ADVERTISEMENT

ഇരുപതാളുകളുടെ ശക്തിയുള്ള ഭീകരന്‍, നൂറ്റാണ്ടുകൾ പ്രായമുള്ള രക്തരക്ഷസ്സ്, പകല്‍ മുഴുവന്‍ ശവപ്പെട്ടിക്കുള്ളില്‍ കഴിഞ്ഞ് രാത്രിയുടെ നിശ്ശബ്ദയാമങ്ങളില്‍ ആകാശം മുട്ടുന്ന തന്‍റെ കോട്ടയുടെ ചുവരുകളിലൂടെ ഇഴഞ്ഞിറങ്ങി യുവതികളുടെ രക്തം കുടിച്ച് യൗവനം നിലനിര്‍ത്തുന്ന ഡ്രാക്കുള പ്രഭു പതിറ്റാണ്ടുകളായി വായനക്കാരുടെ ഉറക്കം കെടുത്തുന്ന കഥാപാത്രമാണ്.  ഡ്രാക്കുളയുടെ വാസസ്ഥലമായി ചിത്രീകരിക്കപ്പെടുന്നതും റൊമേനിയയിലെ ബോർഗോ ചുരത്തിനടുത്ത് സ്ഥിതിചെയ്യുന്നതുമായ പഴകിയ ഡ്രാക്കുളക്കോട്ട വര്‍ഷങ്ങളായി സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. ബ്രാന്‍ കാസില്‍ എന്നറിയപ്പെടുന്ന ഈ കൊട്ടാരം കാണാനും വായിച്ചും കേട്ടുമറിഞ്ഞ കാര്യങ്ങള്‍ നേരിട്ടനുഭവിക്കാനുമായി നിരവധി പേരാണ് വര്‍ഷംതോറും ഇവിടെ എത്താറുള്ളത്. 

ഇപ്പോഴിതാ, സഞ്ചാരികള്‍ക്ക് ഇവിടേക്കെത്താന്‍ ഒരു കാരണം കൂടി നല്‍കുകയാണ് ബ്രാം സ്റ്റോക്കര്‍ നോവലിലൂടെ പ്രശസ്തമായ ഡ്രാക്കുള കൊട്ടാരം. സന്ദര്‍ശകര്‍ക്കായി കോവിഡ് -19 വാക്സിനേഷൻ മാരത്തൺ ആരംഭിക്കുന്നതായി കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇതുവഴി മേയ് മാസം മുഴുവനും എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും, മുന്‍കൂട്ടി ബുക്ക് ചെയ്യാതെ തന്നെ സൗജന്യ ഡോസ് വാക്സിന്‍ വിതരണം ചെയ്യും.

ട്രാൻസിൽവാനിയയിലെ കാർപാത്തിയൻ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ടയിലേക്ക് ഇതുവഴി കൂടുതൽ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫൈസർ-ബയോടെക് വാക്സിൻ ഷോട്ടുകളാണ് നല്‍കുന്നത്. കോട്ടയിലെത്തുന്ന എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് നിര്‍ബ്ബന്ധമില്ല. എന്നാല്‍ ഇവിടെ നിന്നും വാക്സിന്‍ എടുത്തവര്‍ക്ക് ബ്രാൻ കാസിലിൽ വാക്സിന്‍ എടുത്തു എന്ന് കാണിക്കുന്ന ഒരു "ഡിപ്ലോമ" നല്‍കും. കൂടാതെ ബ്രാന്‍ കാസിലിന്‍റെ ഫേസ്ബുക്ക് പേജില്‍ കാണിച്ചിട്ടുള്ളതും മധ്യകാലങ്ങളില്‍ മനുഷ്യരെ പീഡിപ്പിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നതുമായ പ്രത്യേക ഉപകരണങ്ങള്‍ കാണാനും ഈ സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും.

വാക്സിന്‍ നല്‍കുന്ന രീതിയും കൗതുകകരമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. കൂര്‍ത്ത കോമ്പല്ലുകള്‍ ധരിച്ച ഒരു നഴ്സായിരിക്കും കുത്തിവയ്പ്പ് നല്‍കുന്നത്. ഡ്രാക്കുളക്കോട്ടയ്ക്കുള്ളിലെ കുത്തിവയ്പ്പ് ഒരു പൂര്‍ണ്ണ അനുഭവമാക്കാനാണ് സംഘാടകര്‍ ഇത്തരം നടപടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക, മാസ്ക് ധരിക്കുക, മറ്റുള്ളവരിൽ നിന്ന് രണ്ടര മീറ്റർ (ഏകദേശം ആറര അടി) അകലം പാലിക്കുക എന്നിവ ഉൾപ്പെടെയുള്ള എല്ലാ കൊറോണ വൈറസ് സുരക്ഷാ നടപടികളും ഇവിടെയെത്തുന്ന സന്ദർശകർ പാലിക്കേണ്ടതുണ്ടെന്ന് കോട്ടയുടെ വെബ്സൈറ്റില്‍ പറയുന്നു.

Dracula-Castle-in-Romania1
By Gaspar Janos/shutterstock

1388 ൽ പൂർത്തീകരിച്ച മധ്യകാല കോട്ട, ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കറുടെ 1897 ലെ ഡ്രാക്കുള എന്ന നോവലിലൂടെയാണ് ലോകപ്രശസ്തമായത്‌. സ്റ്റോക്കര്‍ ഒരിക്കലും ഈ കോട്ട സന്ദര്‍ശിച്ചിട്ടില്ല എന്നതാണ് കൗതുകകരമായ ഒരു വസ്തുത.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ രാത്രി 8 വരെയും ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 8 വരെയും ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയുമാണ് വാക്സിനുകള്‍ നല്‍കുക. കൂടുതൽ റൊമാനിയക്കാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള ഗവൺമെന്റിന്റെ ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. കണക്കനുസരിച്ച് ഇതുവരെ, രാജ്യത്തെ ജനസംഖ്യയുടെ 11.96% പേർക്ക് പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്,  ജോൺസ് ഹോപ്കിൻസ് കൊറോണ വൈറസ് റിസോഴ്‌സ് സെന്ററിൽ നിന്നുള്ള ഡാറ്റ പ്രകാരം 5,891,855 ഡോസുകൾ ഇതുവരെ നൽകി.

English Summary: Dracula's Castle in Romania offering free Vaccines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com