ടൂറിസത്തിലെ പുലിക്കുട്ടികള്‍; വെന്നിക്കൊടി പാറിച്ച സാന്തമോണിക്കയിലെ സ്ത്രീകള്‍

santa-monica5
SHARE

തെക്കന്‍ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് കൗണ്ടിയുടെ പടിഞ്ഞാറ് ഭാഗത്തായി, പസഫിക് സമുദ്രതീരത്ത് സ്ഥിതിചെയ്യുന്ന ഒരു ടൂറിസ്റ്റ് നഗരമാണ് സാന്താമോണിക്ക. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് ഇവിടം ഒരു കടല്‍ത്തീര വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാന്‍ ആരംഭിച്ചത്. പിന്നീടിങ്ങോട്ട്‌, ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ലോകത്തിലെ ഏറ്റവും റിയൽ എസ്റ്റേറ്റ് മൂല്യമുള്ള സമ്പന്ന ബീച്ച് നഗരമായി സാന്താമോണിക്ക വളർന്നു. ഇന്ന് ലോകത്ത് ഏറ്റവും ഉയര്‍ന്ന ജീവിത നിലവാരമുള്ള നഗരങ്ങളില്‍ ഒന്നാണ് ഇവിടം. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മ്യൂസിയങ്ങള്‍, ഗാലറികള്‍, മറ്റു വിനോദങ്ങള്‍ തുടങ്ങി ടൂറിസ്റ്റുകള്‍ക്ക് വേണ്ട എല്ലാവിധ ലക്ഷ്വറി സൗകര്യങ്ങളും സാന്താമോണിക്കയിലുണ്ട്.

സാന്താമോണിക്കയുടെ രണ്ട് പ്രധാന ആകർഷണങ്ങളാണ് ഷോപ്പിങ്ങും ഭക്ഷണവും. എവിടെ നോക്കിയാലും കഫേകളും റെസ്റ്റോറന്റുകളും കാണാം. ഇവയില്‍ പല ബിസിനസ് സംരംഭങ്ങളുടെയും പിന്നില്‍ സ്ത്രീകളാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം. ഉയര്‍ന്ന വിദ്യാഭ്യാസവും സാംസ്‌കാരിക നിലവാരവും സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന ബഹുമാനവും എല്ലാം കാരണം സാന്താമോണിക്കയില്‍ സംരംഭകരായ സ്ത്രീകള്‍ക്ക് ലോകത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും അനുഭവിക്കേണ്ടി വരുന്ന വെല്ലുവിളികള്‍ ഇല്ല എന്നുതന്നെ പറയാം. ഇങ്ങനെ സ്ത്രീകള്‍ നടത്തുന്ന പല സ്ഥാപനങ്ങളും ആഗോളതലത്തില്‍ തന്നെ ടൂറിസ്റ്റുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. വര്‍ഷങ്ങളായി വിജയകരമായി ബിസിനസ് നടത്തി വെന്നിക്കൊടി പാറിച്ച അങ്ങനെയുള്ള ചില വനിതകളെയും അവരുടെ സ്ഥാപനങ്ങളെയും പരിചയപ്പെടാം.

santa-monica1

സൊകാലോ

എഴുപതുകളുടെ അവസാനത്തിലാണ് ചിക്കാഗോയിലെ പ്രശസ്തമായ ലെ പെറോക്വെറ്റില്‍ ജോലി ചെയ്തിരുന്ന മേരി സ്യൂ മില്ലിക്കനും സൂസൻ ഫെനിഗറും ലോസ് ആഞ്ചലസിലേക്ക് കൂടുമാറുന്നത്. 1981 ൽ ഇരുവരും ചേര്‍ന്ന് തങ്ങളുടെ റെസ്റ്റോറന്‍റ് സാമ്രാജ്യത്തിനു തുടക്കം കുറിച്ചു. അങ്ങനെയാണ് സൊകാലോ പിറവിയെടുക്കുന്നത്. വ്യത്യസ്തമായ രുചികളും ഹൃദ്യമായ പെരുമാറ്റവും കൊണ്ട് അല്‍പ്പകാലം കൊണ്ടുതന്നെ സൊകാലോ ടൂറിസ്റ്റുകള്‍ അടക്കമുള്ള സന്ദര്‍ശകരുടെ ഹൃദയത്തില്‍ ഇടം നേടി. ഗേറ്റ്‌വേ ഹോട്ടലിലാണ്‌ ഈ മിഡ്-സിറ്റി കാന്‍റീന്‍ ഉള്ളത്.

പുരുഷാധിപത്യത്തെ വെല്ലുവിളിച്ചു കൊണ്ട് സ്വന്തം വിധി തങ്ങള്‍ തന്നെ മാറ്റിയെഴുതാന്‍ തീരുമാനിച്ചതിന്‍റെ ഫലമാണ് സൊകാലോ എന്നാണ് മില്ലിക്കന്‍ തങ്ങളുടെ ഈ വിജയത്തെ വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നത്. പാചകപുസ്തക രചയിതാക്കൾ, ഫുഡ് നെറ്റ്‌വർക്ക് ഹോസ്റ്റുകൾ, എൽജിബിടിക്യു അവകാശങ്ങൾക്കായി പോരാടുന്നവര്‍, വനിതാ ഷെഫ്, റെസ്റ്റോറന്റേഴ്സ്, ഷെഫ്സ് സഹകരണസംഘം എന്നിവയുടെ സ്ഥാപക അംഗങ്ങൾ എന്നീ നിലകളിലും സജീവമാണ് ഈ പുലിക്കുട്ടികള്‍.

ദി നൗ മസാജ് 

എല്ലാം മറന്ന് റിലാക്സ് ചെയ്യാനായി യാത്ര ചെയ്യുന്നതിനിടെ ഒരു കിടിലന്‍ മസാജ് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. ആ കാര്യം മനസിലാക്കിയാണ് ലൈഫ് കോച്ചുകളും തെറാപ്പിസ്റ്റുകളുമായ ഗര പോസ്റ്റ്‌, എയ്മി ക്രോഫ്ചിക് എന്നിവര്‍ സാന്ത മോണിക്കയില്‍ 'ദി നൗ' മസാജ് സെന്‍റര്‍ ആരംഭിച്ചത്. സ്വന്തം ശരീരം ശ്രദ്ധിക്കുക എന്നത് ആഡംബരം അല്ല, മറിച്ച് അതൊരു ആവശ്യം ആണെന്ന ആശയമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്. ന്യായമായ നിരക്കില്‍, ദൈര്‍ഘ്യമേറിയതും അല്ലാത്തതുമായ മസാജ് സ്കീമുകള്‍ ഇവിടെയുണ്ട്.

santa-monica2

ഹോട്ടല്‍ ഷാന്‍ഗ്രില

സാന്താമോണിക്കയിലെ 1301 ഓഷ്യൻ അവന്യൂവിൽ സ്ഥിതിചെയ്യുന്ന ഒരു ഫുൾ സർവീസ് ബോട്ടിക് ഹോട്ടലാണ് ഹോട്ടൽ ഷാന്‍ഗ്രില. സ്ട്രീംലൈൻ മോഡേൺ ആർക്കിടെക്ചറിന്‍റെയും ആർട്ട് ഡെക്കോ രൂപകൽപ്പനയുടെയും മിശ്രണമാണ് ഇതിന്‍റെ മനോഹരമായ വാസ്തുവിദ്യ. 2004 മുതല്‍, പാകിസ്ഥാൻ-അമേരിക്കൻ ബിസിനസുകാരിയായ തെഹ്മിന അഡയയാണ് ഈ ഹോട്ടല്‍ നടത്തുന്നത്. തെഹ്മിനയുടെ, ബിസിനസുകാരനും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ പിതാവ് അഹ്മദ് അഡയ 1983-ലാണ് ഈ ഹോട്ടൽ വാങ്ങിയത്.

santa-monica4

30 മില്യൺ ഡോളർ ചിലവഴിച്ച് നവീകരണം നടത്തി, 2008 ഒക്ടോബറില്‍ ഈ ഹോട്ടല്‍ പുതുമോടിയോടെ സന്ദര്‍ശകര്‍ക്കായി തുറന്നു. മേൽക്കൂരയുള്ള ബാറാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം, വാരാന്ത്യങ്ങളിൽ ശാന്തസമുദ്രത്തില്‍ നിന്നും വരുന്ന കാറ്റേറ്റ് ഇവിടെ സമയം ചിലവഴിക്കാന്‍ വരുന്നവര്‍ നിരവധിയാണ്. പിംഗ്-പോംഗ് ടേബിൾ, ഹോട്ട് ടബ്, പുൽത്തകിടികളില്‍ ഒരുക്കുന്ന വിവിധ ഗെയിമുകള്‍ എന്നിവയെല്ലാം ഷാന്‍ഗ്രിലയെ ജനപ്രിയമാക്കുന്ന മറ്റു ചില കാര്യങ്ങളാണ്.

അണ്‍അര്‍ബന്‍ കോഫീ ഹൗസ്

തികച്ചും പ്രകൃതിദത്തമായ പാനീയങ്ങളും ഓര്‍ഗാനിക്, ഗ്ലൂട്ടന്‍ ഫ്രീ, വീഗന്‍ ഓപ്ഷനുകളും കൊണ്ടാണ് അണ്‍അര്‍ബന്‍ കോഫീ ഹൗസ് പ്രശസ്തമായത്‌. പമേല എന്ന് പേരുള്ള ഒരു സ്ത്രീയാണ്, ബൊഹീമിയന്‍ സ്റ്റൈലില്‍ ഉള്ള ഈ കോഫീ ഹൗസ് നടത്തുന്നത്. മിസ്‌മാച്ചിംഗ് വാള്‍പേപ്പറുകളും മേശകളും കസേരകളും കൊണ്ട് വര്‍ണ്ണാഭമാണ് ഇതിനകം. സംഗീതവും സന്തോഷവും കലയും ആഘോഷിക്കുക എന്നതാണ് ഈ തീം കൊണ്ടര്‍ത്ഥമാക്കുന്നത്. 

ക്യുറേറ്റഡ് ലോസാഞ്ചലസ്‌

എലിസബത്ത്‌ ജെനറ്റിയുടെ മനസ്സില്‍ പിറവിയെടുത്ത ആശയമാണ് ക്യുറേറ്റഡ് ലോസാഞ്ചലസ്‌ എന്ന ഡയമണ്ട് സ്റ്റോര്‍. ട്രെന്‍ഡി ഡിസൈനുകളില്‍ ഉള്ള പലവിധ വജ്രാഭരണങ്ങള്‍ ഇവിടെ വില്‍ക്കുന്നു. ഇതിനായി കഴിവുറ്റ ഡിസൈനര്‍മാരും ഇവിടെയുണ്ട്. 

ദി സ്റ്റേബിള്‍സ്

ഫിറ്റ്നസ് എക്സ്പെര്‍ട്ടായ കാരി വില്ല്യംസിന്‍റെ ബോക്സിംഗ് ജിമ്മാണ് ദി സ്റ്റേബിള്‍സ്. പിക്കോ ബ്ലവ്ഡിലാണ് ഇത് ഉള്ളത്. പേഴ്സണല്‍ ട്രെയിനിംഗ്, ഗ്രൂപ്പ് ക്ലാസുകള്‍, ബോക്സിംഗ്-ബാര്‍ബെല്‍ സര്‍ട്ടിഫിക്കേഷനുകള്‍ തുടങ്ങിയവയെല്ലാം ഇവിടെ കൊടുക്കുന്ന സേവനങ്ങളില്‍ ചിലതാണ്. യുഎസ്എ ബോക്സിങ് ടീമിന് വേണ്ടി, ഒളിമ്പിക് മത്സരാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയിട്ടുമുണ്ട് കാരി വില്ല്യംസ്.

English Summary: Women Owned Businesses 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA