ഗിന്നസ് റെക്കോര്‍ഡിട്ട പൂള്‍ 77–ാം നിലയിൽ; ഇവിടെ ഇറങ്ങിയാൽ ദുബായ് കൺമുന്നിൽ

infinity-pool-in-dubai3
SHARE

മായികക്കാഴ്ചകളുടെ നഗരമായ ദുബായ് സന്ദര്‍ശിക്കാന്‍ ഇനി ഒരു കാരണം കൂടി. ലോകത്തില്‍ത്തന്നെ ഏറ്റവും ഉയരത്തിലുള്ള ഇന്‍ഫിനിറ്റി പൂള്‍ ഇനി ദുബായ്ക്ക് സ്വന്തം. പൂളില്‍ കിടന്ന് നോക്കിയാല്‍ മനോഹരമായ ദുബായ് നഗരക്കാഴ്ചകള്‍ കണ്ണുനിറയെ കാണാം!

അഡ്രസ്‌ ബീച്ച് റിസോര്‍ട്ട് ശൃംഖലയുടെ ഭാഗമായ സീറ്റ സെവന്റി സെവന്‍ ഹോട്ടലിലാണ് ഗിന്നസ് റെക്കോര്‍ഡ് നേടിയ ഈ പൂള്‍ ഉള്ളത്. ഹോട്ടലിന്‍റെ 77-മത് നിലയില്‍, 964.2 അടി ഉയരത്തിലാണ് പൂള്‍ ഉള്ളത്. കഴിഞ്ഞ മാസമായിരുന്നു, ഇവിടുത്തെ ഇന്‍ഫിനിറ്റി പൂള്‍, 'ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇന്‍ഫിനിറ്റി പൂള്‍' എന്ന ബഹുമതി നേടിയ വിവരം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പ്രഖ്യാപിച്ചത്.

infinity-pool-in-dubai
Image From guinness world records

311 അടി നീളവും 54 അടി വീതിയുമുള്ള കൂറ്റൻ പൂള്‍ ആണിത്. ഏകദേശം ഈഫൽ ടവറിന്‍റെ ഉയരത്തോളമുണ്ട്, ഭൂമിയില്‍ നിന്നുമുള്ള പൂളിന്‍റെ ഉയരം. ദുബായ് നഗരത്തിന്‍റെ പ്രതിരൂപമായ ബുർജ് അൽ അറബ്, പാം ജുമൈറ, വേൾഡ് ഐലന്‍ഡ് എന്നിവയുൾപ്പെടെയുള്ള വിസ്മയങ്ങളും വിശാലമായ നഗരക്കാഴ്ചകളും ഗിന്നസ് ബുക്കില്‍ ഇടം നേടിയ ലോകത്തെ ഏറ്റവും ഉയരമുള്ള ഐൻ ദുബായ് ഫെറിസ് വീലുമെല്ലാം ഈ പൂളില്‍ നിന്നും കാണാനാവും.

ഇന്‍ഫിനിറ്റി പൂള്‍ കൂടാതെ മുതിർന്നവർക്ക് മാത്രമുള്ള പൂള്‍, ഫാമിലി പൂൾ, കുട്ടികളുടെ സ്പ്ലാഷ് പാഡ് എന്നിവയും ഈ പ്രോപ്പർട്ടിയിലുണ്ട്. ഹോട്ടലില്‍ എത്തുന്ന അതിഥികൾക്കും ഈ സൗകര്യങ്ങൾ ലഭ്യമാണ്, എന്നാല്‍ ഇന്‍ഫിനിറ്റി പൂൾ 21 വയസും അതിൽ കൂടുതലുമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പൂളിനോട് ചേര്‍ന്നുതന്നെ, ഒരു ഏഷ്യൻ ഫ്യൂഷൻ റെസ്റ്റോറന്റുമുണ്ട്. 

ഈ ഹോട്ടലിനു തന്നെ മറ്റൊരു ഗിന്നസ് റെക്കോര്‍ഡ് കൂടിയുണ്ട്. 77 നിലകളുള്ള ഇരട്ട ടവറിന്‍റെ ഒരു ഭാഗമാണ് ഈ റിസോർട്ട്. രണ്ടു കെട്ടിടങ്ങളുടെയും ഒന്ന് മുതല്‍ പതിമൂന്നു വരെയുള്ള നിലകളും പിന്നീട്, 63 മുതൽ 77 വരെയുള്ള നിലകളും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട്, ഒരു സ്കൈബ്രിഡ്ജ് നിര്‍മിച്ചിട്ടുണ്ട്. 965.7 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇത്, സഞ്ചരിക്കാനാവുന്ന, ഏറ്റവും ഉയരത്തിലുള്ള സ്കൈബ്രിഡ്ജാണ്.

infinity-pool-in-dubai1
Image From guinness world records

അഡ്രസ് ബീച്ച് റിസോർട്ട്സിന്‍റെ ഭാഗമായ ഈ റിസോര്‍ട്ട് 2020 ഡിസംബറിലാണ് തുറന്നത്. 217 ഗസ്റ്റ് റൂമുകളും സ്യൂട്ടുകളും ഇവിടെയുണ്ട്.  കൂടാതെ ഫര്‍ണിഷ് ചെയ്ത് 443 മുറികളും ഫര്‍ണിഷ് ചെയ്യാത്ത 478 മുറികളും ഇവിടെയുണ്ട്. 

English Summary: Address Beach Resort: The world's highest infinity pool

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA