ADVERTISEMENT

 നൈറ്റ് ലൈഫ് ആരാധകരായ യാത്രാപ്രേമികകളെ മാടിവിളിക്കും തായ്‌ലൻഡ് എന്ന സ്വപ്ന ഭൂമി. ബീച്ച് പാർട്ടികൾ, സഫാരികൾ, രാത്രിമാർക്കറ്റുകൾ, നൈറ്റ്ക്ലബ്ബുകൾ, സ്ട്രീറ്റ് ഫൂഡ്, വിസ്മയകരങ്ങളായ ഷോകൾ എന്നിവ നിങ്ങളെ മറ്റൊരു ലോകത്ത് എത്തിക്കും.  ഇൗ കാഴ്ചകൾക്കപ്പുറം പ്രകൃതിയുടെ സൗന്ദര്യം നിറഞ്ഞ ഇടങ്ങളും ഇന്നാട്ടിലുണ്ട്.

  നാൻ പോലുള്ള ഉൾനാടൻ ഭൂമികയിലും കാണാനേറെയുണ്ട്

തായ്‌ലൻഡിലെ ഏറ്റവും ഉൾനാടൻ പ്രദേശമാണു നാൻ. തായ് – ലാവോസ് അതിർത്തിയിലുള്ള പ്രശാന്ത സുന്ദരമായ നാൻ, തായ്‌ലൻഡിന്റെ പഴയ രാജാക്കന്മാരുടെ ജന്മദേശമാണ്. 1930 വരെ സ്വയംഭരണാധികാര പ്രദേശമായിരുന്ന നാനിലേക്ക് എത്തിച്ചേരൽ ഇപ്പോഴും കഠിനമാണ്.

 

Nan-Thailand-Trip
By Kajohnwit Boonsom/shutterstock

പ്രകൃതിസൗന്ദര്യമാണ് നാനിന്റെ പ്രധാന ആകർഷണം. ദോയ്  കു ഫാ എന്ന ദേശീയോദ്യാനം ലോകത്ത് ഏറ്റവും വലിയ പൂന്തോട്ടമാണെന്ന് തായ് ടൂറിസം വകുപ്പ് അവകാശപ്പെടുന്നു. തായ്‌ലൻഡ‍ിലെ ഏറ്റവും ഉയരമേറിയ മലകൾ സ്ഥിതി ചെയ്യുന്ന നാനിന്റെ താഴ്‌വരയിലാണ് മിൻ, ലു, മോങ് തുടങ്ങിയ ആദിവാസി – ഗോത്ര വിഭാഗങ്ങൾ പാർക്കുന്നത്. വാട് ഫുമിൻ എന്ന ക്ഷേത്രം ഇവിടെയാണ്. ചുമർ ചിത്രങ്ങളാൽ അലംകൃതമായ ക്ഷേത്രവും മനോഹരമായ താഴ്‌വരയും സഞ്ചാരികളുടെ മനംകവരുന്നു. നാനിന്റെ ചരിത്രം വ്യക്തമാക്കുന്ന നാൻ ദേശീയ മ്യൂസിയം ഇവിടെയുണ്ട്.

രുചിയൂറും വിഭവം

നാനിനുമുണ്ട് ഒരു ചൂടൻ റൊട്ടി മണം. ചൂടുള്ള ബ്രെഡ്ഡാണ് നാൻ പ്രവിശ്യയുടെ പരമ്പരാഗത വിഭവം. സൂര്യനുദിക്കുമ്പോഴേക്കും നാനിലെ കഫേകളുടെ മുന്നിൽ ബ്രെഡ്ഡ് വാങ്ങാൻ ക്യൂ നിൽക്കുന്ന ആളുകളെ കാണാം. പ്രാദേശിക ഭക്ഷണം ആഡംബരമായി പ്രദർശിപ്പിച്ച് വിൽക്കുന്ന റസ്റ്ററന്റുകളും നാനിലുണ്ട്.

 

ഇസാൻ ലോയി പ്രവിശ്യകളിലൂടെ...

 

വടക്കു കിഴക്കൻ പ്രദേശമായ ഇസാൻ കാണാനായി ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ആളുകൾ എത്താറുണ്ട്. ലാവോസും തായ്‌ലൻഡുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തു കൂടി ഒഴുകുന്ന മെകോങ് നദിയാണ് ആ പ്രദേശത്തിന്റെ സൗന്ദര്യം. മലകളും നെൽപ്പാടങ്ങളും, പൂന്തോട്ടങ്ങളുമുള്ള ഹരിതാഭയാർന്ന ഭൂപ്രദേശം മലകളുടെ കടൽ (sea of mountains) എന്നാണ് അറിയപ്പെടുന്നത്.

അതേസമയം, പുഞ്ചിരിയുടെ താഴ്‌വരയെന്നാണ് അവിടുത്തുകാർ ഈ സ്ഥലത്തെ വിശേഷിപ്പിക്കുന്നത്. ഭൂമിയുടെ സംരക്ഷകർ നാട്ടു ദൈവങ്ങളാണെന്ന് അടിയുറച്ചു വിശ്വസിക്കുന്ന അവർ എല്ലാ വർഷവും പ്രേതോത്സവം നടത്താറുണ്ട്. ഓരോ വർഷവും ആകാശത്ത് ആറു തവണ പൂർണ ചന്ദ്രൻ പ്രത്യക്ഷപ്പെട്ട ശേഷമാണ് പ്രേതോത്സവം (ghost festival) നടത്താറുള്ളത്. ജൂൺ – ജൂലൈ മാസങ്ങളിലാണ് ഈ ആഘോഷം. മഴയും കാർഷിക സമൃദ്ധിയും ലഭിക്കുന്നതിനായി നടത്തുന്ന വർണാഭമായ ഉത്സവം കാണാൻ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് സന്ദർശകരെത്തും.

ഫു ക്രാദുങ് ദേശീയോദ്യാനമാണ് തായ്‌ലൻഡിന്റെ പ്രകൃതിയിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ള മറ്റൊരു സ്ഥലം. വെള്ളച്ചാട്ടം, ഹൈക്കിങ്, ഹുവായ് ക്രാതിങ് അണക്കെട്ട് എന്നിവയാണ് ദേശീയോദ്യാനത്തിലുള്ളത്. ഇസാൻ പ്രവിശ്യയുടെ ഭക്ഷണ പാരമ്പര്യം പ്രസിദ്ധം. വിശേഷപ്പെട്ട വൈൻ കഴിക്കാനായി മാത്രം അവിടെ എത്തുന്നവർ അനവധി.

 

English Summary: Nan Thailand Tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com