ADVERTISEMENT

മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെ സ്പെഷലായി കിട്ടുന്ന സാധനങ്ങള്‍ വാങ്ങി ഓര്‍മയ്ക്കായി സൂക്ഷിക്കുകയോ പ്രിയപ്പെട്ടവര്‍ക്കു സമ്മാനിക്കുകയോ ചെയ്യാത്ത സഞ്ചാരികള്‍ കുറവായിരിക്കും. ഇങ്ങനെ ഹോങ്കോങ്ങിലേക്ക് യാത്ര ചെയ്യുന്നവര്‍ ഒരിക്കലും വിട്ടു പോകാന്‍ പാടില്ലാത്ത ഒരു കാര്യമാണ് ലോകപ്രശസ്തമായ അഗര്‍ വുഡ് സുഗന്ധം. 

ഹോങ്കോങ് നഗരത്തിന്‍റെ പേരു തന്നെ ഉണ്ടായത് സുഗന്ധവുമായി ബന്ധപ്പെട്ടാണ്. കാന്റനീസ് ഭാഷയില്‍ ‘സുഗന്ധമുള്ള തുറമുഖം’ എന്നാണ് ഹോങ്കോങ് എന്ന വാക്കിനർഥം. പണ്ടു കൊളോണിയൽ വ്യാപാര തുറമുഖമായിരുന്ന ഹോങ്കോങ് മിഡിൽ ഈസ്റ്റിലേക്കും മറ്റും സുഗന്ധവസ്തുക്കള്‍ കയറ്റി അയച്ചിരുന്നു. 

എന്താണ് അഗര്‍വുഡ്?

ലോകത്തെതന്നെ ഏറ്റവും വിലയേറിയ സുഗന്ധങ്ങളില്‍ ഒന്നാണ് അഗര്‍വുഡ്. ഫെങ്‌ഷൂയി വിശ്വാസപ്രകാരം പരമ്പരാഗതമായി ചൈനീസ് ഗ്രാമങ്ങൾക്ക് ചുറ്റും നട്ടുപിടിപ്പിച്ച അക്വിലാരിയ മരങ്ങളില്‍നിന്നു ലഭിക്കുന്ന സുഗന്ധമുള്ള മരക്കറയാണിത്‌. ഈ മരങ്ങളില്‍ ഒരു പ്രത്യേകതരം പ്രാണിയുടെ ഉപദ്രവമുണ്ടാകുമ്പോഴാണ് അവ സുഗന്ധമുള്ള അഗര്‍വുഡ് കറ ഉൽപാദിപ്പിക്കുന്നത്. 

Agarwood-Scent-1
By Stanislav71/shutterstock

സാധാരണയായി ഈ മരങ്ങള്‍ മണമില്ലാത്തതും അവയുടെ ഉള്‍വശം താരതമ്യേന ഇളം നിറമുള്ളതുമാണ്. എന്നാല്‍ പ്രാണിബാധയുണ്ടാകുമ്പോള്‍ മരം ഇരുണ്ട നിറവും സുഗന്ധവുമുള്ള റെസിൻ ഉത്പാദിപ്പിക്കുന്നു. ഇതാണ് അഗര്‍ എന്നറിയപ്പെടുന്നത്. അലോസ്‌വുഡ്, ഈഗിൾവുഡ്, ഗരുവുഡ് എന്നുമെല്ലാം ഇതിനു പേരുണ്ട്. വേദനസംഹാരിയായും അഗര്‍വുഡ് ഉപയോഗിക്കുന്നുണ്ട്. 

ഇത്രയും വിലയോ!

ലോകത്തിലെ ഏറ്റവും മൂല്യമേറിയ പ്രകൃതിദത്ത അസംസ്കൃത വസ്തുക്കളിൽ ഒന്നാണ് ഫസ്റ്റ് ഗ്രേഡ് അഗർ‌‌ വുഡ്. 2010 ലെ കണക്കനുസരിച്ച്, ശുദ്ധമായ അഗാര്‍വുഡ് കിലോഗ്രാമിന് 100,000 യുഎസ് ഡോളർ വരെയാണ് വില. ഇന്ത്യന്‍ രൂപ ഏകദേശം 73 ലക്ഷത്തിലധികം വരും ഇത്! ഭൂമിശാസ്ത്രപരമായ സ്ഥാനം, ബൊട്ടാണിക്കൽ സ്പീഷീസ്, വൃക്ഷത്തിന്റെ പ്രായം, അഗർവുഡ് ഉണ്ടാകുന്ന വൃക്ഷത്തിന്‍റെ വിഭാഗം എന്നിവ കണക്കിലെടുത്ത്, വ്യത്യസ്ത ഗുണനിലവാരമുള്ള അഗര്‍വുഡ് ഇന്ന് വിപണിയില്‍ ലഭ്യമാണ്. 2013 ലെ കണക്കനുസരിച്ച്, 6 മുതൽ 8 വരെ ബില്യൻ യുഎസ് ഡോളറാണ്, അഗർ‌വുഡിന്‍റെ നിലവിലുള്ള ആഗോള വിപണി മൂല്യം. 

എല്ലാ മരങ്ങളിലും അഗര്‍ ഉണ്ടാകുമോ?

അക്വിലാരിയ മരങ്ങളുടെ ജനുസ്സിൽ പതിനേഴ് ഇനങ്ങളുണ്ട്, തെക്കുകിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന ഈയിനങ്ങളില്‍ ഒമ്പതെണ്ണം അഗർവുഡ് ഉത്പാദിപ്പിക്കുന്നു.

Agarwood-Scent-3
By Khalid Hassan/shutterstock

നീരാവി ഉപയോഗിച്ചാണ് അഗാര്‍ ഓയിൽ മരത്തില്‍നിന്നു വേര്‍തിരിക്കുന്നത്. 70 കിലോ മരത്തില്‍നിന്നു സുഗന്ധമുള്ള വെറും 20 മില്ലി ഓയില്‍ മാത്രമേ ലഭിക്കൂ. ഈ എണ്ണയാണ് മിഡില്‍ ഈസ്റ്റില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഊദ് ഓയില്‍. 

English Summary: King of Scents Agarwood Perfumer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com