ADVERTISEMENT

അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള ഒറിഗോണിലെ ലിങ്കൺ സിറ്റിയില്‍ എല്ലാ വര്‍ഷവും രസകരമായ ഒരു മത്സരം നടക്കാറുണ്ട്. ബാല്യകാലത്ത്‌ കുഴി കുത്തി കളിച്ചിരുന്ന ചെറിയ ഗോലികള്‍ ഓര്‍മയില്ലേ? അത്തരത്തിലുള്ള 3,000 ത്തിലധികം ഗോലികള്‍ സഞ്ചാരികള്‍ എത്തുന്ന ബീച്ചുകളില്‍ അവിടവിടെയായി ഒളിപ്പിക്കും. ബേസ്ബോളിന്‍റെ വലുപ്പം മുതൽ ഒരു ബാസ്കറ്റ്ബോളിന്‍റെ വരെ വലുപ്പമുള്ള ഗ്ലാസ് ഗോലികളാണ് ഇവ. ഇവയെല്ലാം തന്നെ, പൊള്ളയായതും വർണ്ണാഭമായ പാറ്റേണുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നതുമായിരിക്കും. 'ഫൈന്‍ഡേഴ്സ് കീപ്പേഴ്സ്'  എന്നാണ് ഈ വിനോദത്തിന്‍റെ പേര്. വിനോദ സഞ്ചാരികള്‍ക്ക് ഏറെ ഹരംപകരുന്ന ഒരു കളിയാണിത്.

'ഗ്ലാസ് ഫിഷിങ് ഫ്ലോട്ടു'കള്‍

രണ്ടു ദശകങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ ഈ വിനോദം പ്രചാരത്തില്‍ വന്നിട്ട്. എന്നാല്‍, കടലോരങ്ങളില്‍ നിന്നു ഇങ്ങനെ ഗോലികള്‍ കണ്ടെത്തുന്നതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കടലില്‍ നിന്നും ഗോലികള്‍ കരയിലേക്ക് വന്നടിയുന്നത് പതിവായിരുന്നു. ജപ്പാനിലും നോര്‍വേയിലുമുള്ള മത്സ്യബന്ധന തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന 'ഗ്ലാസ് ഫിഷിങ് ഫ്ലോട്ടു'കള്‍ ആയിരുന്നു ഇവ. വലകള്‍ വെള്ളത്തിന്‌ മുകളില്‍ പൊങ്ങിക്കിടക്കാന്‍ വേണ്ടിയായിരുന്നു ഇവ ഉപയോഗിച്ചിരുന്നത്. ഇങ്ങനെ പൊങ്ങി വരുന്ന ഗോലികള്‍ക്ക് എല്ലാക്കാലത്തും വന്‍ ഡിമാന്‍ഡ് ആണെന്നത് മറ്റൊരു കാര്യം.

ജാപ്പനീസ് രീതി അനുസരിച്ച്, വാണിജ്യ മത്സ്യബന്ധനത്തിൽ, വലകള്‍ മൈലുകളോളം പരസ്പരം ബന്ധിപ്പിച്ചാണ് ഉപയോഗിക്കുന്നത്. വായു നിറച്ച പൊള്ളയായ ഗോളങ്ങൾ ഉപയോഗിച്ചാണ് ഇവ വെള്ളത്തിന്‌ മുകളില്‍ പൊങ്ങി നില്‍ക്കുന്നത്. പ്ലാസ്റ്റിക്, അലുമിനിയം എന്നിവ കൊണ്ട് നിര്‍മിച്ച ഗോളങ്ങള്‍ ആണ് ഇന്ന് ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍, ഗ്ലാസ് കൊണ്ട്  നിര്‍മിച്ച ഗോളങ്ങള്‍ ആയിരുന്നു മുന്‍പൊക്കെ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചിരുന്നത്.

മത്സ്യബന്ധനത്തിനായി ഗ്ലാസ് ഫ്ലോട്ടുകൾ നിര്‍മിച്ച് വിപണനം ചെയ്യാമെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് ക്രിസ്റ്റഫർ ഫെയ് എന്ന ഒരു നോർവീജിയൻ വ്യാപാരിയായിരുന്നു. തുടര്‍ന്ന്, 1842ൽ ഒരു നോർവീജിയൻ ഗ്ലാസ് കമ്പനിയായ ഹേഡ്ലാൻഡ് ഗ്ലാസ്വർക്ക് ആണ് ഗ്ലാസ് ഫ്ലോട്ടുകൾ ആദ്യമായി നിർമിച്ചത്. നേരത്തെയും മരവും കോര്‍ക്കും ഉപയോഗിച്ച് ഫ്ലോട്ടുകള്‍ നിർമിച്ചിരുന്നുവെങ്കിലും അവയ്ക്ക് ആയുസ്സ് കുറവായിരുന്നു. കടല്‍വെള്ളം കയറി അവ പെട്ടെന്ന് കേടുവരുമായിരുന്നു. എന്നാല്‍ കൃത്രിമമായി നിര്‍മിച്ച ഗ്ലാസ് ഫ്ലോട്ടുകൾ ഭാരം കുറഞ്ഞതും കടൽ പരിതസ്ഥിതിയിൽ എന്നെന്നേക്കുമായി നിലനില്‍ക്കാന്‍ ത്രാണിയുള്ളവയുമായിരുന്നു.

glass-fishing-floats
By Berns Images/shutterstock

കൃത്രിമമായി നിര്‍മിച്ച ഗ്ലാസ് ഫ്ലോട്ടുകൾ യൂറോപ്യൻ മത്സ്യബന്ധന വ്യവസായത്തില്‍ അതിവേഗം തന്നെ ഹിറ്റായി. 1970 കളിൽ പ്ലാസ്റ്റിക്, അലുമിനിയം ഫ്ലോട്ടുകൾ നിലവില്‍ വരുന്നതുവരെ ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഈ കാലയളവിനിടയില്‍ മുന്‍പേ ഉപയോഗിച്ചിരുന്ന ഗ്ലാസ് ഫ്ലോട്ടുകളില്‍ പലതും കടലില്‍ നഷ്ടപ്പെട്ടു പോയിരുന്നു. ഇവയില്‍ കൂടുതലും പസഫിക് സമുദ്രത്തിന്‍റെ അടിത്തട്ടിലേക്കാണ് ആഴ്ന്നു പോയത്. 

ഇങ്ങനെ നഷ്ടപ്പെട്ട ഗ്ലാസ് ഫ്ലോട്ടുകളാണ് നാട്ടുകാര്‍ക്ക് ലഭിക്കാറുണ്ടായിരുന്നത്. അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തും കാനഡ, തായ്‌വാനിലും മൈക്രോനേഷ്യ, പോളിനേഷ്യ എന്നിവിടങ്ങളിലെ കടൽത്തീരങ്ങളിലും ഇവ കരയ്ക്കടിയാറുണ്ട്. പസഫിക് ദ്വീപുകളിലും അറ്റ്ലാന്റിക് പ്രദേശങ്ങളിലും, കരീബിയൻ ദ്വീപുകളിലെ വിദൂര ദ്വീപുകളിലും യൂറോപ്പിലെ ബീച്ചുകളിലും പവിഴപ്പുറ്റുകളില്‍പ്പോലും ഇവ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ എത്തുന്ന വിനോദസഞ്ചാരികളില്‍ പലരും ഇവ ശേഖരിക്കുന്നത് പതിവാണ്.

റീസൈക്കിള്‍ ചെയ്ത കുപ്പികളില്‍ നിന്നാണ് ഇത്തരം ഫ്ലോട്ടുകള്‍ പലതും ഉണ്ടാക്കിരിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ഗോലികളുടേതു പോലെത്തന്നെ നീലയോ പച്ചയോ നിറമാണ് ഇവയ്ക്കുമുള്ളത്. മറ്റു രാജ്യങ്ങളില്‍ നിന്നും എത്തുന്ന സഞ്ചാരികള്‍ക്ക് ഇവയോടുള്ള പ്രിയം കണക്കിലെടുത്ത് ചുവപ്പ്, നിയോൺ പച്ച, കോബാൾട്ട് നീല, മഞ്ഞ എന്നീ നിറങ്ങളില്‍ നിര്‍മിച്ച കൗതുകകരമായ ഗ്ലാസ് ഫ്ലോട്ടുകൾ ഇപ്പോള്‍ ഗിഫ്റ്റ് ഷോപ്പുകളില്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നുണ്ട്. കൗതുകത്തോടൊപ്പം, ചരിത്രപ്രാധാന്യവും കൂടി ഉള്ളതിനാല്‍ ഇന്ന് ഇവയ്ക്ക് മൂല്യമേറെയാണ്. 

English Summary: Glass Fishing Floats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com