വാക്സീൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ഇവിടെ വിലക്കില്ല; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Seychelles
SHARE

ആഡംബര വിവാഹ വേദികളുടെയും അവിസ്മരണീയമായ ഹണിമൂണ്‍ ദിനങ്ങളുടെയും സാഹസികത മുറ്റി നില്‍ക്കുന്ന ജലവിനോദങ്ങളുടെയും മറ്റൊരു പേരാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ മനോഹര ദ്വീപുസമൂഹവും ടൂറിസ്റ്റ് കേന്ദ്രവുമായ സീഷെല്‍സ്. 115 ദ്വീപുകളുടെ കൂട്ടമാണ്‌ ഇത്. സമ്പന്നമായ സംസ്കാരവും സമൃദ്ധവും സുന്ദരവുമായ ഭൂമിയും സുഖകരമായ കാലാവസ്ഥയും നീലയും പച്ചയും ഇടകലര്‍ന്ന കടല്‍പ്പരപ്പും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പഞ്ചാര മണലുമെല്ലാം വര്‍ഷംതോറും ലോകമെങ്ങു നിന്നുമുള്ള നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. 

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം ടൂറിസ്റ്റുകളെ സ്വാഗതം ചെയ്ത രണ്ടാമത്തെ രാജ്യമായിരുന്നു സീഷെല്‍സ്. മാലദ്വീപായിരുന്നു ആദ്യം സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറന്നത്. വാക്സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ സീഷെല്‍സിലേക്ക് യാത്ര ചെയ്യാം. ഇതിനായി യാത്രക്ക് രണ്ടാഴ്ച മുന്‍പെങ്കിലും വാക്സിനേഷന്‍ രണ്ടു ഡോസും പൂര്‍ത്തിയാക്കിയിരിക്കണം. ഇതിന്‍റെ തെളിവ് കയ്യില്‍ കരുതണം പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നെഗറ്റീവ് ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് കാണിച്ചാല്‍ മതിയാകും. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്നു രാജ്യങ്ങളില്‍ നിന്നു വരുന്ന സഞ്ചാരികള്‍ക്കാണ് ഇവ വേണ്ടത്. 

വാക്സിനേഷന്‍റെ തെളിവ് യാത്രാ അംഗീകാരത്തിനുള്ള അപേക്ഷക്കൊപ്പം ഹാജരാക്കണം. വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പൊതുജനാരോഗ്യ അതോറിറ്റിയുടെ സ്ഥിരീകരണത്തിനും അംഗീകാരത്തിനും വിധേയമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

ബ്രസീലിൽ നിന്നുംസൗത്താഫ്രിക്കയില്‍ നിന്നുമുള്ള യാത്രക്കാർക്ക് സീഷെല്‍സിലേക്ക് യാത്ര ചെയ്യാന്‍ അനുവാദമില്ല. സീഷെല്‍സ് പൗരന്മാർക്കും സ്ഥിര താമസക്കാർക്കും യാത്ര ചെയ്യാനും പ്രവേശിക്കാനും അനുമതിയുണ്ട്. പൊതുജനാരോഗ്യ അതോറിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി, രാജ്യത്തെത്തുന്ന എല്ലാവരും ക്വാറന്റൈീൻ പാലിക്കേണ്ടതുണ്ട്. 

മികച്ച എയർ കണക്റ്റിവിറ്റിയും കുറഞ്ഞ യാത്രാ നിയന്ത്രണങ്ങളും കൃത്യതയാര്‍ന്ന സുരക്ഷാ പ്രോട്ടോക്കോളുകളുമുള്ള സീഷെല്‍സ് ഇന്ത്യക്കാര്‍ക്ക് പേടിയില്ലാതെ യാത്ര ചെയ്യാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ്. ഇക്കഴിഞ്ഞ ജനുവരി 10 ന് വാക്സിനേഷന്‍ ആരംഭിച്ചിരുന്നു. കോവിഷീൽഡ്, സിനോഫാം എന്നീ രണ്ട് വാക്സിനുകളാണ് നല്‍കുന്നത്. ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. 

ഇന്ത്യയുമായുള്ള എയര്‍ ബബിള്‍ ക്രമീകരണ പ്രകാരം കഴിഞ്ഞ ഏപ്രില്‍ ഒന്‍പതു മുതല്‍ മുംബൈയില്‍ നിന്നും എയര്‍ സീഷെല്‍സ് വിമാനങ്ങള്‍ വീണ്ടും സര്‍വീസ് ആരംഭിച്ചിരുന്നു. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന എയർ സീഷെൽസ് വിമാനങ്ങൾ വ്യാഴം, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. സീഷെൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള മടക്ക വിമാനങ്ങൾ ബുധൻ, ശനി ദിവസങ്ങളിലാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ബിസിനസ് സംബന്ധമായി യാത്ര ചെയ്യുന്നവരുടെയും വിനോദസഞ്ചാരികളുടെയും സൗകര്യം ഒരുപോലെ കണക്കിലെടുത്താണ് ഈ ദിനങ്ങളില്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത്. 

English Summary: Seychelles has opened its doors to International Tourists

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA