ADVERTISEMENT

നൂറു മീറ്റര്‍ താഴെ ആര്‍ത്തലച്ച് ഒഴുകുന്ന നദിയും കൂര്‍ത്ത പാറക്കെട്ടുകളും. ചുറ്റും ചെങ്കുത്തായ മലകള്‍. വെറും ഒരു മീറ്റര്‍ മാത്രം വീതിയില്‍ മലയിടുക്കുകളിലൂടെ നിര്‍മിച്ച ഈ നടപ്പാത കാണുമ്പോള്‍ തന്നെ പേടിയാകും. അതുകൊണ്ടാണ് സ്പെയിനിലെ മാഡ്രിഡിൽ സ്ഥിതി ചെയ്യുന്ന 'കാമിനിറ്റോ ഡെൽ റേ'യെ 'ലോകത്തിലെ തന്നെ ഏറ്റവും ദുര്‍ഘടമായ നടപ്പാത എന്നറിയപ്പെടുന്നത്. ഒരേ സമയം ഭയവും എന്നാല്‍ മനസ്സു നിറയെ ത്രില്ലും നിറയ്ക്കുന്ന സാഹസിക അനുഭവമാണ് ഈ പാതയിലൂടെയുള്ള യാത്ര. 

Caminito-del-Rey-Hiking
By Philip Lange/shutterstock

മലാഗ പ്രവിശ്യയിലുള്ള ചോറോ വെള്ളച്ചാട്ടത്തിലെയും ഗെയ്റ്റനെജോ വെള്ളച്ചാട്ടത്തിലെയും ജലവൈദ്യുത നിലയങ്ങളിലെ തൊഴിലാളികൾക്ക് ജോലിക്ക് പോകാനുള്ള സൗകര്യത്തിനായി നിർമിച്ചതാണ് ഈ പാത. 1901-ൽ നിർമാണം ആരംഭിച്ച പാത 1905-ൽ പൂർത്തീകരിച്ചു. 1921 ൽ അൽഫോൻസോ പന്ത്രണ്ടാമൻ രാജാവ് ഇതിലൂടെ നടന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. അതുകൊണ്ടുതന്നെ ‘രാജാവിന്‍റെ പാത’യെന്നും ഇത് വിശേഷിപ്പിക്കപ്പെടുന്നു. 

മൂന്നു കിലോമീറ്റർ നീളമുള്ള പാത 100 മീറ്റർ ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. വെറും ഒരു മീറ്റര്‍ മാത്രമാണ് ഇതിന്‍റെ വീതി. കോൺക്രീറ്റിൽ നിർമിച്ചതായിരുന്നു ആദ്യത്തെ പാത. ഉറപ്പിച്ചു നിര്‍ത്തുന്നതിനായി, ഏകദേശം 45 ഡിഗ്രിയിൽ മലഭാഗത്തോട് ചേര്‍ന്ന് ക്രമീകരിച്ച സ്റ്റീൽ റെയിലുകളും ഇതിനുണ്ടായിരുന്നു. കാലക്രമേണ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പലതും തകര്‍ന്നു. വഴിയില്‍ പലയിടങ്ങളിലും ദുര്‍ബലമായ ഭാഗങ്ങള്‍ രൂപപ്പെട്ടു. ഇത് സഞ്ചാരികള്‍ക്ക് അപകടത്തിനു വഴിയൊരുക്കി. 

Caminito-del-Rey-Hiking1
By Alvaro Trabazo Rivas/shutterstock

1990 ലും 2000 ലും ഉണ്ടായ ഗുരുതരമായ രണ്ട് അപകടങ്ങളില്‍ 4 പേരുടെ ജീവൻ നഷ്ടപ്പെട്ടതോടെയാണ് പാത അപകടകരമാണെന്ന് കണക്കാക്കപ്പെട്ടത്. ഈ അപകടങ്ങൾക്ക് ശേഷം അധികൃതർ ഉടൻ തന്നെ പാത അടച്ചുപൂട്ടി. എന്നാല്‍ അധികാരികളുടെ കണ്ണുവെട്ടിച്ച് ഇവിടെ വീണ്ടും സന്ദര്‍ശകര്‍ എത്തുകയും അപകടങ്ങള്‍ വീണ്ടും തുടര്‍ക്കഥയാവുകയും ചെയ്തു.  പിന്നീട്, 2011 മുതൽ 2015 വരെ പുനര്‍ നിർമാണപ്രവർത്തനങ്ങൾ നടത്തിയ പാത വീണ്ടും 2015  മാർച്ച് അവസാനത്തോടെ സഞ്ചാരികള്‍ക്കായി തുറന്നു. 

പുതിയ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ പഴയ പാതയുടെ പല ഭാഗങ്ങളും ഇന്നും കാണാം. ഒരു ദിവസം 600 സന്ദർശകരെ വരെ ഉൾക്കൊള്ളാന്‍ ശേഷിയുള്ളതാണ് നവീകരിച്ച പാത. ഒരു സമയം 50 പേര്‍ക്കാണ് ഇതിനു മുകളിലൂടെ നടക്കാനാവുക. ഇതിനായി ആദ്യം ബുക്ക് ചെയ്യണം. അർഡേൽസിൽ നിന്ന് ആരംഭിച്ച് എൽ ചോറോയില്‍ അവസാനിക്കുന്ന യാത്രക്കിടെ മനോഹരമായ ഒരു പാലവുമുണ്ട്. താഴെയുള്ള മലയിടുക്കുകളുടെ കാഴ്ച ശരിയായി ആസ്വദിക്കാൻ പാതയില്‍ ചില സ്ഥലങ്ങളിൽ ഗ്ലാസ് പാനലുകളും ഘടിപ്പിച്ചിട്ടുണ്ട്. 

English Summary: Caminito del Rey Hiking area in Spain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com