ADVERTISEMENT

എവിടെ നോക്കിയാലും ചൂടുവെള്ളം നിറഞ്ഞ ചെറിയ കുളങ്ങള്‍... വെയില്‍ത്തിളക്കത്തോടെ ആകാശത്തേക്ക് തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന വര്‍ണാഭമായപര്‍വതങ്ങളും കൊടുമുടികളും... നീലജലം നിറഞ്ഞ തടാകങ്ങള്‍... ഐസ്‌ലന്‍ഡിലുള്ള ലാൻഡ്‌മന്നലാഗർ സഞ്ചാരികള്‍ക്കായി ഒരുക്കുന്നത് അതിമനോഹരമായ കാഴ്ചകളും അനുഭവങ്ങളുമാണ്. 

ഐസ്‌ലൻഡിലെ ഫല്ലാബാക്ക് നേച്ചർ റിസർവിന്‍റെ ഭാഗമാണ് ലാൻഡ്‌മന്നലാഗർ. 1477 ൽ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് രൂപംകൊണ്ട ലോഗറോണ്‍ ലാവ ഫീൽഡിന്‍റെ അറ്റത്താണ് ഇത് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ, ഇവിടെ എത്തുമ്പോള്‍ ആദ്യം തന്നെ സഞ്ചാരികളുടെ കണ്ണിലുടക്കുന്ന കാഴ്ചയാണ് പച്ച, നീല, കറുപ്പ്, മഞ്ഞ, പിങ്ക് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളില്‍ ചുറ്റും കാണാനാവുന്ന പര്‍വതങ്ങള്‍. അഗ്നിപര്‍വതപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ നിറങ്ങള്‍ ഇവയ്ക്ക് ലഭിച്ചത്. 

പ്രകൃതിദത്ത ജിയോതർമൽ ചൂട് നീരുറവകൾക്കും പേരുകേട്ടതാണ് ഇവിടം. ലാൻഡ്‌മന്നലാഗർ എന്ന പേരിന്‍റെ അര്‍ത്ഥം തന്നെ 'ജനങ്ങള്‍ക്കായുള്ള കുളങ്ങള്‍' എന്നാണ്. വര്‍ഷങ്ങളായി നാട്ടുകാര്‍ ഇവയില്‍ പലതും കുളിക്കാനും മറ്റുമായി ഉപയോഗിച്ച് വരുന്നു. ബ്രെന്നിൻ‌സ്റ്റൈൽ‌സാൽ‌ഡ, ബ്ലോൻ‌ജാകൂർ പർ‌വത പ്രദേശങ്ങളിലാണ് ഇത്തരം കുളങ്ങള്‍ കൂടുതലും കാണുന്നത്. 

Landmannalaugar-Iceland1
By Oleg Senkov/shutterstock

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി സഞ്ചാരികളാണ് വര്‍ഷംതോറും ഈ മനോഹരപ്രദേശത്ത് ട്രെക്കിംഗ് നടത്താനും മറ്റുമായി എത്തുന്നത്. അഗ്നിപര്‍വത പ്രദേശങ്ങളിലൂടെ സഞ്ചാരികളെ കൊണ്ടുപോകുന്ന നിരവധി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇവിടെ സജീവമാണ്. ലോഗവേഗര്‍ ഹൈക്കിംഗ് ട്രയലിന്‍റെ വടക്കേ അറ്റത്താണ് ലാൻഡ്‌മന്നലാഗര്‍. ഇവിടം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കായി ഐസ്‌ലാൻഡ്  ടൂറിങ് അസോസിയേഷൻ പര്‍വതത്തിനു മുകളില്‍ ക്യാമ്പ് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ടൂറിസ്റ്റ് സീസണുകളില്‍ വിവിധ ഷോപ്പുകളും പര്‍വതങ്ങളിലൂടെ കുതിരസവാരി നടത്താനുള്ള സൗകര്യവുമെല്ലാം ഇവിടെ ഒരുക്കാറുണ്ട്‌. കൂടാതെ ഈ സമയത്ത് ലാൻഡ്‌മന്നലാഗറിലേക്കും പുറത്തേക്കും നിരവധി സഞ്ചാരികളെ എത്തിക്കുന്ന ബസ് കമ്പനികളും സജീവമായിരിക്കും. സഞ്ചാരികള്‍ക്ക് നാല് റൂട്ടുകളിലൂടെ ലാൻഡ്‌മന്നലാഗറിലേക്ക് എത്തിച്ചേരാം. ഇവയില്‍ ഒന്നില്‍ മാത്രമേ കാര്‍ യാത്ര നടത്താനാവൂ. ഈ റൂട്ടുകള്‍ പൊതുവേ കല്ലുകള്‍ നിറഞ്ഞ ദുര്‍ഘടമായ വഴിയാണ്. 

ലോഗാറോണ്‍ ലാവ ഫീല്‍ഡ് മുതല്‍ ബ്രെന്നിസ്റ്റൈൻസാൽഡ പര്‍വ്വതം വരെ രണ്ടു മണിക്കൂര്‍ സമയമെടുക്കുന്ന സള്‍ഫര്‍ വേവ് ഹൈക്ക്,  ബ്ലോൻ‌ജാകൂർ പര്‍വതത്തിലേക്കുള്ള ഒരു മണിക്കൂര്‍ ബ്ലൂ പീക്ക് ഹൈക്ക്, നാല് മണിക്കൂര്‍ നീളുന്ന അഗ്ലി പുഡില്‍ ഹൈക്ക് എന്നിവയാണ് ഇവിടത്തെ പ്രധാന ആക്റ്റിവിറ്റികള്‍. ദിവസങ്ങള്‍ നീളുന്ന ഹൈക്കിങ് യാത്രകളും ഇവിടെ നിന്നും പുറപ്പെടാറുണ്ട്. 

വേനല്‍ക്കാലത്താണ് സഞ്ചാരികള്‍ക്കായി കുതിരസവാരി സംഘടിപ്പിക്കുന്നത്. കാല്‍നടയായി ചെല്ലാന്‍ പറ്റാത്തതും വാഹനങ്ങള്‍ പോകാത്തതുമായ ദുര്‍ഘടം പിടിച്ച വഴികളിലൂടെയായിരിക്കും ഈ യാത്ര. ഗ്ലേസിയർ വാലി പോലെയുള്ള മനോഹരപ്രദേശങ്ങളിലേക്ക് ഇങ്ങനെയാണ് യാത്ര. സാഹസിക സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു വിനോദമാണിത്. കൂടാതെ ഫിഷിങ്, സ്കീയിങ് മുതലായവയും നടത്താറുണ്ട്‌. ജൂണ്‍ മുതല്‍ സെപ്തംബര്‍ മുതലുള്ള വേനല്‍ക്കാലത്താണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

English Summary: Landmannalaugar Icelandic Highlands 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com