ഓരോ ആറുമാസത്തിലും രാജ്യം മാറുന്ന ദ്വീപ്; ഈ അദ്ഭുതം സംഭവിക്കുന്നത് എന്തുകൊണ്ട്?

pheasant-island
By EQRoy/shutterstock
SHARE

വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ രാജ്യാന്തര യാത്ര നടത്തിയാല്‍ അത് എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മള്‍ സഞ്ചരിച്ചില്ലെങ്കില്‍ പിന്നെ, താമസിക്കുന്ന സ്ഥലം മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണം. അതെങ്ങനെ സംഭവിക്കും എന്ന് നെറ്റി ചുളിക്കാന്‍ വരട്ടെ, ഇടയ്ക്കിടെ ദേശീയത ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്ന സ്ഥലങ്ങള്‍ ഉണ്ട്. അങ്ങനെ കൗതുകമുണര്‍ത്തുന്ന ഒരു സ്ഥലമാണ് ഫെസന്‍റ് ദ്വീപ്‌.   

ഫ്രാൻസിനും സ്‌പെയിനിനുമിടയിൽ സ്ഥിതിചെയ്യുന്ന ബിദാസോവ നദിയിലെ ജനവാസമില്ലാത്ത നദി ദ്വീപാണ് ഫെസന്‍റ് ദ്വീപ്. ഇരു രാജ്യങ്ങളും മാറിമാറിയാണ് ഭരണം. അതായത് ആറു മാസം ഫ്രാന്‍സിന്‍റെ ഭാഗമാണെങ്കില്‍, അടുത്ത ആറു മാസം ഇത് സ്പെയിനിന്‍റെ ഭാഗമായിരിക്കും. അതായത്, ഫ്രാന്‍സില്‍ കിടന്നുറങ്ങുന്ന ആള്‍ ചിലപ്പോള്‍ രാവിലെ എഴുന്നേല്‍ക്കുന്നത് സ്പെയിനിലായിരിക്കും; പാസ്പോര്‍ട്ടോ വീസയോ ഒന്നും ഇല്ലാതെ ഒരു വിദേശയാത്ര.

സഞ്ചാരികള്‍ക്ക്  സ്പാനിഷ് ഭാഗത്ത് നിന്നും കുറഞ്ഞ വേലിയേറ്റമുള്ള സമയത്ത് ദ്വീപില്‍ എത്തിച്ചേരാം. ജനവാസമില്ലാത്തതിനാല്‍ ചില പ്രത്യേക ദിനങ്ങളില്‍ മാത്രമേ സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശനമുള്ളൂ. ഇറുൻ, ഹെൻഡായി എന്നിവിടങ്ങളിലെ മുനിസിപ്പൽ ഗവൺമെന്‍റ്  ജീവനക്കാർക്ക് ശുചീകരണത്തിനും പൂന്തോട്ട പരിപാലനത്തിനുമായി ആറുമാസത്തിലൊരിക്കൽ ദ്വീപിലേക്ക് പ്രവേശിക്കാം. കൂടാതെ നാവിക കമാൻഡുകളായ സാൻ സെബാസ്റ്റ്യൻ (സ്പെയിൻ), ബയോൺ (ഫ്രാൻസ്) എന്നിവ ഓരോ അഞ്ച് ദിവസത്തിലും ദ്വീപ്‌ നിരീക്ഷണത്തിനായി എത്തും. 

pheasant-island1
By EQRoy/shutterstock

1659 ൽ പൈറീനീസ് ഉടമ്പടി പ്രകാരം, സ്പെയിനിന്റെയും ഫ്രാൻസിന്റെയും സംയുക്ത പരമാധികാരത്തിന് കീഴിൽ  സ്ഥാപിതമായതാണ് ഈ ദ്വീപ്. മുപ്പതു വര്‍ഷം നീണ്ട യുദ്ധങ്ങള്‍ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇങ്ങനെയൊരു അധികാര ഉടമ്പടിക്ക് തയാറായത്. ഇതിന്‍റെ സ്മരണയ്ക്കായി ദ്വീപിന്‍റെ മധ്യഭാഗത്തായി സ്ഥാപിച്ച ശിലാസ്തംഭം ഇന്നും കാണാം. 

ഉടമ്പടി പ്രകാരം ഫെബ്രുവരി 1 മുതൽ ജൂലൈ 31 വരെ സ്പെയിനിലെ സാൻ സെബാസ്റ്റ്യനിലെ നാവിക കമാൻഡർമാരുടെ ഭരണത്തിന്‍ കീഴിലാണ് ദ്വീപ്‌. തുടര്‍ന്ന്, ഓഗസ്റ്റ് 1 മുതൽ ജനുവരി 31 വരെ ഫ്രാൻസിലെ ബയോൺ നഗരത്തിന്‍റെ ഭാഗമായിരിക്കും. ആറുമാസത്തിലൊരിക്കൽ, കാലാവധി കഴിയുമ്പോള്‍ സ്പെയിനിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ള പ്രതിനിധികൾ ദ്വീപിൽ കൂടിക്കാഴ്ച നടത്തുകയും അടുത്തതായി ഭരണം കയ്യാളുന്ന രാജ്യത്തിന്‌ രേഖകൾ ഔദ്യോഗികമായി കൈമാറുകയും ചെയ്യുന്നു. 

സ്ഥിരമായ മനുഷ്യവാസമില്ലാത്ത ദ്വീപാണ് ഫെസന്‍റ്. ഒരു കാലത്ത് ഫ്രഞ്ച്, സ്പാനിഷ് ഭരണാധികാരികൾ തമ്മിലുള്ള രാജകീയ വിവാഹത്തിനുള്ള ഒരു പ്രധാന വേദിയായിരുന്നു ഇവിടം. 2018 ജനുവരിയിലെ കണക്കനുസരിച്ച് ദ്വീപിന് ഏകദേശം 200 മീറ്റർ നീളവും 40 മീറ്റർ വീതിയും ഉണ്ട്. വെള്ളത്തിനടിയിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപുകളില്‍ പെട്ടതാണ് ഇതും എന്നതാണ് മറ്റൊരു പ്രത്യേകത. അധിക കാലം ഈ അപൂര്‍വ ദ്വീപ്‌ ഭൂമുഖത്തുണ്ടാവില്ല.

English Summary: The interesting tale of Pheasant Island that Changes Countries Every Six Months

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA