ്ങളുടെ മനോഹാരിതയിൽ മുഴുകിയും ജലോപരിതലത്തിലെയും അടിത്തട്ടിലേയും കാഴ്ചകള്‍ ആസ്വദിച്ചും  സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുകയാണ് ഓട്ടർ ഇൻ. ചെറുതെങ്കിലും വളരെ മനോഹരമായി ഒരുക്കിയിരിക്കുന്ന ഈ ഒഴുകുന്ന ഹോട്ടൽ ധാരാളം സഞ്ചാരികളെ ആകർഷിക്കുന്നയിടങ്ങളിലൊന്നാണ്.

സ്വീഡനിലെ വാസ്റ്റെറാസ് നഗരത്തിനു എതിർവശത്തായി, മലാരെൻ തടാകത്തിനു മധ്യഭാഗത്തായാണ് ഓട്ടർ ഇൻ സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെയും ചുറ്റുമുള്ള നഗരത്തിന്റെയും കാഴ്ചകൾ ആസ്വദിക്കാനും രണ്ടു പേർക്കു സുഖമായി താമസിക്കാനുമുള്ള എല്ലാവിധ സൗകര്യങ്ങളും ഈ ഒഴുകുന്ന ഹോട്ടലിലുണ്ട്. മിഖായേൽ ഗെൻബെർജഡ് എന്ന ശില്പിയാണ് ഓട്ടർ ഇന്നിന്റെ നിർമാണത്തിനു പുറകിൽ. പുരാതന സ്വീഡിഷ് ഭവനങ്ങളെ ഓർമപ്പെടുത്തുന്ന രീതിയിലാണ് ഹോട്ടലിന്റെ നിർമിതി.

ഒഴുകുന്ന ഹോട്ടലിൽ താമസിക്കാം

താമസത്തിനായി ഇരുമുറികൾ മാത്രമാണ് ഇവിടെയുള്ളത്. അതിലൊന്ന് ജലോപരിതലത്തിലും മറ്റൊന്ന് സജ്ജമാക്കിയിരിക്കുന്നത് തടാകത്തിനടിയിൽ മൂന്നുമീറ്ററോളം താഴ്ചയിലുമാണ്. അടുക്കളയും ശുചിമുറിയുമാണ് മുകൾത്തട്ടിലുള്ളത്. ചെറിയൊരു ഗോവണിയുടെ സഹായത്തോടെ താഴോട്ടിറങ്ങാം. തടാകത്തിന്റെ അടിത്തട്ടിലുള്ള കാഴ്ചകളെല്ലാം കാണാവുന്ന തരത്തിലാണ് കിടപ്പു മുറി ക്രമീകരിച്ചിരിക്കുന്നത്. രണ്ടു പേർക്ക് താമസിക്കാനുള്ള സൗകര്യം മാത്രമേ ഇവിടെയുള്ളൂ. 

ചെറു ബോട്ടിൽ തടാകത്തിലൂടെ സവാരി നടത്താനും ചുറ്റുമുള്ള ദ്വീപുകൾ സന്ദർശിക്കാനുമുള്ള  അവസരം ഇവിടെത്തുന്ന സഞ്ചാരികൾക്കുണ്ട്. 

സ്റ്റോക്ക്ഹോമിൽ നിന്നും ഒന്നര മണിക്കൂർ യാത്ര ചെയ്താൽ ഈ ചെറു ഹോട്ടലിൽ എത്തിച്ചേരാം. വാസ്റ്റെറാസിന്റെ തീരത്തു നിന്നും ഒരു കിലോമീറ്റർ മാത്രമാണ് ഓട്ടർ ഇന്നിലേയ്ക്കുള്ള ദൂരം. ഏപ്രിൽ  മുതൽ ഒക്ടോബർ വരെയുള്ള ചൂട് കൂടുതലുള്ള മാസങ്ങളിൽ മാത്രമേ ഈ ഹോട്ടൽ പ്രവർത്തിക്കുകയുള്ളൂ.

English Summary: Utter Inn Floating House On The Lake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com