ADVERTISEMENT

'പൂമരം' എന്ന സിനിമയിലൂടെ അഭിനയരംഗത്ത് ചുവടുറപ്പിച്ച താരമാണ് നീത പിള്ള. ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകരുടെ കയ്യടി നേടിയ നീത അഭിനയത്തോടൊപ്പം യാത്രകളെയും പ്രണയിക്കുന്നയാളാണ്. ഇഷ്ടപ്പെട്ട യാത്രകളും അവയുടെ വിശേഷങ്ങളും മനോരമ ഓണ്‍ലൈനിൽ പങ്കുവയ്ക്കുകയാണ് താരം. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രകളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടവയും സന്തോഷം നല്‍കുന്നവയുമെന്നും സ്ഥലം കാണാന്‍ പോകുന്നതിനേക്കാള്‍ അവര്‍ക്കൊപ്പം ചെലവഴിക്കുന്ന സമയമാണ് തനിക്കു പ്രധാനപ്പെട്ടതെന്നും നീത പറയുന്നു. 

neeta-trip3

ഒരിക്കലും മറക്കാനാവാത്ത യാത്ര

എന്റെ യാത്രകൾ മിക്കതും സുഹൃത്തുക്കള്‍ക്കൊപ്പമാണ്. വര്‍ഷത്തിൽ ഒരു തവണ ‍ഞങ്ങളെല്ലാവരും ഒത്തുകൂടുക പതിവാണ്. ആദ്യം ഒരു പ്ലാനുണ്ടാക്കും. ഇതുവരെ കാണാത്ത സ്ഥലം കണ്ടെത്തും. അവിടെപോയി രണ്ടുമൂന്നു ദിവസം താമസിക്കും. ആ കൂടിച്ചേരലും താമസവും സുഹൃത്തുക്കളോടൊപ്പമുള്ള കളിയും ചിരിയും എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളാണ്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത യാത്രയും ഇവര്‍ക്കൊപ്പമുള്ളതാണ്.

ബിടെക് അവസാനവര്‍ഷം. എന്റെ സുഹൃത്ത് ശ്രീനഗറിലായിരുന്നു. ഞാനും എന്റെ രണ്ട് റൂംമേറ്റ്സും അങ്ങോട്ടു പോകാൻ പദ്ധതിയിട്ടു. ടിക്കറ്റ് ബുക്ക് ചെയ്തായിരിക്കുമല്ലോ മിക്കവരും യാത്ര ചെയ്യാറ്. എന്നാല്‍ ഞങ്ങളുടേത് തികച്ചും അവിചാരിതമായൊരു യാത്രയായിരുന്നു. രണ്ടു ദിവസം കൊണ്ട് തീരുമാനിച്ച് ബാഗുമെടുത്ത് ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികളും ഇറങ്ങി. പാതിവഴിക്ക് ടിക്കറ്റ് പോലും കിട്ടാതായി. ഒരുപാട് ബുദ്ധിമുട്ടി. വല്ലാത്തൊരു ട്രിപ്പായിരുന്നു അത്.

എങ്ങനെയൊക്കെയോ ഞങ്ങള്‍ ശ്രീനഗറിലെത്തി. ശേഷം എല്ലാവരുമൊത്ത് ജമ്മു കശ്മീര്‍, പഹല്‍ഗാം, ഗുല്‍മാര്‍ഗ് എന്നിവിടങ്ങളെല്ലാം സന്ദര്‍ശിച്ചു. ആ കാഴ്ചകളെക്കാൾ എനിക്കെന്നും ഓര്‍മയില്‍ നില്‍ക്കുന്നത് ശ്രീനഗറിലേക്കുള്ള ആ യാത്രയാണ്. ജീവിതത്തില്‍ ഒരിക്കലും മറക്കില്ല അത്.

neeta-trip1

നോര്‍ത്ത് ഈസ്റ്റ് സ്വപ്നം

ഒറ്റയ്ക്കുള്ള യാത്രകളും എനിക്കിഷ്ടമാണ്. ഒരു പുതിയ സ്ഥലം കാണാനും അറിയാനുമെല്ലാം ഞാന്‍ ഒറ്റയ്ക്കാണ് പോകാറ്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കാരണം എവിടെയും പോകാൻ സാധിച്ചില്ല. പോകാന്‍ മുതിര്‍ന്നില്ല എന്നുപറയുന്നതാവും നല്ലത്. കാരണം വീട്ടില്‍ അച്ഛനും അച്ഛച്ഛനുമെല്ലാമുണ്ട്. അവരുടെ ആരോഗ്യമാണല്ലോ പ്രധാനം. ഒരു ഫാമിലിട്രിപ്പ് പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും അതും നടന്നില്ല.

ഈ വര്‍ഷം നോര്‍ത്ത് ഈസ്റ്റില്‍ ഒറ്റയ്ക്കു കറങ്ങണമെന്നാണ് ആഗ്രഹം. ട്രിപ്പ് പ്ലാന്‍ ചെയ്തിട്ടേയുള്ളു. കൊറോണയുടെ വ്യാപനം ഉയർന്നാൽ  ഇത്തവണയും വീട്ടിൽ തന്നെയിരിക്കേണ്ടി വരും. യാത്ര എന്നു നടക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. മനസ്സില്‍ കയറിക്കൂടിയ ഈ സ്വപ്നത്തെ അധികം വൈകാതെ കയ്യെത്തിപ്പിടിക്കാനാകുമെന്നാണ് വിശ്വാസം. 

ഷാവൊലിന്‍ ടെംപിളും ബുദ്ധവിഹാരങ്ങളും

neeta-trip4

ഷാവ്‌ലിന്‍ ടെംപിള്‍ പോയികാണണമെന്നും ആഗ്രഹമുണ്ട്. ഞാന്‍ മാര്‍ഷല്‍ ആര്‍ട്‌സ് പഠിച്ചപ്പോഴും കുങ്ഫു മാസ്റ്റര്‍ എന്ന ചിത്രം ചെയ്തപ്പോഴുമെല്ലാം ഷാവ്‌ലിന്‍ ടെംപിളും ബുദ്ധവിഹാരങ്ങളും സന്ദര്‍ശിക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നു. അവരുടെ ജീവിതരീതികള്‍ കാണാനും അതിനെക്കുറിച്ച് പഠിക്കാനുമാഗ്രഹമുണ്ട്. സ്വപ്‌നയാത്ര എന്നുവേണമെങ്കില്‍ ഇതിനെ വിളിക്കാം.

മനോഹരമെന്നു പറയാതെ വയ്യ

ഇതുവരെയുള്ള യാത്രയിൽ ഏറ്റവും ആകര്‍ഷിച്ച  മനോഹരമായ സ്ഥലങ്ങളിലൊന്ന് ഋഷികേശാണ്. സിനിമ ചിത്രീകരണത്തിന് ഉത്തരാഖണ്ഡിൽ പോയപ്പോഴാണ് അവിടം സന്ദര്‍ശിച്ചത്. എന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ചിത്രീകരണം ഭൂരിഭാഗവും ഉത്തരാഖണ്ഡിലെ ഓലി, ജോഷിമഠ്, ബദ്രിനാഥ്, ഡെറാഡൂണ്‍, ഋഷികേശ് എന്നിവിടങ്ങളിലായിരുന്നു. മനോഹരമായ സ്ഥലങ്ങളാണ് അവ. എങ്കിലും എന്നെ ഏറെ ആകര്‍ഷിച്ചത് ഋഷികേശാണ്. ഗംഗാതീരത്ത് ചെലവഴിച്ച ആ നിമിഷങ്ങള്‍ ജീവിതത്തിലെ ഏറ്റവും ശാന്തസുന്ദര നിമിഷങ്ങളാണ്. ഷൂട്ടില്ലാത്ത ദിവസം വൈകുന്നേരങ്ങളില്‍ ഞാന്‍ ഗംഗാപൂജ കാണാൻ പോകും. ആരതിയും മറ്റു പ്രാർഥനകളും നടക്കുന്ന ആ സമയം വല്ലാത്തൊരു ദൈവികാനുഭവമാണ് നമുക്ക് സമ്മാനിക്കുന്നത്. ഒരിക്കല്‍ക്കൂടി അവിടെ പോകണമെന്ന് ആഗ്രഹമുണ്ട്.

സാഹസികതയുടെ കളിത്തോഴി

ഞാനൊരു അഡ്വഞ്ചറസ് പ്രേമിയാണ്. സാഹസിക വിനോദങ്ങൾ നടത്താനും ഏറെ ഇഷ്ടമാണ്. നല്ലൊരു യാത്ര വേണമെന്നു തോന്നിയാല്‍ ഞാന്‍ ആദ്യം പോവുക ഏതെങ്കിലും ദ്വീപിലേക്കായിരിക്കും. എനിക്ക് ഭയങ്കര ഇഷ്ടമുള്ളതാണ് ദ്വീപ് യാത്ര. അവിടെ താമസിച്ച് സ്‌കൂബ ഡൈവിങ്, സ്നോർക്കലിങ് തുടങ്ങിയ സാഹസിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും ഇഷ്ടമാണ്. തനിച്ചുള്ള യാത്രയിൽ ഏറെയും തിരഞ്ഞെടുക്കുന്നത് ഇത്തരം സ്ഥലങ്ങളാണ്.

നീണ്ട റോഡ് ട്രിപ്പുകളും പ്രിയമാണ്. യുഎസില്‍ പഠിക്കുന്ന സമയത്ത് ഒഴിവുദിവസങ്ങളില്‍ കുറേയേറെ റോഡ്ട്രിപ്പുകള്‍ നടത്തിയിട്ടുണ്ട്. അത്തരം യാത്രകള്‍ നല്‍കുന്ന എനര്‍ജി പറഞ്ഞറിയിക്കാനാവില്ല. തനിച്ച് വാഹനമോടിച്ചുള്ള ദീർഘദൂര യാത്ര വല്ലാത്തൊരു അനുഭൂതിയാണ്. ചില മനോഹരയിടങ്ങളിൽ നിർത്തി മതിയാവോളം സൗന്ദര്യം ആസ്വദിച്ചാണ് മുന്നോട്ട് പോകുന്നത്. ഇനിയും ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുണ്ട്. ലോകം ഇങ്ങനെ വിശാലമായി കിടക്കുവല്ലേ, കൊറോണയുടെ പിടിയിൽനിന്നു സുരക്ഷിതമായാൽ ലോകത്തെവിടെയും ചുറ്റിയടിക്കണം.

English Summary: Celebrity Travel,Neetha Pillai,Dream Travel'

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com