ADVERTISEMENT

ഞണ്ടുകളുടെ ദ്വീപിലേക്ക് യാത്ര പോയാലോ? ഞണ്ടുകളുടെ ദ്വീപെന്ന് പേരുണ്ടെങ്കിലും ഇന്ന് ഇവിടം കടലുകയറിയ ആഴമില്ലാത്ത സ്ഥലമാണ്. വെള്ള മണൽ, നീലജലം, മരതകപ്പച്ച നിറത്തിലെ തീരം, അങ്ങനെ നിരവധി വിശേഷണങ്ങളോടുകൂടിയ ഈ ദ്വീപ് അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ഫാമിലി ബീച്ച് എന്നാണ് അറിയപ്പെടുന്നത്. 

1960 കളിൽ അമേരിക്കയിലെ ആർമി കോർപ്സ് ഓഫ് എഞ്ചിനീയർമാർ മെക്സിക്കോ ഉൾക്കടലിലേക്കുള്ള പ്രവേശനം സുസ്ഥിരമാക്കാൻ ജെട്ടികൾ സൃഷ്ടിച്ചപ്പോൾ ഉണ്ടായതാണീ ക്രാബ് ദ്വീപ്. ഇവിടുത്തെ നീലനിറത്തിലുള്ള ഞണ്ടുകളിൽ നിന്നുമാണ് ദ്വീപിന് ഈ പേരു ലഭിച്ചത്. ഡെസ്റ്റിൻ എന്ന സ്ഥലത്താണ് ഇൗ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 

ആഴമില്ലാത്ത വെള്ളത്തിൽ മുങ്ങിയ ഒരു സാൻഡ്ബാറാണ് ക്രാബ് ദ്വീപ്. ഇവിടുത്തെ കാഴ്ചകൾ ആസ്വദിച്ച് അവധിക്കാലം ചെലവഴിക്കാനായി നിരവധി സഞ്ചാരികളും എത്തിച്ചേരാറുണ്ട്. ക്രാബ് ദ്വീപിലെ വെള്ളം സാധാരണയായി 1 മുതൽ 4 അടി വരെ ആഴത്തിലാണുള്ളത്. എന്നാൽ മുന്നോട്ടു പോകുന്തോറും ആഴം വർദ്ധിച്ചുവരും. ചിലയിടത്ത് ‍ആഴം കുറഞ്ഞതിനാൽ വെള്ളത്തിലൂടെ എളുപ്പത്തിൽ നടക്കാൻ കഴിയും.

ക്രാബ് ദ്വീപിലേക്ക് ബോട്ട് അല്ലെങ്കിൽ വാട്ടർക്രാഫ്റ്റ് വഴി മാത്രമേ പ്രവേശിക്കാൻ കഴിയൂ. ബോട്ട്, ക്രാബ് ഐലൻഡ് ഷട്ടിൽ ബോട്ട് , കയാക്, പാഡിൽ ബോർഡ് അല്ലെങ്കിൽ ജെറ്റ് സ്കൈ വഴി സഞ്ചാരികൾക്ക് ക്രാബ് ദ്വീപിലേക്ക് പോകാം. ദ്വീപിൽ എത്തുമ്പോൾ കാണുന്ന ആദ്യ കാഴ്ച വെള്ളം പോലും കാണാനാകാത്ത വിധം തടിച്ചു കൂടി കിടക്കുന്ന ടൂറിസ്റ്റ് ബോട്ടുകൾ ആയിരിക്കും. ഏറ്റവുമധികം പേർ തിരഞ്ഞെടുക്കുന്നത് ബോട്ടിനുള്ളിൽ സമയം ചെലവഴിക്കാനാണ്. ഒരു ബോട്ട് വാടകക്കെടുത്ത് കുടുംബവുമൊത്ത് ദ്വീപിലെ നീല ജലത്തിൽ മണികൂറുകളോളം ആസ്വദിക്കുകയാണ് ഇവിടെ എത്തുന്നവരുടെ പ്രധാന വിനോദം.

മീൻ പിടിക്കാനും ഇവിടെ സാധിക്കും. കുട്ടികൾക്കായി പ്രത്യേക വാട്ടർ തീം പാർക്കും ദ്വീപിൽ സജ്ജമാക്കിയിട്ടുണ്ട്. വർഷത്തിൽ ഏത് സമയത്തും ഇവിടെ സന്ദർശനം നടത്താമെങ്കിലും ചൂടു കുറഞ്ഞ സമയമാണ് ഉത്തമം. 

 

English Summary: Blue Crab Island 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com