ADVERTISEMENT

എത്യോപ്യ ആഫ്രിക്കയിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നാണ്. ചരിത്രത്തെയും പുരാതന കരകൗശല വസ്തുക്കളെയും വിലമതിക്കുന്നവർക്ക് നിധി. 3 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള അവശിഷ്ടങ്ങൾ രാജ്യത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 3000 മീറ്ററിലധികം ഉയരത്തിൽ സിമിയൻ, ബേൽ പർവതങ്ങളിൽ ട്രെക്കിങ് നടത്താം അങ്ങനെ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാഴ്ചകൾ ഇവിടെയുണ്ട്.

Danakil-Depression
By Tanguy de Saint-Cyr/shutterstock

എത്യോപ്യയിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്നാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും താഴ്ന്ന സ്ഥലമായ ഡാനകിൽ ഡിപ്രഷൻ. നിഗൂഢതകൾ നിറഞ്ഞയിടം. ചൂടുള്ള നീരുറവകൾ, ആസിഡ് പൂളുകൾ, ഉപ്പ് പർവതങ്ങൾ, നീരാവി വിള്ളലുകൾ, തീ തുപ്പുന്ന അഗ്നിപർവതം എന്നിവയാൽ നിറഞ്ഞ ഇവിടം ആരെയും അതിശയിപ്പിക്കും. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളെക്കുറിച്ച് ഗവേഷണം നടത്താൻ ശാസ്ത്രജ്ഞർ ഈ സ്ഥലം ഉപയോഗിക്കുന്നുണ്ട്.

ഡാനകിൽ ഡിപ്രഷനിൽ നിന്നു ലഭിച്ചിരുന്ന ഉപ്പു സ്ലാബുകൾ എത്യോപ്യയിൽ ഏതാനും നൂറ്റാണ്ടുകൾക്ക് മുമ്പ് കറൻസിയായി ഉപയോഗിച്ചിരുന്നു. കാരണം ഈ ഉപ്പുപാളികൾ വെള്ള സ്വർണ്ണമെന്നാണ് അറിയപ്പെട്ടിരുന്നത്.

ഡാനകിൽ ഡിപ്രഷൻ എങ്ങനെ രൂപപ്പെട്ടു?

എത്യോപ്യയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള അഫാർ ട്രയാംഗിളിന്റെ ഭാഗമാണ് ഡാനകിൽ. ചെങ്കടലിന്റെ ഭാഗമായിരുന്ന പ്രദേശം കാലക്രമേണ, അഗ്നിപർവത സ്‌ഫോടനങ്ങളിലൂടെ പുറത്തുവിട്ട ലാവകൾ, വരണ്ട കാലാവസ്ഥയിൽ ബാഷ്പീകരിക്കപ്പെട്ടതോടെ ഇത്തരമൊരു ഭൂഘടന രൂപപ്പെട്ടു. അയൽ തീരങ്ങളിൽ നിന്നുള്ള കടലും മഴവെള്ളവും സൾഫ്യൂറിക് തടാകങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടും ഇത് മാഗ്മ കാരണം ചൂടാകുന്നു. കടലിൽ നിന്നുള്ള ഉപ്പ് മാഗ്മയിലെ ധാതുക്കളുമായി പ്രവർത്തിക്കുമ്പോൾ, മഞ്ഞ, പച്ച, ഓറഞ്ച്, ചുവപ്പ് തുടങ്ങിയ മനോഹരമായ നിറങ്ങൾക്ക് ജന്മം നൽകും.

Danakil-Depression-3
By Katja Tsvetkova/shutterstock

ഇവിടം ഭൂമിയിലെ ഏറ്റവും ചൂടേറിയതും വാസയോഗ്യമല്ലാത്തതുമായ സ്ഥലങ്ങളിൽ ഒന്നാണ്. എന്നിരുന്നാലും കാഴ്ചകൾ ആസ്വദിക്കുവാനായി നിരവധി സഞ്ചാരികള്‍ ഇവി‍ടെ എത്തിച്ചേരാറുണ്ട്. സജീവമായ അഗ്നിപർവതം എർട്ട ഏലെ ഇവിടുത്തെ മറ്റു പ്രധാന ആകർഷണമാണ്.

തീ തുപ്പുന്ന അഗ്നിപര്‍വതത്തിന്റെ കാഴ്ച ആസ്വദിക്കാം. അഫാർ ജനതയുടെ അനന്തമായ ഉപ്പുമരുഭൂമിയിലൂടെയുള്ള ഒട്ടക യാത്രകള്‍ കാണാം, പല നിറത്തിലെ തടാകങ്ങൾക്ക് മുകളിലൂടെ സൂര്യാസ്തമയം കാണാം, ഉപ്പുവെള്ളത്തിൽ പൊങ്ങി കിടന്ന് ആകാശത്തെ ദശലക്ഷക്കണക്കിന് നക്ഷത്രങ്ങളെ കൺകുളിർക്കെ ആസ്വദിക്കാം. അങ്ങനെ ഒരായുഷ്കാലത്തെ ഏറ്റവും മനോഹരമായ യാത്രാനുഭവത്തിന് സാക്ഷ്യം വഹിക്കാൻ പോകാം ഡാനകിൽ ഡിപ്രഷനിലേക്ക്.

English Summary: Danakil Depression in Ethiopia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com