ADVERTISEMENT

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്തൊനീഷ്യ. ഇവിടെയുള്ള അതിമനോഹരമായ ഒരു ദ്വീപു സമൂഹമാണ് സ്പൈസ് ഐലന്‍ഡ്‌സ് എന്ന് ഓമനപ്പേരുള്ള മാലുക്കു അഥവാ മൊലൂക്കസ് ദ്വീപുകള്‍.  ആകെ, 850,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയില്‍ ഏകദേശം 1027 ദ്വീപുകളുടെ സമൂഹമാണ് ഇത്. ഇതില്‍ 90% ദ്വീപുകളും കടലിലാണ് സ്ഥിതിചെയ്യുന്നത്. ദ്വീപുകളിൽ ഭൂരിഭാഗവും വനമേഖലയും പർവതപ്രദേശവുമാണ്.

ജാതിക്ക, ജാതിപത്രി, ഗ്രാമ്പൂ എന്നിവ ധാരാളമായി കണ്ടു വരുന്നതിനാലാണ് ഈ ദ്വീപുകൾ സ്പൈസ് ദ്വീപുകൾ എന്നറിയപ്പെട്ടത്. പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിന്‍റെ  കൊളോണിയൽ കഴുകന്‍ കണ്ണുകള്‍ ഇവിടെ പതിക്കാനും സമൃദ്ധമായ ഈ സുഗന്ധവ്യഞ്ജനങ്ങളുടെ സാന്നിധ്യം കാരണമായി. 

സഞ്ചാരികള്‍ക്കും പ്രിയ ഇടം

സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ് സ്പൈസ് ദ്വീപുകള്‍. ഇവിടെയുള്ള വിദൂര ഗ്രാമങ്ങളിൽ താമസിക്കാനും അഗ്നിപർവ്വതങ്ങള്‍ക്കരികിലൂടെ നടക്കാനുമെല്ലാമായി വര്‍ഷംതോറും യാത്രക്കാർ ഈ പ്രദേശത്തെത്തുന്നു. പവിഴപ്പുറ്റുകള്‍ക്കിടയിലൂടെയുള്ള ഡൈവിങ് ആണ് സഞ്ചാരികള്‍ക്ക് ലഹരിയേകുന്ന മറ്റൊരു വിനോദം. ദ്വീപുകളിലൂടെയുള്ള യാത്രക്കായി സ്കൂബ ഡൈവിങ് ബോട്ടുകളും ഇവിടെയുണ്ട്. 

Spice-Islands1
By Ethan Daniels/shutterstock

അഗ്നിപർവത ദ്വീപുകളിലെ അതിമനോഹരമായ സ്കൂബ ഡൈവിങ് അനുഭവത്തിനും പ്രശസ്തമായ സ്ഥലമാണ് സ്‌പൈസ് ദ്വീപുകൾ. സ്പൈസ് ദ്വീപുകളില്‍ പെടുന്ന നുസ ലോട്ട് ദ്വീപ് ആണ് ഇതിനേറ്റവും മികച്ച സ്ഥലം. വെള്ളത്തിനടിയില്‍ 60 മീറ്ററില്‍ കൂടുതല്‍ ദൂരത്തിലുള്ള കാഴ്ചകള്‍ കാണാന്‍ കഴിയും ഇവിടെ. ബ്ലാക്ക് സ്നാപ്പര്‍, ബ്ലൂ സ്പോട്ടഡ് സ്റ്റിംഗ്റേയ്സ്, സ്കൂളിംഗ് ബം‌പ്ഹെഡ് പാരറ്റ് ഫിഷ്, ജയന്റ് നെപ്പോളിയൻ വ്രസ്സെ എന്നീ മത്സ്യങ്ങളെയും ഇവിടെ കാണാം. 

അപൂര്‍വമായ ജലജീവികളുടെ കാഴ്ചകള്‍ ഒളിപ്പിച്ചുവെച്ച മറ്റൊരു ദ്വീപാണ് അംബോൺ. ഫ്രോഗ് ഫിഷ്‌, സ്നേക്ക് ഈല്‍സ്, സ്റ്റാര്‍ഗേസര്‍ മുതലായവ ഇവയില്‍ ചിലതാണ്. മനോഹരമായ പര്‍പ്പിള്‍ നിറത്തില്‍ ദേഹം നിറയെ രോമമുള്ള ഹെയറി സ്ക്വാട്ട് ലോബ്സ്റ്റര്‍ ആണ് ഇവിടുത്തെ മറ്റൊരു കൗതുകജീവി. 

Ambon---Spice-Islands
By Nowaczyk/shutterstock

ഇന്തൊനീഷ്യയുടെ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്‍റെ വേരുകൾ പുരാതന കാലത്തേക്ക് നീളുന്നതാണ്. മഡഗാസ്കറില്‍ നിന്നുള്ളവരായിരുന്നു സ്പൈസ് ദ്വീപുകളിൽ ആദ്യമായി താമസമാക്കിയവർ.ആഫ്രിക്കയ്ക്കും ഇന്തൊനീഷ്യയ്ക്കുമിടയിലായിരുന്നു ഷിപ്പിങ് റൂട്ടുകൾ ആദ്യം ആരംഭിച്ചത്. പിന്നീട് പതിനാറാം നൂറ്റാണ്ടു മുതല്‍ പോർച്ചുഗീസുകാരുമായും സ്പാനിഷ്, ഇംഗ്ലീഷ്, ഡച്ച് ആളുകളുമായുമുള്ള വ്യാപാരത്തിന് ഈ റൂട്ട് ഉപയോഗിച്ചു. ഇന്നും ലോകത്തേറ്റവും മികച്ച സുഗന്ധവ്യഞ്ജനങ്ങള്‍ ലഭിക്കുന്ന ഇടമാണ് സ്പൈസ് ദ്വീപുകള്‍. 

ജാതിക്ക, ഗ്രാമ്പൂ മുതലായവയ്ക്ക് പുറമേ മാമ്പഴം, ശീമച്ചക്ക, തേങ്ങ, കൊക്കോ മുതലായ വിളകളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. വീടുകളിലെങ്ങും ഇവ നിരനിരയായി ഉണക്കുന്നതും കാണാം. ഇവ വില്‍ക്കുന്നത് ഇവിടെയുള്ള ആളുകളുടെ പ്രധാന വരുമാന മാര്‍ഗ്ഗമാണ്. ദ്വീപിലെത്തുന്ന സഞ്ചാരികളില്‍ പലരും ഗുണമേന്മയേറിയ ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാണ് തിരിച്ചു പോകുന്നത്.  

മധ്യ, തെക്കൻ മാലുക്കു ദ്വീപുകളില്‍ ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയത്ത് വരണ്ട മണ്‍സൂണ്‍ കാലാവസ്ഥയും മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള സമയത്ത് ആർദ്ര മണ്‍സൂണ്‍ കാലാവസ്ഥയുമാണ്‌ അനുഭവപ്പെടുന്നത്. ഇന്തോനേഷ്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഈ കാലാവസ്ഥ. പൊതുവേ ഇങ്ങനെ പറയാമെങ്കിലും ഓരോ ദ്വീപുകളിലും അവയുടെ ഭൂപ്രകൃതിക്കനുസരിച്ച് കാലാവസ്ഥ വ്യത്യാസപ്പെടാം. അതുകൊണ്ടുതന്നെ യാത്രക്കൊരുങ്ങുമ്പോള്‍ സഞ്ചാരികള്‍ അതാതിടങ്ങളിലെ കാലാവസ്ഥ പരിശോധിക്കേണ്ടതാണ്. 

English Summary: Spice Islands Indonesia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com