സഞ്ചാരികൾക്കായി വാതിൽ തുറന്ന് രാജ്യങ്ങൾ, ഇന്ത്യക്കാർക്ക് പ്രവേശനമില്ല!

seychelles
By GagliardiPhotography/shutterstock
SHARE

രാജ്യത്തെ ഇപ്പോഴത്തെ കോവിഡ് ബാധയുടെ സ്ഥിതി കണക്കിലെടുത്താല്‍ യാത്ര ചെയ്യുക എന്നത് ആലോചിക്കാൻ പറ്റാത്ത കാര്യമാണ്. എന്നിരുന്നാലും ചില രാജ്യങ്ങള്‍ ഇപ്പോള്‍ അതിര്‍ത്തികള്‍ ഒന്നൊന്നായി തുറന്ന് രാജ്യാന്തര യാത്രക്ക് സജ്ജമാകുകയാണ്. എന്നാൽ ഇവയില്‍ മിക്ക രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് പേടി കൂടാതെ സഞ്ചരിക്കാന്‍ പറ്റിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ രാജ്യങ്ങളില്‍ പ്രവേശിക്കാനാവുക. ഇപ്പോള്‍ യാത്രായോഗ്യമായിക്കൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്.

സീഷെൽസ്

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവര്‍ ഉള്‍പ്പെടെ, പൂര്‍ണ വാക്സിനേഷൻ കഴിഞ്ഞ സന്ദർശകർക്ക് സീഷെൽസിലേക്ക് യാത്ര ചെയ്യാം. രണ്ടാമത്തെ വാക്സിൻ ഡോസ് എടുത്ത ശേഷം രണ്ടാഴ്ച പൂര്‍ത്തിയായിരിക്കണം. കൂടാതെ, യാത്രക്കാര്‍ നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ടും കയ്യില്‍ കരുതണം.

കൂടാതെ, ദക്ഷിണാഫ്രിക്ക ഒഴികെയുള്ള മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്ര പുറപ്പെടുന്നതിന് പരമാവധി 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർ‌ടി-പി‌സി‌ആർ റിപ്പോര്‍ട്ടും കോവിഡുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കുന്നതിന് സാധുവായ യാത്ര, ആരോഗ്യ ഇൻഷുറൻസുകളും ഉണ്ടെങ്കിൽ സീഷെൽസിലേക്ക് പോകാം

മാലദ്വീപ്

തലസ്ഥാന നഗരമായ മാല ഒഴികെയുള്ള സ്ഥലങ്ങളില്‍, നെഗറ്റീവ് കോവിഡ് പരിശോധന റിപ്പോര്‍ട്ട് ഉള്ളവര്‍ക്ക് പ്രവേശിക്കാം. യുകെയിൽ നിന്നുള്ള യാത്രക്കാർക്ക് നിലവിൽ 10 ദിവസത്തെ ക്വാറന്റീന്‍ ഉണ്ട്.  2021 മെയ് 13 മുതൽ ദക്ഷിണേഷ്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളെ മാലദ്വീപ് നിരോധിച്ചിട്ടുണ്ട്.

maldives-trip1

ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ വീസ ഉടമകൾക്കും കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത ആളുകൾക്കും ഈ നിരോധനം ഇപ്പോള്‍ ബാധകമാണ്.

തായ്‌ലൻഡ്

thailand

അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികൾക്കായി തായ്‌ലൻഡ് നിലവിൽ ഭാഗികമായി തുറന്നിട്ടുണ്ട്. ഇവര്‍ സർക്കാർ അംഗീകാരമുള്ളതോ അല്ലാത്തതോ ആയ സൗകര്യങ്ങളില്‍ 14 ദിവസത്തേക്ക് ക്വാറന്റൈന്‍ പാലിക്കണം. മെയ് 1 മുതൽ ഇന്ത്യയിൽ നിന്നുള്ള തായ് ഇതര പൗരന്മാർക്ക് നൽകിയ എൻട്രി സർട്ടിഫിക്കറ്റ് (സിഇഒ) തായ്‌ലൻഡ് റദ്ദാക്കിയിട്ടുണ്ട്. അടുത്ത മാസവും ഇത് തുടരും.

യുകെ

ഏറ്റവും പുതിയ കോവിഡ് യാത്രാ നിയമങ്ങൾ അനുസരിച്ച്, യുകെ മെയ് 17 മുതൽ രാജ്യാന്തര  യാത്ര പുനരാരംഭിച്ചിട്ടുണ്ട്. കോവിഡ് അപകടസാധ്യത പ്രകാരം വിവിധ രാജ്യങ്ങളെ ചുവപ്പ്, പച്ച, ആംബർ വിഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. നിലവിൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, നമീബിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് മുതലായ രാജ്യങ്ങള്‍ ഉൾപ്പെടുന്ന റെഡ് ലിസ്റ്റില്‍ നിന്നുള്ള യുകെ പൗരന്മാര്‍ക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയൂ. 

ഇവര്‍ എത്തിച്ചേരുന്ന സമയത്ത് ഏതെങ്കിലും ഹോട്ടലിൽ ക്വാറന്റീന്‍ പാലിക്കുകയും രണ്ട് കോവിഡ് -19 ടെസ്റ്റുകൾ നടത്തുകയും വേണം. ഗ്രീൻ ലിസ്റ്റില്‍ പെട്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്, യുകെയിൽ എത്തിയതിന് ശേഷമുള്ള രണ്ടാം ദിനത്തിലോ അതിനു മുമ്പോ ഒരു കോവിഡ് -19 ടെസ്റ്റ്‌ നിർബന്ധമാണ്. ആമ്പർ ലിസ്റ്റ് രാജ്യത്തിൽ നിന്നുള്ള യാത്രക്കാർ, താമസിക്കുന്ന സ്ഥലത്ത് ക്വാറന്റീന്‍ പാലിക്കുകയും രണ്ട് കോവിഡ് -19 ടെസ്റ്റുകൾ നടത്തുകയും വേണം.

ഇറ്റലി

വാക്സിനേഷൻ ശതമാനം ഉയർന്ന തോതിലുള്ള രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ഇറ്റലി ഇപ്പോള്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. നിലവിൽ, യൂറോപ്പിൽ നിന്ന് ഇറ്റലിയിലേക്ക് വരുന്ന യാത്രക്കാർ എത്തിച്ചേരുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർടി-പിസിആർ പരിശോധനയുടെ തെളിവ് നൽകണം. 

Cinque-Terre-in-Italy

ഇവർ അഞ്ച് ദിവസത്തേക്ക് ക്വാറന്റീന്‍ പാലിച്ച ശേഷം രണ്ടാമത്തെ കോവിഡ് -19 ആന്റിജൻ പരിശോധന നടത്തണം. ഓസ്‌ട്രേലിയ, ജപ്പാൻ, ന്യൂസിലാന്‍ഡ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ, റുവാണ്ട, തായ്‌ലൻഡ് എന്നിവയുൾപ്പെടെ, നിലവിൽ ഇറ്റലിയിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ള യൂറോപ്പിന് പുറത്തുനിന്നുള്ള യാത്രക്കാരും ഇതേ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇവര്‍ 5 ന് പകരം 10 ദിവസത്തേക്ക് ക്വാറന്റൈന്‍ പാലിക്കണം. വത്തിക്കാൻ സിറ്റി, സാൻ മറിനോ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല.

ഐസ്‌ലാന്‍ഡ്

iceland

വാക്സിനേഷൻ എടുത്തവര്‍ക്കും കോവിഡ് -19 ബാധിച്ച് സുഖം പ്രാപിച്ചവർക്കും വേണ്ടി അതിർത്തികൾ തുറക്കുന്നതായി ഐസ്‌ലാന്‍ഡ് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇ‌ഇ‌എ / ഇ‌എഫ്‌ടി‌എ (യൂറോപ്യൻ ഇക്കണോമിക് ഏരിയ / യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ), മൊണാക്കോ, സാൻ മറിനോ, വത്തിക്കാൻ എന്നിവിടങ്ങളിൽ നിന്നുള്ള വാക്സിനേഷൻ ടൂറിസ്റ്റുകൾക്കും ഇത് ബാധകമാണ്. കോവിഡ് -19 നായി ക്വാറൻറീൻ, ടെസ്റ്റ് മുതലായവ വേണ്ടതില്ല. യാത്രക്കാര്‍ക്ക് യൂറോപ്യൻ മെഡിസിൻസ് ഏജൻസി അംഗീകരിച്ച ഏതെങ്കിലും ഒരു വാക്സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റ് കൈവശമുണ്ടായാല്‍ മതി.

ഓസ്ട്രിയ

വരുന്ന മെയ് 19 മുതൽ യൂറോപ്യൻ യൂണിയൻ / ഷെഞ്ചൻ പൗരന്മാർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര യാത്രക്കാർക്കും ഓസ്‌ട്രേലിയ, ഐസ്‌ലാന്റ്, ന്യൂസിലൻഡ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ, വത്തിക്കാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുമായി അതിർത്തികൾ വീണ്ടും തുറക്കാനുള്ള പദ്ധതി ഓസ്ട്രിയ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ജർമ്മനിയിൽ നിന്നുള്ളവര്‍ക്ക് ക്വാറന്റീന്‍ വേണ്ട. 

ഗ്രീസ്

Meteora,-Greece

ഇക്കഴിഞ്ഞ മെയ് 14 ന് ഗ്രീസും അതിർത്തികൾ വീണ്ടും തുറന്നിട്ടുണ്ട്. ബീച്ചുകളും മ്യൂസിയങ്ങളും വിനോദസഞ്ചാരികൾക്കായി തുറന്നു. യൂറോപ്യൻ യൂണിയൻ, യുഎസ്, യുകെ, ഇസ്രായേൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് പൂർണ്ണമായും വാക്സിനേഷൻ എടുത്തതിന്‍റെ രേഖയോ നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് റിപ്പോര്‍ട്ടോ കയ്യില്‍ ഉണ്ടെങ്കില്‍ ഗ്രീസിലേക്ക് ഇപ്പോള്‍ യാത്ര ചെയ്യാം 

തുർക്കി

കോവിഡ് കേസുകൾ കുറയാൻ തുടങ്ങിയതോടെ, മെയ് 18 മുതൽ യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് തുർക്കി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 

Cappadocia-1

മിക്ക യാത്രാ നിയന്ത്രണങ്ങളും പിൻവലിക്കുമെങ്കിലും രാത്രികാല, വാരാന്ത്യ കർഫ്യൂകൾ നിലനിൽക്കും. യുകെ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് പ്രവേശിക്കാൻ നെഗറ്റീവ്  കോവിഡ് -19 ടെസ്റ്റ് റിപ്പോര്‍ട്ട് വേണമെന്ന നിബന്ധനയും രാജ്യം നീക്കം ചെയ്തിട്ടുണ്ട്.

ക്രൊയേഷ്യ

യൂറോപ്യൻ യൂണിയൻ / ഷെങ്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് -19 നെഗറ്റീവ് റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ ക്രൊയേഷ്യയിലേക്ക് പ്രവേശിക്കാം.

പരമാവധി 14 ദിവസത്തിനു മുന്‍പ് വാക്സിനേഷൻ എടുത്തതായി കാണിക്കുന്ന സർട്ടിഫിക്കറ്റും ഇവര്‍ കൈവശം കരുതണം. നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് റിപ്പോർട്ട് കയ്യില്‍ ഇല്ല എങ്കില്‍ വിമാനത്താവളത്തിൽ ടെസ്റ്റ്‌ നടത്തുകയും ഫലം വരുന്നതുവരെ ക്വാറന്റൈന്‍ പാലിക്കുകയും വേണം. പ്രത്യേക സാഹചര്യങ്ങളൊഴികെ യൂറോപ്യൻ യൂണിയൻ / ഷെങ്കൻ രാജ്യങ്ങള്‍ക്ക് പുറത്തു നിന്നുള്ള യാത്രക്കാരെ അനുവദിക്കില്ല.

മാൾട്ട

നിലവിൽ ആമ്പർ, ഗ്രീൻ ലിസ്റ്റുകളിൽ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് മാള്‍ട്ടയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. യാത്രക്കാര്‍ മാൾട്ടയിലേക്കുള്ള വിമാനങ്ങളിൽ കയറുന്നതിന് പരമാവധി 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ ടെസ്റ്റ് കയ്യില്‍ കരുതണം. വിമാനത്താവളത്തില്‍ ഇവര്‍ക്കായി സ്വാബ് ടെസ്റ്റുകളും നടത്തും. നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് റിപ്പോർട്ട് കയ്യില്‍ ഇല്ല എങ്കില്‍ 14 ദിവസത്തെ ക്വാറന്റീന്‍ പാലിക്കണം. 

English Summary: Countries Open For Tourism 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA