ശവശരീരം ഈ മരത്തിനടിയിൽ വച്ചാൽ ദുര്‍ഗന്ധം ഇല്ലാതാകും: ബാലിയിലെ വിചിത്രമായ ആചാരങ്ങള്‍

Trunyan-Village-Bali2
SHARE

ചെറുതെങ്കിലും മനോഹരമായ ദ്വീപാണ് ബാലി. ശിൽപ്പകല, വാസ്തു, നിർമാണവിദ്യ, കലാരൂപങ്ങൾ എന്നിവയിലെല്ലാം തനിമയും പാരമ്പര്യവും നിലനിര്‍ത്തുന്ന ഇടം. ലോകത്തിലെ ഏറ്റവും വലിയ ദ്വീപുരാഷ്ട്രമായ ഇന്തൊനീഷ്യയിലെ 17000 ത്തോളം ചെറുദ്വീപുകളിലൊന്നാണ് 'ദൈവങ്ങളുടെ ദ്വീപ്' എന്നറിയപ്പെടുന്ന ബാലി. വായിച്ചും കേട്ടും നമ്മളറിഞ്ഞതിനേക്കാള്‍ എത്രയോ നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ച ഒരിടം കൂടിയാണ് ഇവിടം. നൂറ്റാണ്ടുകളായി തലമുറകളിലേക്ക് പകര്‍ന്നു കൈമാറി വരുന്ന വിചിത്ര ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം ഏറെ കൗതുകകരമാണ്. അധികം ടൂറിസ്റ്റുകള്‍ ഒന്നും വന്നെത്തിയിട്ടില്ലാത്തതും രഹസ്യങ്ങള്‍ ഉറങ്ങുന്നതുമായ നിരവധി ഉള്‍പ്രദേശങ്ങള്‍ ഇവിടെയുണ്ട്. 

Trunyan-Village-Bali1

ബാലിയുടെ മധ്യഭാഗത്തായി ബാത്തൂര്‍, കാല്‍ഡറ തടാകങ്ങളുടെ അരികിലായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമുണ്ട്. ട്രുന്‍യാന്‍ എന്നാണിതിനു പേര്. ബാലിയിലെ തദ്ദേശീയ വിഭാഗങ്ങളില്‍ ഒന്നായ ആഗ ഗോത്രജനതയാണ് ഇവിടെ വസിക്കുന്നത്. മരിച്ചു പോയ ആളുകളെ 'സംസ്കരിക്കുന്ന' രീതി കൊണ്ടാണ് ഇവിടം ലോകശ്രദ്ധ നേടിയത്. ശവശരീരങ്ങള്‍ ദഹിപ്പിക്കുകയോ മണ്ണില്‍ അടക്കംചെയ്യുകയോ ചെയ്യാതെ. തുണിയും മുളയും കൊണ്ട് പൊതിഞ്ഞ് പൊതുസ്ഥലത്ത് വെറും മണ്ണില്‍ വിഘടിക്കാനായി വെക്കുന്നതാണ് ഇവരുടെ രീതി. ഇതിനായി ഇവര്‍ക്കൊരു വിശുദ്ധ വൃക്ഷമുണ്ട്; അതിന്‍റെ ചുവട്ടിലാണ് ശവങ്ങള്‍ കൊണ്ടു വെക്കുന്നത്. ഇത് മാന്ത്രിക കഴിവുകള്‍ ഉള്ള ഒരു മരമാണെന്നും അതുകൊണ്ടുതന്നെ ശവശരീരങ്ങള്‍ ചീഞ്ഞു മണം പരക്കുന്നത് തടയാന്‍ ഈ മരത്തിനു കഴിവുണ്ടെന്നും അവര്‍ വിശ്വസിക്കുന്നു.  

Trunyan-Village-Bali4

പുരാതനമായ ഒരു ആല്‍മരമാണിത്. 'സുഗന്ധം പരത്തുന്ന മരം' എന്ന അര്‍ത്ഥത്തില്‍ 'താരു മെന്‍യാന്‍' എന്നാണ് അവര്‍ ഇതിനെ വിളിക്കുന്നത്. ചീഞ്ഞ മൃതശരീരങ്ങളുടെ ഗന്ധത്തെ നിർവീര്യമാക്കുന്ന ഒരു സുഗന്ധം മരം പുറപ്പെടുവിക്കുന്നുവെന്ന് പറയപ്പെടുന്നു. മൃതദേഹം പൂർണ്ണമായും അഴുകിയാൽ, തലയോട്ടി ബഞ്ചർ കുബാനിൽ നിന്ന് 500 മീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന ഗോവണി ആകൃതിയിലുള്ള ബലിപീഠത്തില്‍ തലയോട്ടി കൊണ്ടുപോയി സമര്‍പ്പിക്കും. ബോട്ടിൽ മാത്രം എത്തിച്ചേരാവുന്ന ഒരു പ്രത്യേക സ്ഥലമാണിത്. വിവാഹിതരായ ആളുകളുടെളുടെ മൃതദേഹങ്ങളെ മാത്രമേ ഇതുപോലെ പരിചരിക്കുകയുള്ളൂ. മരിച്ചയാൾ വിവാഹം കഴിച്ചിട്ടില്ലെങ്കില്‍ മൃതദേഹം ഒരു സെമിത്തേരിയിൽ അടക്കം ചെയ്യും.

പുരാതന ബാലിയിലെ ഏറ്റവും പ്രധാനപ്പെട്ട ആറ് മത-ആത്മീയ വിഭാഗങ്ങളിലൊന്നായ അഗാമ ബായു വിഭാഗത്തിന്‍റെ കാലത്തോളം പഴക്കമുണ്ട് ഈ ആചാരത്തിന്. നക്ഷത്രങ്ങളെയും കാറ്റിനെയും ആരാധിച്ച വിഭാഗമായിരുന്നു ഇവര്‍. നവീനശിലായുഗത്തിലായിരുന്നു ഈ വിഭാഗം ജീവിച്ചിരുന്നത്. അവരാണ് ഈ ആചാരം തുടങ്ങി വെച്ചത് എന്ന് കരുതുന്നു. 

Trunyan-Village-Bali

അനവധി വിചിത്രമായ വിശ്വാസങ്ങളും ഈ പ്രദേശവുമായി ഇഴചേര്‍ന്നു കിടക്കുന്നു. 'രതു ഗെഡെ പാൻസെറിംഗ് ജഗത്ത്' എന്നാണ് ഇവിടത്തുകാര്‍ ആരാധിക്കുന്ന പ്രാദേശിക ദൈവത്തിന്‍റെ പേര്. നാട്ടുകാര്‍ ഈ ദൈവത്തെ 'ഭട്ടാര ഡാ ടോണ്ട' എന്നും വിളിക്കുന്നു. നാല് മീറ്റർ ഉയരമുള്ള ഭട്ടാര ഡാ ടോണ്ടയുടെ നിയോലിത്തിക് പ്രതിമയെ അവര്‍ ആരാധിക്കുന്നു. ഒരു ഭൂഗർഭ അറയിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇത് മഴവെള്ളം ഉപയോഗിച്ച് വൃത്തിയാക്കുകയും പൂക്കൾ സമര്‍പ്പിക്കുകയും പ്രത്യേക എണ്ണ ഉപയോഗിച്ച് അഭിഷേകം ചെയ്യുകയും ചെയ്യുന്നു. 

എ.ഡി 911 മുതലുള്ള ഒരു പുരാതന വെങ്കല ശിലയില്‍ പറഞ്ഞിട്ടുള്ള രീതികള്‍ അടിസ്ഥാനമാക്കിയാണ് ഇവിടത്തെ ആരാധനാരീതി. ബറ്റൂർ അഗ്നിപർവതത്തിലെ കാൽഡെറയുടെ രണ്ടാമത്തെ ഉയർന്ന സ്ഥലമായ പെനുലിസാൻ പർവതത്തിൽ ഒരു നിയോലിത്തിക്ക് പിരമിഡിന്റെ രൂപത്തിൽ നിർമിച്ച പുരാ തെഗെ കൊരിപാൻ എന്ന ക്ഷേത്രത്തിൽ നിന്ന് കണ്ടെത്തിയതായിരുന്നു ഈ ശില. എല്ലാവര്‍ഷവും ഒക്ടോബറിൽ പൗര്‍ണ്ണമി ദിനത്തില്‍ നടക്കുന്ന ബ്രൂട്ടുക് ഉത്സവത്തിനിടെ വർഷത്തിലൊരിക്കൽ ഭട്ടാര ഡാ ടോണ്ടയുടെ പ്രതിമ പുറത്തെടുക്കുന്നു. ഈ സമയത്ത് വിചിത്രമായ ആചാരങ്ങള്‍ നേരിട്ട് കാണാം. 

കിന്തമണിയിലെ കെഡിസൻ ഹാർബറിൽ നിന്നും ബാത്തൂർ തടാകത്തിലൂടെ ഒരു സ്പീഡ് ബോട്ടിൽ 15 മിനിറ്റ് യാത്ര ചെയ്താണ് ഇവിടെ എത്തിച്ചേരുന്നത്. ബാലിയിലെ ഗുനുങ് ബത്തൂരിന്‍റെ പടിഞ്ഞാറെ അറ്റത്തുള്ള അതിസുന്ദരമായ ഒരു ഗ്രാമമാണ് കിന്തമണി. ഇന്തൊനീഷ്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നായ ഇവിടവും എല്ലാ വർഷവും ധാരാളം സഞ്ചാരികളെ ആകർഷിക്കുന്നു. 

English Summary: The Bali Village with a Magic Tree

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA