അഗ്നിപർവതം മുതൽ ആർട്ടിക് വരെ , ലോകം ചുറ്റുന്ന മലയാളി വീട്ടമ്മ

SHARE
harsha

ഏതാണ് നിങ്ങളുടെ ഡ്രീം ഡെസ്റ്റിനേഷൻ? ഈ ചോദ്യം ഞാൻ എന്നോടു തന്നെ എത്രയാവർത്തി ചോദിച്ചിരിക്കുന്നു. ഉത്തരമൊന്നൊയുള്ളൂ, ആർട്ടിക് എന്ന് മനസ്സ് മറുപടി പറയുമ്പോൾ മഞ്ഞുപെയ്യും പോലൊരു കുളിരനുഭവപ്പെടും. ഓരോ യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും അടുത്തതായി പോകേണ്ട സ്ഥലം പ്ലാനിടും. സമയം അനുകൂലമാകുമ്പോൾ പോകും. വർഷങ്ങളായി ജീവിതത്തിന്റെ ഭാഗമാണ് ഈ പ്രക്രിയ. എന്നാൽ സ്വാൽബാർഡ്, അത്രമേൽ മോഹിപ്പിച്ച യാത്ര വേറെയില്ല.

ഭൂമിയുടെ അറ്റത്ത് ആർട്ടിക്കിന്റെ ഭാഗമായി കിടക്കുന്ന നോർവീജിയൻ ദ്വീപ് സമൂഹമാണ് സ്വാൽബാർഡ്. ഭൂമിയുടെ ഏറ്റവും വടക്കുള്ള അവസാന ജനവാസമേഖല Ny-alesund സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഗ്രീൻലൻഡ്, അമേരിക്കയുടെ ഭാഗമായ അലാസ്ക, കാനഡ, റഷ്യ ഐസ്‌ലൻഡ്, നേർവെ, സ്വീഡൻ, ഫിൻലൻഡ് എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളും ആർട്ടിക് സമുദ്രവും ചേർന്നതാണ് ആർട്ടിക് മേഖല. ഈ ഏത് രാജ്യം വഴി വേണമെങ്കിലും ആർട്ടിക്കിലേക്ക് കടക്കാം. നേർവെ വഴിയായിരുന്നു സ്വപ്നത്തിലേക്കുള്ള എന്റെ യാത്ര... തൃശൂർ സ്വദേശി ഹർഷ പ്രകാശിന് യാത്രകൾ ശ്വാസം പോലെയാണ്. അധികമാരും യാത്ര ചെയ്യാത്ത വഴിയേ, തനിച്ച് ബാക്ക് പായ്ക്കെടുത്ത് ഇറങ്ങുമ്പോൾ ‘യാത്രചെയ്തുകൊണ്ടേയിരിക്കുക, അനുഭവങ്ങൾ സമ്പാദിക്കുക’ എന്നതു മാത്രമാണ് ലക്ഷ്യം.

women-trip3

ദിവസങ്ങളോളം നീളുന്ന ഹൈക്കിങ്, സമ്മിറ്റ് ക്ലൈംബിങ്, സോളോ ട്രാവൽ, റോഡ് ട്രാവൽ തുടങ്ങി ഓരോ യാത്രകൾക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. സഞ്ചാരലോകം തീർക്കുന്ന മാന്ത്രികത അനുഭവിച്ചറിഞ്ഞ പെൺയാത്രിക ഹർഷ പ്രകാശ് തന്റെ യാത്രാവിശേഷങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു...

women-trip1

വലിയഭൂമിയും ചെറിയയാത്രകളും

കുട്ടിക്കാലം മുതൽ യാത്രകൾ കൂടെയുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തുടങ്ങിയതെന്നാണെന്ന് ഓർമയില്ല. കാരണം എത്രയോ കാലമായി യാത്രകൾ ജീവിതത്തിന്റെ ഭാഗമാണ്. ഭർത്താവും രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം ന്യൂസിലാൻഡിലാണ് താമസം. ന്യൂസിലാൻഡ് കൗൺസിലിന്റെ ഭാഗമായ ഓക്‌ലൻഡ് ലൈവ് എന്നൊരു ഇവന്റ് മാനേജ്മെന്റ് സിസ്റ്റത്തിലാണ് ജോലി ചെയ്യുന്നത്. കൃത്യമായി പ്ലാൻ ചെയ്താണ് യാത്രകൾ. പോകാനുദ്ദേശിക്കുന്ന സ്ഥലത്തെ കുറിച്ച് പരമാവധി അറിയാൻ ശ്രമിക്കും. ലക്ഷ്വറിയായല്ല ,ഏറ്റവും ചിലവ് കുറഞ്ഞ രീതിയിലാണ് യാത്ര ചെയ്യുന്നത്. ഹോസ്റ്റലുകളിലോ ടെന്റുകളിലോ ആണ് താമസം. ഗതാഗതത്തിന് പരമാവധി പബ്ലിക് ട്രാൻസ്പോർട് സംവിധാനം ഉപയോഗിക്കാറുണ്ട്. യാത്ര പോകുമ്പോൾ കുഞ്ഞുങ്ങളെ പരിചരിക്കാൻ നാട്ടിൽ നിന്ന് രക്ഷിതാക്കൾ വരും. അതിനാല്‍ അവരെ കുറിച്ച് ടെൻഷനില്ല.

എല്ലാ തരം യാത്രകളും ഇഷ്ടമാണ്. സോളോ ആയാലും കുടുംബത്തോടൊപ്പമായാലും സുഹൃത്തുക്കളോടൊപ്പമായാലും യാത്ര ആസ്വദിക്കും, അനുഭവിക്കും. ശാരീരിക ക്ഷമതയ്ക്ക് കൂടി ഊന്നൽ നൽകുന്ന യാത്രകളാണ് ഇപ്പോൾ കൂടുതലും ചെയ്യുന്നത്. എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലേക്ക്, പ്രത്യേക കാലാവസ്ഥയുള്ള ഇടങ്ങളിലേക്കൊക്കെ. പ്രായം കൂടി വരുകയല്ലേ, ഇത്തരം സാഹസിക യാത്രകൾ പിന്നീടേക്ക് മാറ്റി വച്ചാൽ നടന്നെന്നുവരില്ല. മൾട്ടിപ്പിൾ ഡെ ഹൈക്കിങ് ചെയ്യുന്നതിന് മുന്നോടിയായി നല്ല പ്ലാനിങ് വേണം. ദിവസങ്ങളോളം നീണ്ടു നിൽ‌ക്കുന്ന ഹൈക്കിങ്ങാണത്. ഒരു മനുഷ്യരെ പോലും കാണാനില്ലാത്ത ഹെക്ടർ കണക്കിന് സ്ഥലത്ത് കൂടിയാണ് നടത്തം. എത്ര ദിവസത്തെ യാത്രയാണോ ആ യാത്രയ്ക്കാവശ്യമായ ഭക്ഷണം, വെള്ളം, സേഫ്റ്റി എക്യുപ്മെന്റ്സ് തുടങ്ങി സകല സാധനങ്ങളും കയ്യിൽ കരുതണം. ടെന്റ് കെട്ടിയാണ് ഉറക്കം. പോകുന്ന റൂട്ടിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കി വയ്ക്കും.

കാരണം ഏതെങ്കിലും രീതിയിലുള്ള അപകടം സംഭവിച്ചാൽ സുരക്ഷാ സേന ഹെലികോപ്റ്ററിൽ വന്നാണ് രക്ഷപ്പെടുത്തുന്നത്. അത്ര സാഹസികമായ യാത്രയാണ് മൾട്ടിപ്പിൾ ഡേ ഹൈക്കിങ്. യാത്ര പോകുന്ന ഇടങ്ങളുടെ എണ്ണം ഒരു നേട്ടമായി കരുതുന്നില്ല. അവിടെ കാണാൻ ആസ്വദിക്കാൻ എന്തൊക്കെയുണ്ട് എന്ന ആകാംഷയാണ് ഓരോ യാത്രയുടെ പ്രചോദനം. പലരും ചോദിക്കാറുണ്ട് എങ്ങനെയാണ് ഈ വിധം യാത്രകൾ ചെയ്യാൻ സാധിക്കുന്നതെന്ന്. ഉത്തരമൊന്നേയുള്ളൂ,പണവും സമയവും നാം കണ്ടെത്തുന്ന പോലെയാണ്. ജീവിതത്തിെല പ്രഥമസ്ഥാനം യാത്രകൾക്കാണെങ്കിൽ അതിർവരമ്പുകളില്ലാതെ പാറിപ്പറക്കാം.


നേർത്തേൺ പസഫിക് ഐലൻഡ് ചെയിൻ

പലാവു, മാർഷൽ ദ്വീപുകൾ, വടക്കൻ മരിയാന ദ്വീപുകൾ, ഫെഡറേറ്റഡ് േസ്റ്ററ്റ്സ് ഓഫ് മൈക്രോനേഷ്യ, ഗ്വാം, സായ്പാൻ, ടോംഗ...ഇതുവരെ നടത്തിയ യാത്രകളുടെ ലിസ്റ്റിൽ ഏറ്റവും പ്രിയപ്പെട്ടവയുടെ തിരഞ്ഞെടുപ്പ് നടത്തിയാൽ അതിൽ ആദ്യം ഇടം പിടിക്കുന്ന പേരുകളാണിവ. പലാവു, വടക്കൻ ശാന്തസമുദ്രത്തിൽ ഒരു പൊട്ടുപോലെ കിടക്കുന്ന ദ്വീപുരാഷ്ട്രമാണ് പലാവു. 18000 ആളുകളാണ് ഇവിടുത്തെ ജനസംഖ്യ. ഫിലിപ്പീൻസിന് അടുത്തായാണ് പലാവു. നോർത്തേൺ പസഫിക് ഐലൻഡ് ചെയിനിന്റെ ഭാഗമാണ് മാർഷൽ ദ്വീപുകളും ഫെഡറേറ്റഡ് േസ്റ്ററ്റ്സ് ഓഫ് മൈക്രോനേഷ്യ, ഗ്വാം, പലാവു തുടങ്ങിയ ഇടങ്ങളും. മറക്കാനാവാത്ത ഒരു അനുഭവം പലാവു സമ്മാനിച്ചു. പലാവുവിലെ റോക്ക് ദ്വീപുസമൂഹത്തിന്റെ ഭാഗമായ ഏൽ മാൽക്ക് ദ്വീപിലാണ് ജെല്ലി ഫിഷ് തടാകം സ്ഥിതി ചെയ്യുന്നത്. ജെല്ലി ഫിഷ് അഥവാ കടൽ ചൊറി അതിന്റെ ടെൻറക്കിളുകൾ ഉപയോഗിച്ചാണ് ഇര പിടിക്കുന്നത്.

women-trip2

നമ്മുടെ ശരീരത്തിൽ അവ സ്പർശിച്ചാൽ ചൊറിഞ്ഞ് തടിക്കും. ആയിരകണക്കിന് ജെല്ലിഫിഷ് നിറഞ്ഞ തടാകത്തിൽ നീന്താൻ ഒരു അവസരം ഒത്തു വന്നാലോ! പലാവുവിലെ ജെല്ലിഫിഷുകൾ ഉപദ്രവകാരികളല്ല. അവയെ തൊട്ടാലോ ആ തടാകത്തിൽ നീന്തിയാലോ പ്രത്യേകിച്ച് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവില്ലെന്ന് സാരം. സഞ്ചാരികളുടെ ഇടപെടൽ ജെല്ലിഫിഷിന്റെ എണ്ണത്തെ സാരമായി ബാധിച്ചപ്പോൾ ടൂറിസം അധികൃതർ ഈ തടാകം കുറച്ചുകാലം അടച്ചിട്ടിരുന്നു. ഉദ്ദേശം ഞാൻ പലാവു യാത്ര നടത്തിയ സമയത്താണ് ജെല്ലിഫിഷ് തടാകം വീണ്ടും തുറക്കുന്നത്. തടാകത്തിലേക്ക് കടക്കുന്നതിന് മുൻപ് പുറത്ത് നിന്ന് കുളിച്ച് ശരീരം വൃത്തിയാക്കണം. ക്രീമുകളും മറ്റും തടാകത്തിൽ ചേർന്ന് അത് ജെല്ലി ഫിഷിന്റെ നിലനിൽപ്പിനെ ബാധിക്കാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമാണത്. ആയിരക്കണക്കിന് ജെല്ലിഫിഷുകൾക്കൊപ്പം നീന്തിതുടിച്ച നിമിഷം സ്വപ്നം പോലെയായിരുന്നു. പലാവുവിന്റെ വിലപ്പെട്ട സമ്മാനം. 100 ഡോളറിന്റെ പാസെടുത്താൽ പത്തുദിവസം റോക്ക് ഐലൻഡിൽ എത്ര തവണ വേണമെങ്കിലും പോയി വരാം. എന്നാൽ ബോട്ട് സംവിധാനം ഉപയോഗപ്പെടുത്താൻ അധിക ചാർജ് നൽകേണ്ടി വരും.


വിസ്മയിപ്പിച്ച് ആർട്ടിക്

ഭൂമിയുടെ ഉത്തരധ്രുവത്തിന് ചുറ്റുമുള്ള മേഖലയാണ് ആർട്ടിക്. യൂറേഷ്യയുടെയും വടക്കേ അമേരിക്കയുടെയും കരഭാഗങ്ങളും ആർട്ടിക് സമുദ്രവും ചേർന്ന മേഖല. ശൈത്യകാലത്ത് മൈനസ് 40 ഡിഗ്രിയും വേനൽക്കാലത്ത് മൈനസ് പത്തു ഡിഗ്രിയുമാണ് ശരാശരി താപനില. കാലാവസ്ഥയാണ് ആർട്ടിക്കിലേക്ക് ആകർഷിച്ച പ്രധാന ഘടകം. മണ്ണും കല്ലും പാറകഷ്ണങ്ങളും തണുപ്പിന്റെ കാഠിന്യം മൂലം രണ്ടോ അതിലധികമോ വർഷത്തേക്ക് ഉറഞ്ഞുപോകുന്ന പെർമഫോസ്റ്റ് എന്ന പ്രതിഭാസവും ആർട്ടിക്കിൽ കാണാം. നോർവേയുടെ ഭാഗമായതും എന്നാൽ ആർട്ടിക് പ്രവിശ്യയിൽ ഉൾപ്പെടുന്ന ദ്വീപ് സമൂഹമാണ് സ്വാൽബാർഡ്. ഒരുപാടുകാലത്തെ കാത്തിരിപ്പിന് ശേഷമാണ് സ്വപ്നതുല്യമായ ആർട്ടിക് യാത്ര സാധ്യമായത്. ഓസ്ലോവിൽ നിന്ന് വിമാനം പറന്നുയരുമ്പോൾ ആ നഗരം രാത്രിയുടെ പുതപ്പിനുള്ളിലൊളിക്കാനൊരുങ്ങുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം, ശക്തമായ സൂര്യപ്രകാശം മുഖത്തുപതിച്ചപ്പോഴാണ് ഉറക്കമുണരുന്നത്. മാസങ്ങളോളം ഇരുട്ടുവീഴാത്ത പ്രദേശത്തേക്കാണ് യാത്ര. ലോങ്‌യിർബിൻ വിമാനത്താവളത്തിലിറങ്ങുമ്പോൾ സമയം രാത്രി 11. നോർവേയിൽ നിന്ന് ഒപ്പം കൂടിയ സുഹൃത്തിനെ കൂട്ടി ഒരു കാർ വാടകയ്ക്കെടുത്തു. ടൗൺ സെന്ററിലുള്ള കടകൾ അടഞ്ഞുകിടക്കുന്നതും നിരത്തിലൊന്നും ഒരാളെ പോലും കാണുന്നില്ല എന്നതുമാണ് സമയം പാതിരാത്രിയാണെന്ന് ഓർമിപ്പിക്കുന്ന ഘടകം. സൂര്യൻ ചെറുപുഞ്ചിരിയോടെ അസ്തമിക്കാൻ മറന്നു നിൽക്കുന്നു. ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള സ്ഥലായ നിയാലസന്റ്, പല രാജ്യങ്ങളിൽ നിന്നുള്ള കാലാവസ്ഥ കേന്ദ്രീകൃത പഠനങ്ങൾ നടക്കുന്ന ഗവേഷണ കേന്ദ്രമായ ഇടമാണിത്. ഇവിടേക്കുള്ള യാത്ര നടത്തി തിരിച്ചുവരുമ്പോൾ നീലത്തിമിംഗലത്തെ കണ്ടത് വേറിട്ടൊരു അനുഭവമായി. ധ്രുവക്കരടി, റെയിൻ ഡിയർ, ഫോക്സ്, സ്നോ ലപേർഡ് തുടങ്ങിയ ജീവികളെ അതിന്റെ പ്രകൃത്യാലുള്ള ചുറ്റുപ്പാടിൽ കാണാൻ കഴിഞ്ഞു.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA