പവിഴപ്പുറ്റുകള്‍ പോലെ വീടുകളുമായി മാലദ്വീപിന്‍റെ ഒഴുകും നഗരം!

maldives-floating-city-2
Maldives Floating City
SHARE

ലോകത്തിലെ ഏറ്റവും ജനപ്രീതിയാർജിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലെന്നാണ് മാലദ്വീപ്‌. സെലിബ്രിറ്റികളുടെ പറുദീസ എന്നും പറയാം. അതിമനോഹരമായ ബീച്ചുകളും ആഡംബരം വഴിഞ്ഞൊഴുകുന്ന റിസോര്‍ട്ടുകളും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മികച്ച കാലാവസ്ഥയുമെല്ലാം മാലദ്വീപിനെ ആകര്‍ഷണീയമാക്കുന്ന ഘടകങ്ങളില്‍ ചിലതാണ്. ഇപ്പോഴിതാ സഞ്ചാരികളെ മുഴുവന്‍ മോഹിപ്പിക്കുന്ന മറ്റൊരു പ്രോജക്റ്റ് ഒരുങ്ങുകയാണ് മാലദ്വീപില്‍.

മാലദ്വീപ് ഫ്ലോട്ടിങ് സിറ്റി എന്നാണ് ഈ പുതിയ ആകര്‍ഷണത്തിന്‍റെ പേര്. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ, വെള്ളത്തിന്‌ മുകളില്‍ നിര്‍മിക്കുന്ന ഒരു നഗരമാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. ടൂറിസ്റ്റ് ആകര്‍ഷണം എന്നതിലുപരി, കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങളെ ലഘൂകരിക്കുക എന്നൊരു ഉദ്ദേശം കൂടി ഇതിനു പിന്നിലുണ്ട്. ലോകത്തിലെ ഏറ്റവും താഴ്ന്ന രാജ്യമായ മാലദ്വീപിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായ ഒരു വികസന പദ്ധതി കൂടിയാകും ഇത്. രാജ്യത്തിന്‍റെ 80 ശതമാനത്തിലധികം ഭൂവിസ്തൃതി സമുദ്രനിരപ്പിൽ നിന്ന് ഒരു മീറ്ററിൽ താഴെയാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ,  സമുദ്രനിരപ്പ് ഉയരുന്നതും തീരദേശത്തെ മണ്ണൊലിപ്പും നിലവിലെ സാഹചര്യത്തില്‍ മാലദ്വീപിന്‍റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്.

മാലദ്വീപ് സർക്കാരുമായി ചേർന്ന് നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള ഡച്ച് ഡോക്ക്‌ലാന്റ്സ് ആണ് മാലദ്വീപ് ഫ്ലോട്ടിങ് സിറ്റി രൂപകൽപന ചെയ്യുന്നത്. നഗര ആസൂത്രണ, വാസ്തുവിദ്യാ സ്ഥാപനമായ വാട്ടർസ്റ്റുഡിയോയുടെ സഹായത്തോടെയാണ് ഇതു നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം 200 ഹെക്ടർ വിസ്തൃതിയുള്ള ഒരു ലഗൂണിലുടനീളം നിരവധി വാട്ടർഫ്രണ്ട് വസതികളും അനുബന്ധ സൗകര്യങ്ങളും ഉണ്ടാകും. തലസ്ഥാനമായ മാലിയില്‍ നിന്നും ബോട്ടിൽ 10 മിനിറ്റ് മാത്രം യാത്ര ചെയ്‌താല്‍ എത്തിച്ചേരാവുന്ന ദൂരത്തിലാണ് ഇത് ഉള്ളത്. 

പവിഴപ്പുറ്റുകളുടെ ജ്യാമിതിയെ മാതൃകയാക്കി, ഷഡ്ഭുജാകൃതിയിലുള്ള സെഗ്‌മെന്റുകൾ ആയാണ് ഫ്ലോട്ടിങ് സിറ്റി നിര്‍മിക്കുന്നത്. ഇവ ബാരിയർ ദ്വീപുകളുടെ ഒരു വലയവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ തിരകളുടെ ആഘാതം കുറയ്ക്കുകയും കെട്ടിടങ്ങള്‍ക്ക് ഉറപ്പു നൽകാന്‍ സഹായിക്കുകയും ചെയ്യുന്നു. വീടുകള്‍ക്ക് പുറമേ, പാലങ്ങൾ, കനാലുകൾ, ഡോക്കുകൾ എന്നിവയും ഷോപ്പുകൾ, വീടുകൾ, സേവനങ്ങൾ മുതലായവയും ഈ ഫ്ലോട്ടിങ് സിറ്റിയില്‍ ഉണ്ടാകും. ഒരു ആശുപത്രിയും സ്കൂളും ഇവിടെ പ്രവര്‍ത്തിക്കും. 

2022 ൽ നിർമാണം ആരംഭിക്കുന്ന ഫ്ലോട്ടിങ് സിറ്റി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി പൂർത്തിയാകും. സ്മാര്‍ട്ട്‌ ഗ്രിഡ് വഴിയായിരിക്കും വൈദ്യുതി വിതരണം. 250,000 ഡോളര്‍ മുതല്‍ മുകളിലേക്കായിരിക്കും വീടുകളുടെ വില. 

മുമ്പൊരിക്കലുമില്ലാത്തവിധം അപകടത്തിലാണ് സമുദ്രങ്ങളുടെ സ്ഥിതി എന്ന് യുഎന്നിന്‍റെ ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ) മാർച്ചിൽ മുന്നറിയിപ്പ് നൽകിയിരുന്നു. സമുദ്രനിരപ്പ് ഉയരുന്നതു മൂലമുള്ള അപകടസാധ്യത അവര്‍ ഊന്നിപ്പറയുകയുണ്ടായി. മാലദ്വീപിലാകട്ടെ, ആഗോള ജനസംഖ്യയുടെ 40% തീരത്തിന്‍റെ 100 കിലോമീറ്ററിനുള്ളിലാണ് താമസിക്കുന്നത്. മറ്റു ദ്വീപ് രാജ്യങ്ങളെ അപേക്ഷിച്ച് മാലദ്വീപ്, കിരിബതി, തുവാലു, പസഫിക്കിലെ മാർഷൽ ദ്വീപുകൾ എന്നിവയുടെ നിലനില്‍പ്പ്‌ അങ്ങേയറ്റം അപകടത്തിലാണ്.

English Summary: The Maldives Is Building a Floating City

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA