ADVERTISEMENT

സ്വർഗം താണിറങ്ങി മുന്നിലെത്തിയാൽ പോലും പുറം തിരിഞ്ഞു നിന്നു സെൽഫി എടുത്ത് പ്രൊഫൈൽ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നവരെക്കുറിച്ചു പഠനം നടത്തിയിരിക്കുന്നു അമേരിക്കയിലെ ഒരു സംഘം ഗവേഷകർ. മൊബൈൽ ഫോൺ കമ്പനികൾ കാമറയുടെ പിക്സൽ വർധിപ്പിക്കുന്നതിനു പിന്നിലെ ബിസിനസ് തന്ത്രം ഗവേഷകർ ചൂണ്ടിക്കാട്ടി. ആശയ വിനിമയത്തെക്കാൾ പ്രാധാന്യം മൊബൈൽ ഫോണിലെ ഫ്രണ്ട് കാമറയ്ക്കു ലഭിച്ചതെങ്ങനെ? മനശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ ഗവേഷകർ അന്വേഷിച്ചു. 

സമൂഹ മാധ്യമങ്ങളിൽ കിട്ടുന്ന പ്രതികരണം, അതിൽ സ്വയം കണ്ടെത്തുന്ന സംതൃപ്തി. ‘ആം ചെയർ ആക്ടിവിസം’ അഥവാ കസേരയിൽ ചാരിയിരുന്നു ‘വാക് പോരും വിപ്ലവ പ്രസംഗങ്ങളും’ നടത്തുന്നവർക്ക് സ്വന്തം ഫോട്ടോയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങൾ ഏറെ സന്തോഷം നൽകുമത്രേ. കൗതുകത്തോടെ ആരംഭിക്കുന്ന സെൽഫി സ്നേഹം പിന്നീട് വിവേകം നഷ്ടപ്പെടുത്തുമെന്നും അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും സൈക്കോളജിസ്റ്റുകൾ പറയുന്നു. 

banned-selfies1

സാഹസിക സെൽഫി തിരഞ്ഞു ജീവൻ നഷ്ടപ്പെടുത്തിയവരെയാണ് ഉദാഹഹരണമായി മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കു മുന്നിൽ ‘സെൽഫി നിരോധിച്ചിരിക്കുന്നു’ ബോർഡ് സ്ഥാപിക്കാൻ വഴിയൊരുക്കിയത് സെൽഫി ഭ്രമത്തിന്റെ ‘ആഫ്ടർ ഇഫക്ട്’ ആണ്.

സെൽഫി നിരോധനം

ടൂറിസം മേഖലയിൽ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ട സെൽഫി നിരോധന ഉത്തരവ് വിയറ്റ്നാമിലായിരുന്നു. ഹാനോയ് തെരുവിൽ മാർക്കറ്റിലൂടെ സർവീസ് നടത്തുന്ന ട്രെയിനിനു മുന്നിൽ വിനോദസഞ്ചാരികളുടെ സെൽഫി പിടുത്തം പതിവായി തടസ്സം സൃഷ്ടിച്ചു. ഇതു പതിവായപ്പോൾ ഹാനോയ് സ്ട്രീറ്റിൽ സെൽഫി നിരോധിച്ചു. സൗദി അറേബ്യയിലെ മക്ക, റോം, ഐസ്‌ലാൻഡ്, സ്പെയിൻ, കലിഫോർണിയ എന്നിവിടങ്ങൾ നേരത്തേ തന്നെ സെൽഫി നിരോധിച്ചിരുന്നു.

ban-tourism

അതേസമയം, ലോകത്ത് ഏറ്റവുമധികം സെൽഫി അനുബന്ധ അപകടങ്ങൾ സംഭവിച്ച രാജ്യം ഇന്ത്യയാണ്. ലോകാദ്ഭുതങ്ങളുടെ പട്ടിക അലങ്കരിക്കുന്ന താജ്മഹലിന്റെ റോയൽ ഗെയിറ്റിനു മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച ജപ്പാൻ സ്വദേശി വീണു മരിച്ചു. ജമ്മുകശ്മീരിലെ കോട്ടയുടെ മുകളിൽ കയറി മൊബൈൽ ക്യാമറയുമായി നിലയുറപ്പിച്ച ഇരുപതു വയസ്സുകാരന് ജീവൻ നഷ്ടപ്പെട്ടു. മുംബൈ ബാന്ദ്ര ബസ് സ്റ്റാൻഡ്, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽ സാഹസിക സെൽഫിയെടുക്കാൻ ഇറങ്ങിയവർ അപകടത്തിൽപ്പെട്ടു. ഈ സ്ഥലങ്ങളെല്ലാം ഇപ്പോൾ ‘Selfy Banned Area’ ആണ്. ഇല്ലിക്കൽ കല്ല്, കക്കാടംപൊയിൽ, ഇടുക്കി അണക്കെട്ട് എന്നിവിടങ്ങളിൽ അപകടത്തിൽപ്പെട്ടവർ കേരളത്തിന്റെ സെൽഫി ദുരന്തങ്ങൾ.

പൂർണരൂപം വായിക്കാം

English Summary: Places where selfies are banned 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com