ADVERTISEMENT

ലോക്ഡൗണ്‍ കാലത്തെ വിരസതയകറ്റാന്‍ മാലദ്വീപിലേക്കു പറക്കലായിരുന്നു ബോളിവുഡിലെ ഫാഷന്‍. മാധുരി ദീക്ഷിത്, ജാന്‍വി കപൂർടൈഗര്‍ ഷറോഫ്, ദിഷ പട്ടാണി, തപ്‌സി പന്നു, സോനാക്ഷി സിന്‍ഹ, സാമന്ത അക്കിനേനി, രാകുല്‍ പ്രീത് സിങ്, കത്രീന കൈഫ്, വരുണ്‍ ധവാന്‍, കാജല്‍ അഗര്‍വാള്‍... മാലദ്വീപിലെ കടല്‍തീരങ്ങളില്‍ ഒഴിവുകാലമാസ്വദിക്കാന്‍ പറന്നവര്‍ ഒട്ടേറെയാണ്. പലരും ആ നാടിന്റെ ഭംഗി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

maldives-travel

ഇന്ത്യയുടെ തെക്കു പടിഞ്ഞാറേ ഭാഗത്ത് അറബിക്കടലില്‍ പരന്നുകിടക്കുന്ന രണ്ടായിരത്തിലേറെ ദ്വീപുകളുടെ കൂട്ടമാണ് മാലദ്വീപ്. ടൂറിസം പ്രധാന വരുമാന ഭാഗമായ ഈ രാജ്യത്തേക്കിപ്പോള്‍ ഇന്ത്യക്കാരുടെ ഒഴുക്കാണ്. ഓരോ ദിവസവും നൂറുകണക്കിന് മലയാളികളുമെത്തുന്നു. പക്ഷേ, ഇവരെല്ലാവരും മാലദ്വീപിന്റെ ഭംഗിയില്‍ മയങ്ങി അങ്ങോട്ടു പറക്കുന്നവരല്ല.

സൗദി പ്രവാസികളുടെ ഇടത്താവളം

അതിജീവനത്തിനായി സൗദി പ്രവാസികള്‍ കണ്ടെത്തിയ പുതിയ വഴി കൂടിയാണ് ഈ രാജ്യം. സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസ് അനന്തമായി നീണ്ടതോടെയാണ് സൗദിയിലെത്താന്‍ മാലദ്വീപിനെ പ്രവാസികള്‍ കൂട്ടുപിടിച്ചത്. ആദ്യം യുഎഇ വഴിയാണ് പ്രവാസികള്‍ സൗദിയിലേക്കു പോയിയിരുന്നത്. യുഎഇയില്‍ നിന്നുള്ളവര്‍ക്കും വിലക്കേര്‍പ്പെടുത്തിയതോടെ നേപ്പാള്‍, ബഹ്‌റൈന്‍, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളായി ആശ്രയം. 80,000 രൂപ മുതല്‍ 1.2 ലക്ഷം രൂപ വരെ ചെലവഴിച്ചാല്‍ മാലദ്വീപ് വഴി സൗദിയിലെത്താം. വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്കനുസരിച്ചാണു തുകയില്‍ മാറ്റം വരുന്നത്. നേപ്പാള്‍ വഴി പോകുന്നവര്‍ക്കുള്ളതു പോലെ എന്‍ഒസിയുടെ ആവശ്യവുമില്ല. ക്വാറന്റീനുമില്ല. രാജ്യത്ത് 14 ദിവസം തങ്ങി സൗദിയിലേക്കു പറക്കാം. ഈ 14 ദിവസം ബോളിവുഡ് താരങ്ങളെ വരെ കൊതിപ്പിക്കുന്ന മാലദ്വീപിന്റെ ഭംഗി ആസ്വദിക്കാമെന്നതാണു പ്രധാന ആകർഷണം. അതിനു ചെലവുണ്ടെന്നു മാത്രം.

രണ്ടായിരത്തിലേറെ ദ്വീപുകൾ

ഏതു സാമ്പത്തിക ശേഷിയിലുള്ളവരെയും സന്തോഷിപ്പിക്കാനുള്ള ടൂറിസം സാധ്യതകളുണ്ട് മാലദ്വീപില്‍. രാജ്യത്തെ രണ്ടായിരത്തിലേറെ ദ്വീപുകകളില്‍ 230 ദ്വീപുകളില്‍ മാത്രമേ സ്വദേശികളുള്ളൂ. മറ്റു ദ്വീപുകളെല്ലാം റിസോര്‍ട്ടുകളാണ്. മാലദ്വീപിന്റെ സാധ്യതയും ഇതാണ്. ഇവിടേക്കാണ് ബോളിവുഡ് താരങ്ങള്‍ പറക്കുന്നത്. രാജ്യത്തു വിമാനമിറങ്ങിയാല്‍, സീ പ്‌ളെയിനുകളില്‍ ദ്വീപ് റിസോര്‍ട്ടുകളിലേക്കു പറക്കാം. പൂര്‍ണ സ്വകാര്യതയോടെ കടല്‍ഭംഗി ആസ്വദിക്കാം. ചില ദ്വീപുകളിലെങ്കിലും ഒരു ദിവസം താമസിക്കുന്നതിന് 10 ലക്ഷവും അതിനു മുകളിലും ഈടാക്കുമെന്നു മാത്രം. അത്രതന്നെ ചെലവഴിക്കാനാകാത്തവർക്ക് ആഭ്യന്തര വിമാനസർവീസുകളെയും ചെലവു കുറഞ്ഞ റിസോർട്ട് ദ്വീപുകളെയും ആശ്രയിക്കാം. 4 ലക്ഷം ജനസംഖ്യമാത്രമുള്ള ഈ രാജ്യത്ത് 12 ആഭ്യന്തര വിമാനത്താവളങ്ങളും 4 രാജ്യാന്തര വിമാനത്താവളങ്ങളുമുണ്ട്. 

Maldives

അതേസമയം, വളരെ ചെലവു കുറച്ചു മാലദ്വീപ് സന്ദര്‍ശിക്കാനും സാധിക്കും. താമസം സ്വദേശികളുള്ള ദ്വീപുകളിലായിരിക്കുമെന്നു മാത്രം. വിമാനയാത്രാ ചെലവടക്കം ഒരാള്‍ക്ക് മൂന്ന് ദിവസത്തിന് 60,000 രൂപ മാത്രമുള്ള പാക്കേജുകള്‍ വരെയുണ്ടിവിടെ. കടലുമായി ചേര്‍ന്ന പല വിനോദങ്ങള്‍ക്കും ഇവിടെ അവസരമുണ്ടാകും. ബോട്ടുകളിൽ റിസോർട്ട് ദ്വീപുകൾ കാണാനും അവസരമുണ്ട്.

ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍

ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമായതിനാല്‍ ടിക്കറ്റെടുത്ത് പറക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. വീസയെടുക്കലും നൂലാമാലകളുമില്ല. റിട്ടേണ്‍ ടിക്കറ്റും ഹോട്ടല്‍ ബുക്ക് ചെയ്തതിന്റെ വിശദാംശങ്ങളും കൂടി ഹാജരാക്കിയാല്‍ മതി. പ്രവാസികള്‍ സൗദിയിലേക്കു പറക്കാന്‍ ഈ വഴി തെരഞ്ഞെടുക്കുന്നതും ഇതിനാലാണ്. നാട്ടിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റിനു പകരം റിയാദിലേക്കു ടിക്കറ്റെടുത്താണ് പ്രവാസികള്‍ പോകുന്നത്. വിമാനത്താവളത്തില്‍ കാണിക്കാന്‍ ഒരു ഡമ്മി റിട്ടേണ്‍ ടിക്കറ്റെടുക്കുകയും ചെയ്യും. കോവിഡ് പശ്ചാത്തലത്തില്‍ പിസിആര്‍ പരിശോധന നടത്തി കോവിഡില്ലാ രേഖ കാണിക്കുക കൂടി വേണം.

മാലദ്വീപിലെ പ്രവാസികൾ

ചെലവു കുറഞ്ഞ ഹോട്ടൽമുറികൾ കിട്ടാതായതാണ് ഇപ്പോഴത്തെ പ്രതിന്ധിയെന്ന് മാലദ്വീപിൽ വർഷങ്ങളായി അധ്യാപകനായ കോഴിക്കോട് സ്വദേശി മുഹമ്മദ് കോയ പറയുന്നു. ഇതുവഴി സൗദിയിലേക്കു പോകാൻ ഒട്ടേറെ പ്രവാസികളെ സഹായിച്ചിട്ടുണ്ട് കോയ. മാലദ്വീപിൽ അധ്യാപക, നഴ്സിങ് മേഖലകളിൽ ആയിരക്കണക്കിനു പ്രവാസികളുണ്ട്. കടലെല്ലാത്തതൊന്നും കാണാനില്ല എന്നതിനാൽ അത്ര ആസ്വാദ്യകരമല്ല ഇവിടുത്തെ പ്രവാസ ജീവിതം. എങ്കിലും മാലദ്വീപിലെ കറൻസിയായ റൂഫിയയ്ക്ക് അഞ്ച് ഇന്ത്യൻ രൂപയോളം മൂല്യമുള്ളവത് ഇപ്പോഴും അങ്ങോട്ട് ഒട്ടേറെപ്പേരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കാട് വിമാനത്താവങ്ങളിൽ നിന്ന് മാലിയിലേക്കു വിമാനമുണ്ട്. കോഴിക്കാട് നിന്ന് ബെംഗളൂരു വഴി കണക്​ഷൻ ഫ്ലൈറ്റ് ആയതിനാൽ യാത്രാ നിരക്ക് കുറയുമെന്ന മെച്ചവുമുണ്ട്. 5,000 രൂപ മുതൽ 8,000 രൂപ വരെയാണ് സാധാരണ ഗതിയിൽ വിമാനയാത്രാ നിരക്ക്.

കോവിഡ് വീണ്ടും വർധിക്കുന്ന പശ്ചാത്തലത്തിൽ സൗദിയിലേക്കുള്ള മാലദ്വീപ് വഴിയുള്ള സൗദി യാത്രയും അടയുമോ എന്ന ആശങ്കയിലാണു പ്രവാസികൾ. എങ്കിലും ശുഭാപ്തി വിശ്വാസത്തോടെ അവർ ഈ രാജ്യം വഴി സൗദിയിലേക്കു ടിക്കറ്റ് ബുക്ക് ചെയ്യുകയാണ്... ദ്വീപിന്റെ ഭംഗി കാണാം, സൗദിയിലുമെത്താം.

English Summary: Maldives Celebrity Hotspots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com