പാറമുകളില്‍ വളർന്നുവന്നതോ ഈ കൊട്ടാരം? ഇത് ലോകത്തിലെ ഏറ്റവും മനോഹര നിർമിതികളിൽ ഒന്ന്

Dar-al-Hajar-Stone-house
By Judith Lienert/shutterstock
SHARE

ലോകത്തിലെ ഏറ്റവും മനോഹരമായ നിര്‍മിതികളില്‍ ഒന്നാണ് യെമനിലെ ദര്‍ അല്‍ ഹാജര്‍ എന്ന് പേരുള്ള കല്‍ക്കൊട്ടാരം. അഞ്ചു നിലകളുള്ള ഈ കൊട്ടാരം ഏതു കോണില്‍ നിന്ന് നോക്കിയാലും കണ്ണുകള്‍ക്ക് ഉത്സവം പകരുന്ന കാഴ്ചയാണ്. ഏറെ ചരിത്രപ്രാധാന്യമുള്ളതിനാല്‍ യെമന്‍റെ മുഖമുദ്രകളില്‍ ഒന്നുകൂടിയാണ്  ഈ കെട്ടിടം. കൊട്ടാരത്തിന്‍റെ ചിത്രം യെമന്‍റെ 500 റിയാല്‍ നോട്ടില്‍ അച്ചടിച്ചിട്ടുണ്ട്. ഒരു പെയിന്‍റിങ് പോലെ മനോഹരമായ ഈ കൊട്ടാരം കാണാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വര്‍ഷംതോറും നിരവധി സഞ്ചാരികള്‍ എത്തുന്നു.

Dar-al-Hajar-Stone-house3
By Munzir Rosdi/shutterstock

യെമനിലെ ഏറ്റവും വലിയ നഗരമായ സനയില്‍ നിന്നും പതിനഞ്ചു കിലോമീറ്റര്‍ അകലെയായി വാദി ധര്‍ എന്ന സ്ഥലത്താണ്  ദര്‍ അല്‍ ഹാജര്‍ കൊട്ടാരം സ്ഥിതിചെയ്യുന്നത്. 1920- കളിലാണ് ഈ കൊട്ടാരം നിര്‍മിച്ചത്. അക്കാലത്ത് യെമന്‍ ഭരിച്ചിരുന്ന യാഹ്യ മുഹമ്മദ്‌ ഹമീദ് എഡ് ദിന്‍ എന്ന ഭരണാധികാരിയുടെ വേനല്‍ക്കാല വസതിയായിരുന്നു ഇത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഇമാം മൻസൂർ എന്ന പണ്ഡിതനുവേണ്ടി നിർമ്മിച്ച കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലായാണ് ഇത് പണിതുയര്‍ത്തിയത്. 1962 ലെ യമൻ വിപ്ലവം വരെ രാജകുടുംബത്തിന്‍റെ കീഴിലായിരുന്നു കൊട്ടാരം. ഇപ്പോള്‍ ഇതൊരു മ്യൂസിയമാണ്. 

ആക്രമണങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനായി ഒരു കോട്ട പോലെയാണ് കൊട്ടാരം നിര്‍മിച്ചിട്ടുള്ളത്. യെമനി വസ്തുവിദ്യയുടെ സൗന്ദര്യം വഴിഞ്ഞൊഴുകുന്നതാണ് ഇതിന്‍റെ നിര്‍മാണ ശൈലി. കെട്ടിടത്തിനടിയിലുള്ള ഭൂഗര്‍ഭ ജലം പ്രത്യേക സംവിധാനം വഴി മുകളിലെക്കെത്തിച്ചാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. പ്രത്യേക മണ്‍പാത്രങ്ങളില്‍ വെള്ളം തണുപ്പിക്കുന്നതിനായുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്. 

Dar-al-Hajar-Stone-house1
By Sergey-73/shutterstock

പാറയ്ക്ക് മുകളില്‍ വളര്‍ന്നു വന്നത് പോലെയാണ് കൊട്ടാരം ആദ്യത്തെ കാഴ്ചയില്‍ തോന്നുക. ജാലകങ്ങള്‍ക്ക് ചുറ്റുമായി വെളുത്ത നിറത്തില്‍ പ്രത്യേക തരം ചിത്രപ്പണികള്‍ കാണാം. ഉള്ളിലാകട്ടെ, സ്റ്റോറേജ് റൂമുകളും അതിഥികള്‍ക്കായുള്ള സ്വീകരണ മുറികളും ധാരാളം കിടപ്പുമുറികളും അടുക്കളയും എല്ലാമുണ്ട്. കൂടാതെ, രാജാവിന്‌ പത്നിമാര്‍ക്കൊപ്പം ശയിക്കുന്നതിനായി നിര്‍മിച്ച പ്രത്യേക പള്ളിയറയും ഇവിടെയുണ്ട്. ഇപ്പോള്‍ ഈ കെട്ടിടം മ്യൂസിയമായി പ്രവര്‍ത്തിക്കുന്നതിനാല്‍ സഞ്ചാരികള്‍ക്ക് ഇവയെല്ലാം കാണുന്നതിനുള്ള അവസരമുണ്ട്. 

സനയില്‍ നിന്നും വടക്കുപടിഞ്ഞാറ് പോകുന്ന റൂട്ട് 313 വഴിയാണ് ഇവിടെ എത്തുന്നത്. നേരെയാണ് പോകേണ്ടത്. ഈ വഴിയില്‍ ഇടത്തോട്ട് തിരിഞ്ഞാല്‍ യെമനിലെ മറ്റൊരു പ്രധാന നഗരമായ തുലയിലെത്താം. കൊട്ടാരത്തിന്‍റെ പ്രവേശന കവാടത്തിലുള്ള ടിക്കറ്റ് കൌണ്ടറില്‍ നിന്നും നല്‍കുന്ന ടിക്കറ്റ് വഴിയാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. 

English Summary: Stone house Dar Alhajar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA