ADVERTISEMENT

ലാവോസിന്‍റെ വടക്കന്‍ പ്രദേശങ്ങളിലേക്ക് ഒരിക്കല്‍ എത്തിച്ചേര്‍ന്നാൽ, തിരിച്ചു പോവാനും തോന്നില്ല. മറ്റേതോ ലോകത്തെത്തിയ പോലെയുള്ള ഒരു പ്രതീതിയാണ് ഇവിടം സഞ്ചാരികള്‍ക്ക് നല്‍കുന്നത്. പുരാതന കാലത്തിന്‍റെ അടയാളങ്ങള്‍ ഇവിടെയുള്ള ഓരോ ഇടത്തും കാണാം. ടൂറിസ്റ്റുകള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഒരു ഇടമാണ് സിയാങ്‌ഖോംഗ് പ്രവിശ്യയിലുള്ള ഫോണ്‍സാവന്‍ പട്ടണം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടൂറിസ്റ്റുകളുടെ തള്ളിക്കയറ്റമാണ് ഇവിടേക്ക്. 

രണ്ടാം ഇന്തോ-ചൈന യുദ്ധത്തില്‍ തകര്‍ന്ന മുവാംഗ് കൂന്‍ നഗരത്തിന്‍റെ അവശിഷ്ടങ്ങള്‍ക്ക് മേല്‍ 1970- കളില്‍ പടുത്തുയര്‍ത്തിയ ഈ പട്ടണം അതിമനോഹരമാണ് എന്നതില്‍ സംശയമില്ല. കാലാവസ്ഥയും യാത്രക്ക് അനുയോജ്യമാണ്. എന്നാല്‍ സഞ്ചാരികളെ ഇവിടേക്ക് വിളിച്ചു വരുത്തുന്നത് പട്ടണത്തിന്‍റെ നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്രവും അപൂര്‍വവും നിഗൂഢവുമായ പുരാതന ശേഷിപ്പുകളുമാണ്. പ്രായം നിര്‍ണയിക്കാനാവാത്ത നിരവധി ചരിത്രാവശിഷ്ടങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്; അക്കൂട്ടത്തില്‍ ഒന്നാണ് 'പ്ലെയിന്‍ ഓഫ് ജാര്‍സ്'.

സിയാങ്‌ഖോംഗ് പീഠഭൂമിയുടെ മധ്യ സമതലപ്രദേശത്തുള്ള താഴ്‌‌‌വരകളില്‍ നിറയെ പരന്നുകിടക്കുന്ന കൂറ്റന്‍ കല്‍ ജാറുകളുടെ ശേഖരമാണിത്. ആയിരക്കണക്കിന് കൂറ്റന്‍ കല്‍പ്പാത്രങ്ങള്‍ ഒരു പ്രദേശം നിറയെ അവിടവിടെയായി ചിതറിക്കിടക്കുന്നത് ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ! രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പായിരിക്കാം ഇവ നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. അവസാദശിലകള്‍ കൊണ്ടാണ് ഇവയോരോന്നും നിര്‍മ്മിച്ചിട്ടുള്ളത്. ഒന്ന് മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരമുള്ള ജാറുകള്‍ക്ക്, പതിനാലു ടണ്‍ വരെ ഭാരം കണക്കാക്കിയിട്ടുണ്ട്.

നമ്മുടെ നാട്ടില്‍ നിന്നും കണ്ടെത്തിയിട്ടുള്ള നന്നങ്ങാടികളുമായി ഇവയ്ക്ക് സാമ്യമുണ്ട്‌. എന്തിനു വേണ്ടിയാണ് ഇവ നിര്‍മിക്കപ്പെട്ടത് എന്നതിനെക്കുറിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ചരിത്രാതീത കാലത്ത്, ശവദാഹവുമായി ബന്ധപ്പെട്ടായിരിക്കാം ഇവ ഉപയോഗിച്ചിരുന്നതെന്ന് ഫ്രഞ്ച് ഗവേഷകയായിരുന്ന മദെലെയ്ന്‍ കൊലാനിയുടെ പഠനങ്ങളില്‍ പറയുന്നു. ഇത് ശരിവച്ചു കൊണ്ട്, പിന്നീട് നടന്ന ഗവേഷണങ്ങളില്‍ ഇവിടെ നിന്നും മനുഷ്യ അവശിഷ്ടങ്ങൾ, ശ്മശാന വസ്തുക്കൾ മുതലായവയും കണ്ടെത്തി.

ഇത്തരത്തില്‍ ജാറുകള്‍ കാണപ്പെടുന്ന തൊണ്ണൂറോളം പ്രദേശങ്ങള്‍ സിയാങ്‌ഖോംഗ് പ്രവിശ്യയിലുണ്ട്. ഓരോ പ്രദേശത്തും നാന്നൂറോളം ജാറുകള്‍ കാണാം. 1964-69 കാലഘട്ടത്തില്‍ യു എസ് എയര്‍ഫോഴ്സ് ഈ പ്രദേശത്ത് നിറയെ ബോംബുകള്‍ വര്‍ഷിച്ചിരുന്നു. ഇവയില്‍ പലതും ഇന്നും പൊട്ടാതെ ഇവിടെ പലയിടങ്ങളിലും കിടക്കുന്നുണ്ട്. ഇത് അങ്ങേയറ്റം അപകടകരമായതിനാല്‍ ടൂറിസ്റ്റുകള്‍ക്ക് ഈ പ്രദേശത്ത് യഥേഷ്ടം നടക്കാനാവില്ല. സഞ്ചരിക്കാനാവുന്ന മേഖലകള്‍ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവ മാത്രമേ സന്ദര്‍ശനത്തിനായി ഇപ്പോള്‍ തുറന്നിട്ടുള്ളൂ.

2019ല്‍ യുനെസ്കോ ഇവിടം ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു. യുനെസ്കോയുടെ സഹകരണത്തോടെ ബോംബുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ നടന്നു വരികയാണ് ഇവിടെ. നിലവില്‍ ഇവിടെയുള്ള എട്ടു പ്രദേശങ്ങള്‍ യാത്ര ചെയ്യാന്‍ സുരക്ഷിതമാക്കി മാറ്റിയിട്ടുണ്ട്. 

English Summary: Plain of Jars Site

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com