ADVERTISEMENT

പുതിയ സ്ഥലങ്ങള്‍ കണ്ടുപിടിക്കാനും അവിടങ്ങളിലേക്ക് യാത്ര ചെയ്യാനുമെല്ലാം ബുദ്ധിമുട്ടുണ്ടായിരുന്ന പഴയ കാലമെല്ലാം മാറി. സോഷ്യല്‍ മീഡിയയുടെ പ്രതാപകാലം ആരംഭിച്ചതോടെ ഭൂമിയിലെ മനോഹര സ്ഥലങ്ങൾക്ക് ഏകാന്തത എന്നൊരു സംഭവമേ ഇല്ലാതായി. പുതിയൊരു സ്ഥലം കണ്ടുപിടിച്ചാല്‍ അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയിലെങ്ങും സഞ്ചാരികള്‍ അതിനെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കും. സഞ്ചാരികളുടെ വരവ് കൂടുന്നതോടെ അധികം വൈകാതെ അവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി പരിണമിക്കും. ടിക്ടോക് വഴി യാത്രാ പ്രേമികള്‍ക്കിടയില്‍ പ്രശസ്തമായ സ്ഥലമാണ് നേപ്പാളിലെ മനാഹുന്‍കോട്ട്.  

ടിക്ടോക്കിലൂടെ പ്രശസ്തമായ ഇടം

നേപ്പാളിലെ ഗണ്ടകിപ്രദേശ് ഭാഗത്തുള്ള തനാഹുന്‍ ജില്ലയില്‍പ്പെട്ട ദാമാലിയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന മലയോര ഗ്രാമമാണ് മനാഹുന്‍കോട്ട്. ദമാലിക്ക് സമീപമുള്ള പൃത്വി ഹൈവേയിൽ നിന്ന് കുറച്ച് കിലോ മീറ്റർ മുകളിലേക്ക് സഞ്ചരിച്ചു വേണം ഈ മനോഹരമായ സ്ഥലത്തേക്ക് എത്താന്‍. ആയിരക്കണക്കിന് സഞ്ചാരികളാണ് ആഴ്ചതോറും ഇവിടേക്ക് എത്തുന്നത്. 

ടിക്ടോക് വഴി പ്രശസ്തമായതോടെ, കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ക്കാണ് ഇവിടേക്ക് പ്രാദേശിക സഞ്ചാരികള്‍ ഒഴുകിയെത്താന്‍ തുടങ്ങിയത്. അവിശ്വസനീയമായ പ്രകൃതി സൗന്ദര്യമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഹിമാലയത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഈ കുന്നിന്‍ പ്രദേശത്തുള്ള സൂര്യോദയവും അസ്തമയവും അവിസ്മരണീയമായ കാഴ്ചയാണ്. പശ്ചാത്തലത്തില്‍ ചുറ്റും പുക പോലെ ഒഴുകിപ്പരക്കുന്ന മഞ്ഞിന്‍റെ കാഴ്ചയ്ക്കിടയിലായി ദൂരെ പച്ച പുതച്ച പര്‍വത ഭാഗങ്ങളും ആകാശത്ത് ചായം ചാലിച്ച് വരച്ച പോലെ വിവിധ രൂപങ്ങളില്‍ തെളിയുന്ന മേഘങ്ങളുമെല്ലാം പകരുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവില്ല. അതുകൊണ്ടുതന്നെ, ഒരിക്കല്‍ ഇവിടെയെത്തിയ സഞ്ചാരികള്‍ തന്നെ വീണ്ടും വീണ്ടും ഇവിടേക്കെത്തുന്നു. 

Manungkot1

മൂടൽമഞ്ഞുമായി ബന്ധപ്പെട്ട്, ഈ പ്രദേശത്തെക്കുറിച്ച് പുരാണത്തില്‍ ഒരു കഥയുണ്ട്. പരാശരമുനിയുടെയും വ്യാസമുനിയുടെയും വാസസ്ഥലമായാണ് ഇവിടം കണക്കാക്കപ്പെടുന്നത്. മത്സ്യഗന്ധി എന്ന സുന്ദരിയുടെ സൗന്ദര്യത്താൽ ആകൃഷ്ടനായ പരാശര മുനി, മൂടൽമഞ്ഞ് സൃഷ്ടിക്കുകയും അതിന്‍റെ മറയില്‍ വച്ച് അവളെ പ്രാപിച്ചു എന്നുമാണ് കഥ. തുടര്‍ന്ന്, മുനി മത്സ്യഗന്ധം വമിച്ചിരുന്ന അവളുടെ ശരീരത്തെ സുഗന്ധമുള്ളതാക്കി മാറ്റുകയും ചെയ്തു. ഇങ്ങനെയാണ് വ്യാസമുനി ജനിച്ചതെന്ന് ഐതിഹ്യം പറയുന്നു.

നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും 108 കിലോമീറ്റര്‍ സഞ്ചരിച്ചു വേണം ഇവിടെയെത്താന്‍. അതുകൊണ്ടുതന്നെ, അധികം വികസനമൊന്നുമില്ലാതെ, ആരുടേയും ശ്രദ്ധയില്‍പ്പെടാതെ കിടന്ന ഒരു പ്രദേശമായിരുന്നു മനാഹുന്‍കോട്ട് ഇക്കാലമത്രയും. നിരവധി ആളുകള്‍ ഇവിടെയുള്ള തങ്ങളുടെ സ്ഥലം തുച്ഛമായ വിലയ്ക്ക് വിറ്റ്, നഗരങ്ങളിലേക്ക് കുടിയേറി. ഇപ്പോള്‍ ടൂറിസ്റ്റുകളുടെ വരവോടെ ഗ്രാമത്തിന്‍റെ സാമ്പത്തിക സ്ഥിതിയും വിനോദസഞ്ചാരമേഖലയിലെ മൂല്യവും കൂടി വരികയാണ് ഇവിടെ. അതോടൊപ്പം തന്നെ പുതിയ നിക്ഷേപകരും എത്തിക്കൊണ്ടിരിക്കുന്നു. സഞ്ചാരികള്‍ക്ക് നിലവില്‍ മതിയായ താമസ സൗകര്യങ്ങള്‍ ഒന്നും ഇവിടെയില്ല. അതുകൊണ്ടുതന്നെ, ബിസിനസ് അവസരം മുന്നില്‍ കണ്ടുകൊണ്ട്‌, മനാഹുന്‍കോട്ടില്‍  റിസോർട്ടും വലിയ ഹോട്ടലും പണിയാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. 

സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതോടെ മനാഹുന്‍കോട്ടിലും തൊട്ടടുത്ത സ്ഥലങ്ങളായ ഡ്യൂറാലി, നൗഗറെ, ചാർഗാരെ, ഛപതോക്, ബച്രിയാങ് എന്നിവിടങ്ങളിലും ഭൂമിയുടെ വില വർദ്ധിച്ചിട്ടുണ്ട്.  ഈ സ്ഥലം ഒരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍ ഇപ്പോള്‍. 

English Summary: Manungkot draws hundreds of Tourists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com