ADVERTISEMENT

സഞ്ചാരികള്‍ക്കായി ഒട്ടേറെ അദ്ഭുതക്കാഴ്ചകള്‍ ഒരുക്കി വച്ച ഒരിടമാണ് യു എസ്  സംസ്ഥാനമായ യൂട്ടാ. ലോകത്ത് മറ്റെവിടെയും കാണാത്ത തരത്തിലുള്ള നിരവധി അപൂര്‍വ മനോഹര ദൃശ്യങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. അത്തരത്തിലൊരു കാഴ്ചയാണ് സാന്‍ ജുവാന്‍ കൗണ്ടിയില്‍ ഹൈവേ 191 ലുള്ള 'ഹോള്‍ ഇന്‍ ദി റോക്ക്' എന്ന ഗുഹവീട്. ഏകദേശം 5,000 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരു ഭീമന്‍ മണല്‍ക്കല്ല് തുരന്നു നിര്‍മിച്ച ഈ വീട് കാണുന്നതു തന്നെ അവിശ്വസനീയമായ ഒരു അനുഭവമാണ്. തെക്കുകിഴക്കൻ യൂട്ടായിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഇവിടം. പ്രതിദിനം 500 ഓളം സന്ദർശകര്‍ ഇവിടെയെത്തുന്നു എന്നാണു കണക്ക്.

Hole-N-The-Rock--Utah

1940- ല്‍ ആൽബർട്ട് ക്രിസ്റ്റെൻസൻ എന്നയാളാണ് ഈ വീട് നിര്‍മിക്കാന്‍ ആരംഭിച്ചത്. പണി പൂര്‍ത്തിയായതോടെ, 1952-ൽ ക്രിസ്റ്റെൻസനും കുടുംബവും ഇതിനുള്ളിലേക്ക് താമസം മാറി. 1945 മുതല്‍ 1955 വരെയുള്ള കാലത്ത്  'ഹോൾ ഇന്‍ ദി റോക്ക് ഡൈനർ' എന്ന പേരില്‍ സന്ദര്‍ശകര്‍ക്കായുള്ള ഒരു ഭക്ഷണശാലയും ഇതിനരികിലായി പ്രവര്‍ത്തിച്ചിരുന്നു. 1957-ൽ ഇയാളുടെ മരണശേഷം ഭാര്യ ഗ്ലാഡിസ് ഇവിടെത്തന്നെ താമസം തുടര്‍ന്നു. എഴുപതുകളിൽ അവരും മരിച്ചു. പാറ വീടിനരികില്‍, പ്രിയതമനെ അടക്കം ചെയ്തതിനടുത്തായി അവര്‍ക്കും ശവകുടീരമൊരുക്കി കുടുംബാംഗങ്ങള്‍.   

സഞ്ചാരികളുടെ പ്രിയയിടം

ഗ്ലാഡിസിന്‍റെ മകൻ ഹബ് ഡേവിസ് ആയിരുന്നു, 2000 വരെ ഈ വീടിന്‍റെ ഉടമസ്ഥന്‍. ഹബ്ബിന്‍റെ കയ്യില്‍ നിന്നും വീട് വാങ്ങിയ വിൻ‌ഡിയും എറിക് ഹാൻസനും ചേര്‍ന്ന് ഇവിടെ ചില മാറ്റങ്ങള്‍ വരുത്തി.ലാമ, എമുസ്, വാലാബീസ് തുടങ്ങിയ വളര്‍ത്തു മൃഗങ്ങള്‍ക്കായുള്ള ഒരു മൃഗശാലയും ഗിഫ്റ്റ് ഷോപ്പുകളും അവര്‍ ഇവിടെ സ്ഥാപിച്ചു. സഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിച്ചതിന്‍റെ ഓര്‍മയ്ക്കായുള്ള സുവനീറുകളും കൗതുകവസ്തുക്കളുമെല്ലാം ഈ ഷോപ്പില്‍ കിട്ടും. 

വലിയ തൂണുകളോടു കൂടിയ പതിനാല് മുറികളുണ്ട് ഈ വീട്ടിനുള്ളിൽ. ഭിത്തികളിൽ കൊത്തിയെടുത്ത ഷെല്‍ഫുകളും മണൽക്കല്ലിൽ 65 അടി ഉയരത്തില്‍ തുരന്നു സ്ഥാപിച്ച ചിമ്മിനിയോടുകൂടിയ ഫയര്‍ പ്ലേസും കാണാം. ഒരു വലിയ കോൺക്രീറ്റ് ബാത്ത് ടബും ഇതിനുള്ളില്‍ നിർമിച്ചിട്ടുണ്ട്. ഓരോ മുറിയിലും ഫർണിച്ചറുകളും ക്രിസ്റ്റെൻസൻസ് കുടുംബം ഉപയോഗിച്ചിരുന്ന വസ്തുക്കളും കാണാം. കൂടാതെ കൊളറാഡോ ആർട്ടിസ്റ്റ് ലൈൽ നിക്കോൾസിന്‍റെ കലാസൃഷ്ടികളായ പതിനൊന്ന് ലോഹ ശില്‍പ്പങ്ങളും ഇതിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നു.

 

English Summary: House Carved into a Rock Utah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com