വെള്ളത്തിനടിയിലെ ഗുഹകള്‍ക്കുള്ളില്‍ വിചിത്ര നരകമണികളുടെ കാഴ്ച

Hells-Bells1
SHARE

മെക്സിക്കോയിലെ യുക്കാറ്റൻ ഉപദ്വീപിലുള്ള പ്യൂർട്ടോ മോറെലോസിന് പടിഞ്ഞാറ് ഭാഗത്തുള്ള, സെനോട്ട് സ്പോട്ട് ഗുഹയ്ക്കുള്ളില്‍ കാണുന്ന വിചിത്ര കാഴ്ചയാണ് ഹെല്‍സ് ബെല്‍സ്. വെള്ളം നിറഞ്ഞ ഗുഹക്കുള്ളില്‍ ബെല്‍ പോലെ തൂങ്ങിക്കിടക്കുന്ന, അകം പൊള്ളയായ ചുണ്ണാമ്പു കല്ലുകളാണ് ഇവ. വെള്ളത്തിനടിയില്‍ ഏകദേശം മുപ്പതു മീറ്ററോളം താഴ്ചയിലാണ് ഇവ കാണുന്നത്. ഓരോന്നിനും രണ്ടു മീറ്റര്‍ വരെ നീളം കാണും. 'നരകമണി' എന്നര്‍ത്ഥം വരുന്ന ഹെല്‍സ് ബെല്‍സ് എന്ന പേര് കൂടാതെ, ഇവയെ ആനയുടെ പാദം, ഷവർ ഹെഡ്സ്, കാഹളം എന്നിങ്ങനെ പലവിധത്തിൽ വിളിക്കാറുണ്ട്.

മെക്സിക്കോയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ്, മായൻ നാഗരികതയുടെ നിഗൂഢതകള്‍ ഒളിഞ്ഞു കിടക്കുന്ന യുക്കാറ്റന്‍ ഉപദ്വീപുകള്‍. ഇവിടെയുള്ള സെനോട്ട് സ്പോട്ട് ഗുഹകള്‍ വിശുദ്ധമായാണ് കണക്കാക്കപ്പെടുന്നത്. ഇതിനുള്ളിലെ ജലത്തിന് പ്രത്യേക കഴിവുകള്‍ ഉണ്ടെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കപ്പെടുന്നു. ഈ ഗുഹകൾക്കുള്ളിൽ, മറഞ്ഞിരിക്കുന്ന ലോകങ്ങൾ ഇനിയും മുഴുവനായും കണ്ടെത്താനായിട്ടില്ല.

Hells-Bells

മെക്സിക്കൻ രാജ്യങ്ങളായ യുകാറ്റൻ, കാമ്പെച്ചെ, ക്വിന്റാന റൂ മുതലായവ യുകാറ്റൻ ഉപദ്വീപിലാണ് സ്ഥിതിചെയ്യുന്നത് . ബെലീസിന്‍റെയും ഗ്വാട്ടിമാലയുടെയും വടക്കൻ ഭാഗങ്ങളും ഇത് ഉൾക്കൊള്ളുന്നു. ഉഷ്ണമേഖലാ മഴക്കാടുകൾക്കും കാടുകൾക്കും പേരുകേട്ട യുകാറ്റൻ പുരാതന മായ ജനതയുടെ ആവാസ കേന്ദ്രമാണ്. മനോഹരമായ കാലാവസ്ഥയും പ്രകൃതി സൗന്ദര്യവും സംസ്കാരവും ഒത്തു ചേരുന്ന ഇവിടം ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ഡൈവിംഗ്, സ്നോര്‍ക്കലിംഗ്, സ്കൂബ ഡൈവിംഗ് മുതലായ സമുദ്ര സാഹസിക വിനോദങ്ങള്‍ക്കും പ്രസിദ്ധമാണ് ഇവിടം. 

വെളിച്ചമില്ലാത്ത അന്തരീക്ഷത്തിൽ ശുദ്ധജലവും വിഷാംശം കലർന്ന ഉപ്പുവെള്ളവും ചേരുമ്പോള്‍ ഉണ്ടാകുന്ന, ഓക്സിജനില്ലാത്തതും എന്നാല്‍ സൾഫൈഡ് സമ്പുഷ്ടവുമായ ഘടനകളാണിവ. ഇവ എങ്ങനെയാണ് ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നു വരുന്നുണ്ടെങ്കിലും കൃത്യമായ ഒരു നിഗമനത്തിലെത്താന്‍ ഇതുവരെ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല.  ചില സൂക്ഷ്മാണുക്കളുടെ പ്രവർത്തനഫലമായാവാം ഇവ ഉണ്ടായതെന്ന് ഒരു ജർമൻ-മെക്സിക്കൻ ഗവേഷണ സംഘം അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നു. പി‌എച്ച് വർദ്ധിപ്പിക്കാനുള്ള അവയുടെ കഴിവ് മൂലമായിരിക്കാം കാല്‍സൈറ്റ് ധാതുക്കള്‍ കട്ട പിടിച്ചതെന്നും അവര്‍ പറയുന്നു. മാത്രമല്ല, കാൽസ്യം കാർബണേറ്റിന്‍റെ യുറേനിയം-തോറിയം ഡേറ്റിംഗ് ചെയ്തപ്പോള്‍, ഇവ പുരാതന കാലത്ത് രൂപപ്പെട്ടവയാണെന്നും അവര്‍ കണ്ടെത്തുകയുണ്ടായി.

ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഭൂഗര്‍ഭ കാത്സ്യം ധാതു രൂപീകരണമാണിത്. ആകൃതിയിലും വലുപ്പത്തിലും മാത്രമല്ല, അവയുടെ വളർച്ചാ രീതിയും അനന്യമാണ്. നേരത്തെയും ഇത്തരത്തിലുള്ള ധാതു നിക്ഷേപങ്ങൾ ലോകത്ത് പലയിടത്തും കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഹെല്‍സ് ബെല്‍സിനോട്‌ കിടപിടിക്കാന്‍ പോന്ന വലുപ്പമോ പ്രായമോ ഉള്ളവയല്ല. 

English Summary: Mexico's Mysterious Sea Bells

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA