ADVERTISEMENT

അമേരിക്കൻ സ്റ്റേറ്റ് യൂട്ടായുടെ തലസ്ഥാനവും ഏറ്റവും ജനസാന്ദ്രതയുള്ള മുൻസിപ്പാലിറ്റിയുമാണ് സാൾട്ട് ലേക്ക് സിറ്റി നഗരം. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ജനശ്രദ്ധ നേടിയത് ഇവിടുത്തെ എയര്‍പോര്‍ട്ടിന്‍റെ നവീകരണമായിരുന്നു. ഏകദേശം 400 കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച എയര്‍പോര്‍ട്ട് ടെര്‍മിനല്‍, യൂട്ടാ സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ക്ക് പുതിയൊരു കാരണം കൂടി നല്‍കി.

ആകർഷിക്കും ഇൗ കാഴ്ച

യൂട്ടായുടെ പ്രകൃതിദത്തമായ സവിശേഷതകളും എയര്‍പോര്‍ട്ടിന്‍റെ തീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാടിനെ ഓര്‍മിപ്പിക്കുന്ന നിറത്തിലുള്ള പച്ച ഫ്ലോറിങ്ങും മരുഭൂമികളെ സൂചിപ്പിക്കുന്ന തരത്തില്‍ ക്രമീകരിച്ച ചുവരുകളുമാണ് എയര്‍പോര്‍ട്ടിനുള്ളത്. കൂടാതെ, യൂട്ടായുടെ പ്രകൃതിയും സംസ്കാരവുമായി ബന്ധപ്പെട്ട്, വിവിധ കലാകാരന്മാരുടെ പതിനെട്ടോളം സൃഷ്ടികളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Salt-Lake-City-Airport

എയര്‍പോര്‍ട്ടിനുള്ളിലെ റെസ്റ്റോറന്റുകളിൽ വെഗാൻ, വെജിറ്റേറിയൻ, ഗ്ലൂറ്റൻ ഫ്രീ ഓപ്ഷനുകൾ ലഭ്യമാണ്. പ്രാദേശികമായി ഉൽ‌പാദിപ്പിക്കുന്നവയാണ് ഇവിടെയുള്ള വിഭവങ്ങളില്‍ മിക്കതും. അതീവ രുചികരമായ ഭക്ഷണവും ലോകോത്തരമായ ബിയറും ലഭിക്കുന്ന സ്‌ക്വാട്ടേഴ്‌സ് ബ്രൂ പബ് ഇക്കൂട്ടത്തില്‍ വളരെ ജനപ്രിയമാണ്. ലോകത്തിന്‍റെ മറ്റുള്ള ഭാഗങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ ഉള്ള ഭക്ഷണശാലകളെപ്പോലെ, ഇവിടെയുള്ള റെസ്റ്റോറന്റുകളിൽ അധിക വില ഈടാക്കുന്നില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

യാത്രക്കിടെ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നവര്‍ക്ക് മുകള്‍ നിലയിലുള്ള ഡെല്‍റ്റ സ്കൈ ക്ലബിലേക്ക് പോകാം. യൂട്ടായുടെ പ്രകൃതിസൗന്ദര്യം ഇവിടെ നിന്നും ആസ്വദിക്കാം. സൗജന്യമായി വൈഫൈ സൗകര്യവും ഇവിടെയുണ്ട്.

Salt-Lake-City-Airport-1

അമേരിക്കയിലെ മറ്റെല്ലാ വിമാനത്താവളങ്ങളെയും പോലെ തന്നെ സാൾട്ട് ലേക്ക് സിറ്റി രാജ്യാന്തര എയർപോർട്ടും (എസ്‌എൽ‌സി) അരനൂറ്റാണ്ടിലേറെ മുമ്പ് നിർമിച്ചതാണ്. അമേരിക്കന്‍ ദേശീയ വിമാനക്കമ്പനിയായ ഡെൽറ്റയുടെ പ്രധാന ഹബ്ബാണ് ഇവിടം. ഓരോ വർഷവും ഏകദേശം 26 ദശലക്ഷം യാത്രക്കാർ വിമാനത്താവളത്തില്‍ എത്തുന്നു എന്നാണു കണക്ക്. എന്നാല്‍ ഇത്രയും പേര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വിമാനത്താവളത്തിന് ഒരു ടെർമിനലും ഒരു ഏവിയേഷന്‍ റൺ‌വേയും മൂന്ന് എയർ കാരിയർ റൺ‌വേകളുമുണ്ട്. ഡെൽറ്റ എയർലൈൻസിന്‍റെ ഒരു റിസർവേഷൻ സെന്‍ററും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എയ്‌റോ മെക്സിക്കോ, അലാസ്ക, അമേരിക്കൻ എയർലൈൻസ്, ഫ്രണ്ടിയർ, ജെറ്റ്ബ്ലൂ, സൗത്ത് വെസ്റ്റ്, യുണൈറ്റഡ് എന്നിവയാണ് ഇവിടെ സര്‍വീസ് നടത്തുന്ന മറ്റ് എയർലൈനുകൾ.

Salt-Lake-City-Airport-5

വിമാനയാത്രികര്‍ക്കായി കാർ വാടകയ്‌ക്ക് നൽകൽ, എല്ലാ ഗേറ്റ് ഏരിയകളിലും ഇലക്ട്രിക് ഔട്ട്‌ലറ്റുകള്‍, കൂടുതൽ ഷോപ്പുകളും റെസ്റ്റോറന്റുകളും, കൂടുതല്‍ വലിയ പാർക്കിംഗ് ഗാരേജ്, കൂടുതല്‍ രാജ്യാന്തര ഗേറ്റുകള്‍ മുതലായ സൗകര്യങ്ങളാണ് നവീകരണത്തിന്‍റെ ഭാഗമായി കൂട്ടിച്ചേര്‍ത്തത്. വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുന്നതിനായി, കൂടുതല്‍ വെളിച്ചം കിട്ടുന്ന രീതിയിലാണ് ജനാലകളും മേല്‍ക്കൂരകളും നിര്‍മിച്ചിരിക്കുന്നത്.

English Summary: Exciting news for travelers who have Salt Lake City Utah on their itinerary!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com