മുങ്ങുന്ന വെനീസ് നഗരത്തെ രക്ഷിക്കുമോ, കനാലില്‍ ഉയരുന്ന ഈ ഭീമന്‍ കൈകള്‍?

Giant-Hands-of-Venices-Grand-Canal-Italy2
Marco Rubino/shutterstock
SHARE

ഒഴുകുന്ന നഗരമെന്നും കനാലുകളുടെ നഗരമെന്നുമൊക്കെ വിളിപ്പേരുണ്ട് ഇറ്റലിയിലെ വെനീസിന്. എവിടെ നോക്കിയാലും വെള്ളമാണ്. നമ്മുടെ ആലപ്പുഴയെ 'കിഴക്കിന്‍റെ  വെനീസ്' എന്ന് വിളിക്കുന്നത് ഇതേപോലെ നിറയെ ജലാശയങ്ങളുള്ളതിനാലാണ്. എവിടെ നോക്കിയാലും കനാലുകളും മനോഹരമായി നിര്‍മിച്ച പാലങ്ങളും അനുബന്ധ കലാസൃഷ്ടികളുമെല്ലാം വെനീസ് നഗരത്തിന്‍റെ പ്രത്യേകതയാണ്. 

ചരിത്രപാരമ്പര്യവും നൂറ്റാണ്ടുകളായി ലോകത്തെ മുഴുവന്‍ പുളകം കൊള്ളിക്കുന്ന സാംസ്കാരികതയുടെ ഒളിമിന്നല്‍ക്കാഴ്ചകളും ഒപ്പം കണ്ണിനു കുളിരു പകരുന്ന പ്രകൃതിസൗന്ദര്യവും കൂടിച്ചേരുന്ന വെനീസ് ലോകത്തെ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. വര്‍ഷംതോറും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന്‌ സഞ്ചാരികള്‍ ഇവിടേക്ക് പറന്നെത്തുന്നു.

2017 മുതല്‍ വെനീസിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു കാഴ്ചയാണ്, ഗ്രാന്‍ഡ്‌ കനാലില്‍ നിന്നും ഉയര്‍ന്നു വരുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുള്ള ഭീമന്‍ കൈകളുടെ ശില്‍പ്പം. കനാലിനരികിലുള്ള കാ സാഗ്രെദോ ഹോട്ടല്‍ കെട്ടിടത്തെ താങ്ങി നിര്‍ത്തുന്ന തരത്തിലാണ് ഇത് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. 'ദി സപ്പോര്‍ട്ട്' എന്നാണ് ഈ ഭീമന്‍ ശില്‍പ്പത്തിന്‍റെ പേര്.

കാണാനുള്ള ഭംഗിക്കായി മാത്രം നിര്‍മിച്ച ഒരു കലാസൃഷ്ടിയല്ല ഇത്. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് കൈകള്‍ 'താങ്ങി നിര്‍ത്തുന്ന' ഹോട്ടല്‍ കെട്ടിടം. വെനീസിന്‍റെ ചരിത്രത്തിന്‍റെ ഭാഗമായ ഈ കെട്ടിടത്തെ സംരക്ഷിക്കുക എന്നൊരു ആശയം കൂടി ഇതിനു പിന്നിലുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളും മറ്റും കാരണം കനാലിലെ ജലനിരപ്പ് ഉയര്‍ന്ന് ഈ കെട്ടിടം നാശത്തിന്‍റെ വക്കിലാണ്. ഇക്കാര്യം ലോകത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതായിരുന്നു ശില്‍പ്പം ഇവിടെ സ്ഥാപിച്ചതിനു പിന്നിലെ ലക്ഷ്യം.

ഇറ്റാലിയന്‍ ശില്‍പ്പിയായ ലോറെന്‍സോ ക്വിന്‍ ആണ് ഇത് നിര്‍മിച്ചത്. 2017- ലെ വെനീസ് ബിനാലെയിലായിരുന്നു ഇത് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. സ്വന്തം മകനായ ആന്‍റണിയുടെ കൈകളാണ് ക്വിന്‍ ശില്‍പ്പത്തിനു മോഡല്‍ ആയി ഉപയോഗിച്ചത്. നിഷ്കളങ്കനായ ഒരു ബാലന്‍റെ കൈകള്‍ക്ക് ലോകത്തിനോട് നേരിട്ട്, എളുപ്പത്തില്‍ സംവദിക്കാനുള്ള ശേഷിയുണ്ടെന്ന് ക്വിന്‍ പറയുന്നു. ഓരോ കൈക്കും 2,200 കിലോഗ്രാം വീതമാണ് ഭാരം. ബാഴ്സലോണ സ്റ്റുഡിയോയില്‍ നിര്‍മിച്ച ശേഷം കനാലിനരികിലേക്ക് കൊണ്ടുവരികയായിരുന്നു ശില്‍പ്പം.

ഒരേ സമയം ഭീതിയുണര്‍ത്തുന്നതും എന്നാല്‍ ആശ്വാസജനകവുമായ ഒരു ആശയമാണ് ഈ കൈകള്‍ ജനങ്ങളുമായി പങ്കുവക്കുന്നത്. മനുഷ്യന്‍റെ കൈകള്‍ക്ക് നശിപ്പിക്കാനും സൃഷ്ടിക്കാനുമുള്ള കഴിവുണ്ട്. ഏതു വേണമെന്നുള്ളത് അവന്‍ സ്വയം തീരുമാനിക്കേണ്ടതുണ്ട്. ശില്‍പ്പി പറയുന്നു. 

കുറച്ചു കാലമായി ഭീഷണിയുടെ വക്കിലാണ് വെനീസ് നഗരത്തിന്‍റെ നിലനില്‍പ്പ്‌. ആഗോളതാപനത്തിന്‍റെ ഫലമായി ജലനിരപ്പ് ഉയരുന്നത് വെനീസ് നഗരത്തെ വെള്ളത്തിനടിയിലാക്കും എന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കണക്കനുസരിച്ച് കൂടിപ്പോയാല്‍ ഒരു നൂറുവര്‍ഷം കൂടി മാത്രമേ വെനീസ് നഗരത്തിനു ആയുസ്സുള്ളൂ. അടുത്ത നൂറ്റാണ്ടിൽ മെഡിറ്ററേനിയൻ കടൽ 140 സെന്റിമീറ്റർ (നാലടിയിൽ കൂടുതൽ) ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഭൂമിയുടെ അന്തരീക്ഷ താപനില കൂട്ടുന്ന ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത വർദ്ധിച്ചതിന്‍റെ ഫലമായി സമുദ്രങ്ങള്‍ വികസിച്ചു കൊണ്ടിരിക്കുകയാണ്. നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള ശൈത്യകാലത്ത് വെനീസ് സന്ദർശിക്കുന്ന സഞ്ചാരികള്‍ക്ക് പലപ്പോഴും വെള്ളക്കെട്ട് നിറയുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. 

English Summary: Giant Hands Emerge From The Water In Venice Italy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA