17 നിലകളുള്ള ബുദ്ധക്ഷേത്രത്തിനുമേല്‍ ചുറ്റി, ജീവന്‍ തുടിക്കുന്ന ഡ്രാഗണ്‍

wat-samphran-the-dragon-temple
SHARE

തായ്‌‌ലൻഡിൽ എത്തുന്ന സഞ്ചാരികള്‍ക്ക് വര്‍ഷങ്ങളായി അങ്ങേയറ്റം കൗതുകം പകരുന്ന ഒരു കാഴ്ചയാണ് പതിനേഴു നിലകളുള്ള കെട്ടിടത്തിനു മേല്‍ ചുറ്റിക്കിടക്കുന്ന പച്ച ഡ്രാഗണിന്‍റെ രൂപം. നാകോന്‍ പേതോം പ്രവിശ്യയിലുള്ള സാംഫ്രാന്‍ ജില്ലയിലാണ് കൗതുകത്തോടൊപ്പം തന്നെ നിഗൂഢതയും ഒളിപ്പിച്ചു വച്ച ഈ ദൃശ്യം ഉള്ളത്. തായ്‌‌ലൻഡിലെ പ്രധാന ടൂറിസ്റ്റ് നഗരങ്ങളിലൊന്നായ ബാങ്കോക്കില്‍ നിന്നു 40 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന വാട്ട് സാംഫ്രാന്‍ എന്ന് പേരായ ബുദ്ധക്ഷേത്രമാണ് ഈ കെട്ടിടം. 

wat-samphran-the-dragon-temple1

സ്തംഭാകൃതിയില്‍ 17 നിലകളോടു കൂടി നിര്‍മിച്ച കെട്ടിടത്തിന് 80 മീറ്റര്‍ ഉയരമുണ്ട്. ബുദ്ധൻ 80 വയസ്സുള്ളപ്പോൾ മരിച്ചതിന്‍റെ സ്മരണയ്ക്കാണ്‌ ഉയരവും ഇത്തരത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. പിങ്ക് നിറമുള്ള കെട്ടിടത്തിനു മേല്‍ താഴെ നിന്നു മുകളിലേക്ക് ചുറ്റിക്കയറുന്ന രീതിയിലാണ് ഡ്രാഗണ്‍ രൂപം നിര്‍മിച്ചിരിക്കുന്നത്. ഒരു കാഴ്ച വസ്തു മാത്രമല്ല ഇത്. ഉള്‍വശം പൊള്ളയായ ഈ രൂപത്തിനുള്ളില്‍ കെട്ടിടത്തിനു മുകളിലേക്ക് കയറാനായി സർപ്പിളാകൃതിയിലുള്ള ഗോവണിപ്പടികളുണ്ട്.

ഡ്രാഗണ്‍ പ്രതിമക്കുള്ളിലെ ഗോവണി കാലപ്പഴക്കം മൂലം ദ്രവിച്ച അവസ്ഥയിലാണ്. മാത്രമല്ല, ഇതിനുള്ളില്‍ വെളിച്ചവുമില്ല. അതിനാല്‍ മിക്ക വിനോദസഞ്ചാരികളും എലിവേറ്റർ ഉപയോഗിച്ചാണ് ക്ഷേത്രത്തിന്‍റെ മുകള്‍നിലകളിലേക്ക് എത്തുന്നത്. ഏറ്റവും മുകളില്‍ നിന്നും നോക്കിയാല്‍ ചുറ്റുമുള്ള പ്രദേശത്തിന്‍റെ മനോഹരമായ കാഴ്ച കാണാം.

wat-samphran-the-dragon-temple3

ടൂറിസ്റ്റുകള്‍ക്ക് പുറമേ, നിരവധി ബുദ്ധമത വിശ്വാസികള്‍ എത്തിച്ചേരുന്ന സ്ഥലമാണിത്. പഠനത്തിനും ധ്യാനത്തിനുമുള്ള സ്ഥലമായി ബുദ്ധ സന്യാസിമാർ ഇവിടം ഉപയോഗിക്കുന്നു. ഭാവന ബുദ്ധോ സ്ഥാപിച്ച ഈ ക്ഷേത്രം 1985- ലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ക്ഷേത്രത്തോട് ചേര്‍ന്ന്, വെങ്കലത്തില്‍ നിര്‍മ്മിച്ച ഒരു ഭീമന്‍ ബുദ്ധപ്രതിമയുണ്ട്. കൂടാതെ, ഈ പരിസരത്തു തന്നെ ചെറിയ ക്ഷേത്രങ്ങളും മനോഹരമായ സ്മാരകങ്ങളും വേറെയുമുണ്ട്. ഇരുമ്പ്, ഗ്ലാസ് ഫൈബർ എന്നിവകൊണ്ടാണ് ഡ്രാഗൺ രൂപം നിർമിച്ചിരിക്കുന്നത്.

ക്ഷേത്രത്തിന്‍റെ ഏറ്റവും താഴത്തെ നിലയില്‍ പരമ്പരാഗത രീതിയില്‍ തായ് പ്രാർത്ഥനക്കായി ഉപയോഗിക്കുന്ന കലങ്ങൾ കാണാം. ഇതിനുള്ളില്‍ ഒരു നാണയം കൃത്യമായി വലിച്ചെറിയാൻ കഴിയുന്ന എല്ലാവർക്കും സമ്പത്തും സ്നേഹവും നിത്യമായ സന്തോഷവും ലഭിക്കുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിന് ചുറ്റുമുള്ള പൂന്തോട്ടവും തീർച്ചയായും കാണേണ്ട ഒന്നാണ്. ഡോൾഫിനുകൾ, കടുവകൾ, ആനകൾ, മുയൽ, ആമ തുടങ്ങിയവയുടെ പ്രതിമകളും ചുറ്റും കാണാം. 

സഞ്ചാരികള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നും ക്ഷേത്രത്തിലേക്ക് എത്താന്‍ ടാക്സി സര്‍വീസ് സുലഭമാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിനങ്ങളില്‍ വൈകീട്ട് അഞ്ചു മണി വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് ആറു മണി വരെയും ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും.

English Summary: Wat Sam Phran Thailand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA