കറുത്ത നിറമുള്ള ആപ്പിൾ, യഥാര്‍ത്ഥമാണോ?

black-apple1
Image From Youtube
SHARE

ആപ്പിള്‍ വിളയുന്ന സീസണ്‍ എന്നുപറഞ്ഞാല്‍ മൂന്നാറും കാശ്മീരും പോലുള്ള ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഉത്സവകാലമാണ്. മഞ്ഞു പൊതിഞ്ഞ ആപ്പിള്‍ തോട്ടങ്ങള്‍ക്കിടയിലൂടെ, വിളഞ്ഞു പഴുത്ത് ചോരനിറത്തില്‍ തൂങ്ങിക്കിടക്കുന്ന ആപ്പിളുകള്‍ കണ്ടു നടക്കാന്‍ ഇഷ്ടമില്ലാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. ആ കാഴ്ച മനസ്സില്‍ നിറയ്ക്കുന്ന അനുഭൂതി ഒന്ന് വേറെ തന്നെയാണ്. ഈ സമയത്ത് ഇത്തരം സ്ഥലങ്ങളില്‍ എത്തിച്ചേരുന്ന സഞ്ചാരികളുടെ എണ്ണം ഒന്നുമാത്രം മതി ഇക്കാര്യം സാക്ഷ്യപ്പെടുത്താന്‍. 

എത്ര നിറത്തിലുള്ള ആപ്പിളുകള്‍ കണ്ടിട്ടുണ്ട്? പച്ചയും ചുവപ്പും നിറങ്ങളിലല്ലാതെ വേറെയും നിറങ്ങളില്‍ ആപ്പിളുകള്‍ വിളയുന്ന സ്ഥലങ്ങള്‍ ഈ ലോകത്തുണ്ട്. അത്തരമൊരു മനോഹര കാഴ്ചയാണ് യുഎസിലെ അർക്കൻസാസിലെ ബെന്‍ടണ്‍ കൌണ്ടിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇവിടെ വിളയുന്നത് ചുവപ്പും പച്ചയും ഒന്നുമല്ല; കറുത്ത നിറമാണ് ഇവിടെയുള്ള ആപ്പിളുകള്‍ക്ക്! 

black-Apple

ഒറ്റ നോട്ടത്തില്‍ ഇവ യഥാര്‍ത്ഥമാണോ എന്ന് ആരും സംശയിച്ചു പോകും! മരത്തില്‍ നിന്നും പറിച്ചെടുത്ത് കടിച്ചു നോക്കിയാലോ, സാധാരണ ആപ്പിളിന്‍റെ രുചിയേ അല്ല; കടുത്ത ചവര്‍പ്പ് കാരണം സാധാരണ ആപ്പിളിനെ പോലും വെറുത്തു പോകും! പറിച്ചെടുത്ത ആപ്പിളുകള്‍ കുറെ നാള്‍ റഫ്രിജറേറ്ററിനുള്ളില്‍ സൂക്ഷിക്കണം, എന്നാലെ ചവര്‍പ്പ് മാറൂ. 

1870 ൽ ബെന്റൺവില്ലിലെ ഒരു തോട്ടത്തിലാണ് കർഷകർ ആദ്യമായി ഇനം കൃഷി ചെയ്യാന്‍ ആരംഭിച്ചത്. ആപ്പിൾ ഉൽപാദനത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സമ്പദ്‌വ്യവസ്ഥയാണ് അർക്കൻസാസിലുള്ളത്. 1920 കളിൽ സംസ്ഥാനത്തിലെ വിളവിന്‍റെ 15 മുതൽ 20 ശതമാനം, വൈൻസാപ്പ് ആപ്പിളിന്‍റെ പിൻഗാമിയാണെന്ന് കരുതപ്പെടുന്ന കറുത്ത ആപ്പിളായിരുന്നു. എന്നാൽ പിന്നീട് ആപ്പിളുകളില്‍ ഉണ്ടായ പുഴു ബാധയും മഹാമാന്ദ്യത്തിന്‍റെ തുടക്കവും ഇതിന്‍റെ തുടര്‍ന്നുള്ള വാണിജ്യ ഉൽപാദനത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചു. ഇന്ന്, സംസ്ഥാനത്തെ മൊത്തം ആപ്പിൾ ഉൽപാദനത്തിന്‍റെ 3 മുതൽ 5 ശതമാനം വരെ ഈ ഇനമാണ്. 

ഇന്ന് ഇവിടെയുള്ള മിക്ക വീടുകളുടെ മുറ്റത്തും കറുത്ത ആപ്പിള്‍ മരങ്ങള്‍ കാണാം. ഏറെ നാള്‍ നീണ്ടുനില്‍ക്കുന്നതിനാല്‍ ഇവ ആപ്പിള്‍ പൈകളും പേസ്ട്രികളും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. അങ്ങേയറ്റം ആരോഗ്യപ്രദമായ ഒരു ഭക്ഷണമാണ് ഇവ. യഥേഷ്ടം നാരുകള്‍ അടങ്ങിയ ഈ ഫലം, മികച്ച ദഹനത്തിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയ രോഗങ്ങൾ തടയുന്നതിനും സഹായിക്കുന്നു. വിറ്റാമിൻ സി, എ എന്നിവയുടെ മികച്ച സ്രോതസ്സായ ഇവയിൽ പൊട്ടാസ്യവും ഇരുമ്പും അടങ്ങിയിട്ടുണ്ട്. 

ഒക്ടോബര്‍ അവസാനത്തോടെയാണ് ഇവ പാകമാകുന്നത്. ഈ സമയത്ത് ആപ്പിള്‍ തോട്ടങ്ങള്‍ കാണാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തുന്നു. നവംബർ അവസാനത്തോടെ അർക്കൻസാസ് സംസ്ഥാനത്തിന്‍റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളില്‍ കറുത്ത ആപ്പിള്‍ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ യഥേഷ്ടം ലഭ്യമാകും, ഫെബ്രുവരിയാകുമ്പോള്‍ ഇവ അപ്രത്യക്ഷമാകും. 

ലോകത്താകെ 7,500 ഇനങ്ങളില്‍പ്പെട്ട ആപ്പിളുകള്‍ ഉണ്ടെന്നാണ് കണക്ക്, ഇവയില്‍ 2,500 എണ്ണവും യുഎസിലാണ്. യു‌എസ്, പോളണ്ട്, തുർക്കി, ഇറ്റലി, ചൈന എന്നിവിടങ്ങളിലെ കർഷകരാണ് ലോകത്തിലാകെയുള്ള ആപ്പിളിന്‍റെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത്.

English Summary: Arkansas Black Apple , Rare fruit lasts a very long time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA