ADVERTISEMENT

ലോകത്തിലെ ഏറ്റവും പ്രശസ്തമായ തുരങ്ക പാതകളിലൊന്നാണ് ചൈനയിലെ ഹനാന്‍ പ്രവിശ്യയിലെ സിന്‍സിയാങ്ങിലുള്ള ഗുവോലിയാങ് ടണൽ. ഏകദേശം 1.2 കിലോമീറ്റർ നീളവും 4 മീറ്റർ വീതിയുമുള്ള ഈ റോഡ്‌, തായ്ഹാങ് പർവതനിരകളിലൂടെ 5 മീറ്റർ ഉയരത്തിലാണ് ഉള്ളത്. ചൈനയിലെ പ്രശസ്തമായ ടണൽ റോഡുകളിൽ ഒന്നായ ഇത് ലോകത്തെ തന്നെ ഏറ്റവും അപകടകരമായ റോഡുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു; അതീവശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ അപകടം ഉറപ്പ്. അതിമനോഹരമായ ഈ റോഡ്‌ കാണാനായി നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. 

തായ്ഹാങ് പർവതം തുരന്നാണ് ഗുവോലിയാങ് ടണൽ നിര്‍മിച്ചിട്ടുള്ളത്. 1977 മെയ് 1 ന് ഗതാഗതത്തിനായി തുറന്ന ടണലിന്‍റെ നിര്‍മാണം പൂര്‍ത്തിയാകാന്‍ അഞ്ച് വർഷമെടുത്തു. ചൈനയിലെ വെറും 13 ഗ്രാമീണർ ചേര്‍ന്നാണ് ഇത് കൊത്തിയെടുത്തത് എന്ന് കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നാം. 4,000 ചുറ്റികകളും 12 ടൺ ഉരുക്കും ഉളികളും ഉപയോഗിച്ചാണ് അവര്‍ ഈ ടണല്‍ നിര്‍മിച്ചത്. 

Guoliang-Tunnel-Road4

1972-ല്‍ ടണല്‍ നിര്‍മാണം തുടങ്ങും മുന്‍പ്, 'സ്കൈ ലാഡര്‍' എന്ന് പേരുള്ള പ്രത്യേക തരാം ഗോവണികള്‍ ഉപയോഗിച്ചായിരുന്നു ഗ്രാമീണര്‍ ചുറ്റുമുള്ള നഗരങ്ങളിലേക്ക് യാത്ര ചെയ്തിരുന്നത്. അങ്ങേയറ്റം അപകടകരമായിരുന്നു ഇതിലൂടെ ഊര്‍ന്നിറങ്ങിയുള്ള യാത്ര. ഇതിനൊരു പരിഹാരമായി ഒരു മലമ്പാത നിര്‍മ്മിക്കുന്നതിനായി നാട്ടുകാര്‍ അധികൃതരെ പലതവണ സമീപിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ഒടുവില്‍, തങ്ങളുടെ പ്രശ്നം സ്വയം പരിഹരിക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെയാണ്  ഗുവോലിയാങ് ടണലിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നത്. നിര്‍മാണത്തിനിടെ നിരവധി ഗ്രാമീണര്‍ മരണപ്പെട്ടു. എന്നിട്ടും ടണല്‍ പൂര്‍ത്തിയാകും വരെ അവര്‍ നിര്‍ത്തിയില്ല. ഒടുവില്‍ അവരുടെ ഏറെക്കാലമായുള്ള പ്രശ്നത്തിനു പരിഹാരമായി ഗുവോലിയാങ് ടണല്‍ ഗതാഗതയോഗ്യമായി. 

ഗതാഗതത്തിനായാണ് നിര്‍മിച്ചതെങ്കിലും ഇന്ന് ഈ റോഡ്‌, നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. സഞ്ചാരികള്‍ക്കായി നിർമിച്ച ഹോട്ടലുകളും പാലങ്ങളും ഇവിടെ നിരവധിയുണ്ട്. എന്നാല്‍ എപ്പോഴും പ്രവേശനം അനുവദിക്കില്ല എന്നതിനാല്‍ സഞ്ചാരികള്‍ പോകും മുന്നേ സ്ഥിതി പരിശോധിച്ചറിയണം.

Guoliang-Tunnel-Road1

വാങ്‌സിയാൻ സിനിക് ഏരിയയിലെ ഷെങ്‌ഷോ നഗരത്തിന് 120 കിലോമീറ്റർ വടക്കായാണ് ടണല്‍ സ്ഥിതിചെയ്യുന്ന ഗുവോലിയാങ് ഗ്രാമം. സിൻ‌സിയാങ്ങിലാണ് ഏറ്റവും അടുത്തുള്ള ട്രെയിൻ സ്റ്റേഷൻ. 

ചൈനയിൽ പര്‍വ്വതങ്ങള്‍ക്കിടയില്‍ കൊത്തിയെടുത്ത ഇത്തരം തുരങ്കപാതകള്‍ നിരവധിയുണ്ട്. ഗുവോലിയാങ് ടണൽ പോലെ തന്നെ പ്രശസ്തവും എന്നാല്‍ അതിലേറെ അപകടകരവുമായ ഒന്നാണ് കുൻഷൻ ടണൽ റോഡ്. സമുദ്രനിരപ്പിൽ നിന്ന് 1,000 മുതൽ 1,300 മീറ്റർ വരെ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ തുരങ്കത്തിന് 1.6 കിലോമീറ്റർ നീളമുണ്ട്. മാത്രമല്ല,  6 ചെറിയ തുരങ്കങ്ങള്‍ ഇതിനുള്ളില്‍ വേറെയുമുണ്ട്. സാധാരണയായി ശൈത്യകാലത്ത് അടച്ചിടുന്ന ഈ റോഡ്‌, സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മെയ് മുതൽ നവംബർ വരെയാണ്.

English Summary:Scenic Ride in The Guoliang Tunnel Road, China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com