ADVERTISEMENT

ഇന്ത്യ ഇപ്പോഴും അതിരൂക്ഷമായി പടരുന്ന കോവിഡ് 19 മഹാമാരിയോടു പൊരുതുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊറോണ വൈറസിൽനിന്നു മുക്തി നേടാനുള്ള പോരാട്ടത്തിലാണ് രാജ്യം. എന്നാൽ വാക്സിനേഷനിലൂടെയും പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കിയതിലൂടെയും മോശം സാഹചര്യത്തെ മറികടന്ന രാജ്യങ്ങളുമുണ്ട്. മാക്സ് മാറ്റി, നിയന്ത്രണങ്ങളിൽ അയവുവരുത്തി സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നുകൊണ്ടിരിക്കുന്ന 5 രാജ്യങ്ങളെപ്പറ്റി അറിയാം.

ഇസ്രയേൽ

കോവിഡ് ഫ്രീ എന്ന് സ്വയം പ്രഖ്യാപിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇസ്രയേൽ മാറി. നിർബന്ധിത മാസ്ക് നിയമം സർക്കാർ നീക്കം ചെയ്തിട്ടുണ്ട്. ഇസ്രയേലിലെ ജനസംഖ്യയുടെ 70 ശതമാനത്തോളം ഇപ്പോൾ വാക്സിനേഷൻ എടുത്തവരും മാസ്ക് ധരിക്കാത്തവരുമാണ്. കൂടാതെ ലോക്ഡൗൺ കൃത്യമായി നടപ്പാക്കിയും ഇളവുകൾ നൽകിയപ്പോഴും മാർഗനിർദേശങ്ങളിൽ വിട്ടുവീഴ്ചയുണ്ടാക്കാതെ ശ്രദ്ധിച്ചു. ഇളവുണ്ടായിട്ടും ആളുകൾ വീട്ടിൽത്തന്നെ തുടരാനും ശ്രമിച്ചു ഇതൊക്കെയാണ് കോവിഡിൽ നിന്നും മുക്തിനേടാൻ സഹായിച്ചത്.

Israel

മുംബൈ നഗരത്തിന്റെ പകുതി മാത്രം ജനസംഖ്യയുള്ള കൊച്ചു രാജ്യമാണ് ഇസ്രയേൽ. കോവിഡിനെ തടഞ്ഞു നിർത്തിയത് വ്യാപക വാക്സിനേഷനിലൂടെയാണ്. പകുതിയിലധികം ജനങ്ങൾക്കും വാക്സീൻ നൽകി കോവിഡിനെ പിടിച്ചു കെട്ടി എന്നു തന്നെ പറയാം.എല്ലാവരിലേക്കും വാക്സീൻ എത്തിക്കുക എന്ന ഉറച്ച ലക്ഷ്യവുമായി ഭരണകൂടം പ്രവർത്തിച്ചതിന്റെ ഫലം കൂടിയാണ് വാക്സീനിന്റെ രണ്ടു ഡോസും എത്തിച്ചു.

ഭൂട്ടാൻ

സഞ്ചാരികളുടെ പ്രിയ ഇടമായ ഭൂട്ടാൻ കോവിഡിനെതിരായ പോരാട്ടത്തിൽ  വിജയത്തിനടുത്താണ് എന്നു പറയാം. മുതിർന്നവരിൽ 90 ശതമാനത്തിലധികം പേർക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ വാക്സിനേഷൻ നൽകി രാജ്യം മാതൃകയാവുകയാണ്. പകർച്ചവ്യാധിയുടെ തുടക്കം മുതൽ രാജ്യത്ത് ഒരു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

bhutan-trip1

ഭൂട്ടാൻ ഇന്ത്യയുമായും ചൈനയുമായും അതിർത്തി പങ്കിടുന്നുണ്ടെങ്കിലും, കൃത്യമായ മുൻകരുതലും സമയബന്ധിതമായ നടപടിയും കാരണം രാജ്യത്തെ ഒരിക്കലും മഹാമാരി ബാധിച്ചില്ല. ലോക്ഡൗണിലേക്കു പോലും പോകാതെ ഭൂട്ടാൻ ഈ ഭീകര സാഹചര്യത്തിലും സുരക്ഷിതമാണ്.

അമേരിക്ക

അമേരിക്കയിലെ ചില സ്ഥലങ്ങളിൽ മാസ്ക് നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ മാസ്ക് മാർഗനിർദ്ദേശത്തിൽ, രണ്ടു ഡോസ് കോവിഡ് വാക്സീനും എടുത്തവർ ഇനി നടക്കുവാൻ ഇറങ്ങുമ്പോഴോ വാഹനം ഓടിക്കുന്ന സമയത്തോ യാത്രയിലോ മാസ്ക് ധരിക്കേണ്ടതില്ല. ചെറിയ ഒത്തുചേരലുകളിലും മാസ്ക് നിർബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ വാക്സീൻ എടുക്കാത്തവരും സ്റ്റേഡിയങ്ങൾ അടക്കമുള്ള തിരക്കേറിയ പൊതു സ്ഥലങ്ങളിലും മാസ്ക് ധരിക്കണം.

ന്യൂസീലൻഡ്

കൊറോണയുടെ ഭീകര സാഹചര്യം നന്നായി കൈകാര്യം ചെയ്ത രാജ്യമാണ് ന്യൂസീലൻഡ്. പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം, 26 മരണങ്ങൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സർക്കാരിന്റെ കൃത്യമായ സുരക്ഷാനടപടികളും തീരുമാനങ്ങളുമാണ് ന്യൂസീലന്‍ഡ് ഇന്ന് മാസ്ക് രഹിതമാകാൻ കാരണം.

കുറച്ചു ദിവസം മുമ്പ്, ഓക‌‌‌‌‌‍്‌‌‌‌‍‍ലൻഡിൽ നടന്ന സംഗീത പരിപാടിയിൽ സാമൂഹിക അകലവും മാസ്കും ഇല്ലാതെ 50000 ത്തോളം ആളുകളാണ് പങ്കെടുത്തത്. അത്രമാത്രം രാജ്യം കൊറോണ എന്ന ഭീകരനെ പിടിച്ചുകെട്ടി എന്ന് വേണം അനുമാനിക്കാൻ. 

ചൈന

china-trip

ഇന്ന് ലോകം മുഴുവൻ  ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കൊറോണ ആദ്യം പൊട്ടിപ്പുറപ്പെട്ടത് ചൈനയിൽ നിന്നുമാണ്. വാക്സിനേഷൻ വ്യാപകമാക്കിയ ശേഷം ചൈന ടൂറിസം പുനരാരംഭിക്കുകയാണ്. തീം പാർക്കുകൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവ ഇപ്പോൾ ചൈനയിൽ തുറന്നിട്ടുണ്ട്.

English Summary: These 5 Countries are Nearly Mask free

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com