മരണത്തിനു വിലക്കേര്‍പ്പെടുത്തിയ ഇടങ്ങള്‍; കാരണങ്ങള്‍ അതിവിചിത്രം!

1Le-Lavandou%2c-France
SHARE

തിരക്കുകള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കുമിടയില്‍ ജീവിതം മുഷിപ്പനാകുമ്പോള്‍ ഒരു യാത്ര പോകണമെന്ന് മിക്കവരും ആഗ്രഹിക്കാറുണ്ട്. യാത്രകളിഷ്ടമില്ലാത്തവരുമുണ്ട്. പക്ഷേ ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാവർക്കും ഒഴിവാക്കാനാവാത്തൊരു യാത്രയുണ്ട്– ജീവിതത്തിൽനിന്നുള്ള ആ യാത്ര – മരണം.

പ്രപഞ്ചത്തിലെ ഏറ്റവും അനിവാര്യമായ കാര്യം. എന്നാല്‍, ആ യാത്രയ്ക്കു ‘വിലക്കുള്ള’ ചില ഇടങ്ങളും ഭൂമിയിലുണ്ട്. അത്തരം വിലക്കുകൾ പ്രതീകാത്മ പ്രതിഷേധമോ തമാശയോ ആണ്. അതിനു പലയിടത്തും പലതാണ് കാരണങ്ങള്‍. അത്തരത്തിലുള്ള ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

1. ലഞ്ചാരണ്‍, സ്പെയിന്‍

സെമിത്തേരിയിൽ ആളുകളെ അടക്കം ചെയ്യാന്‍ സ്ഥലമില്ലാതെ വന്നപ്പോഴാണ് സ്പെയിനിലെ ഗ്രാനഡ പ്രവിശ്യയിലെ ലഞ്ചാരണ്‍ ഗ്രാമത്തിലെ മേയർ 1999 ൽ മരണം ‘നിരോധിച്ചത്’.

Lanjaron,-Spain

ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള തമാശ നിറഞ്ഞ ഒരു രാഷ്ട്രീയ നീക്കമായിരുന്നു അത്. പുതിയ ശ്മശാനം കണ്ടെത്തുന്നതുവരെ പ്രദേശത്തെ 4000 ത്തോളം താമസക്കാരാരും ‘മരിക്കരുതെന്ന്’ മേയര്‍ ആഹ്വാനം ചെയ്തു.

2. ലെ ലാവൻഡു, ഫ്രാൻസ്

മനോഹരമായ നീല ബീച്ചുകൾക്കും പ്രകൃതിസൗന്ദര്യത്തിനും പേരുകേട്ട കടലോര നഗരമാണ് ഫ്രാന്‍സിലെ ലെ ലാവൻഡു. സെമിത്തേരി പൂർണമായും നിറഞ്ഞതിനാല്‍ നഗരപരിധിക്കുള്ളിൽ മരിക്കുന്നത് വിലക്കുന്ന ഒരു നിയമം 2000 ൽ മേയർ പാസാക്കി.

Le-Lavandou,-France1

ഏറെ ഗുരുതരമായ അത്തരമൊരു പ്രശ്നം ജനങ്ങളുടെ ശ്രദ്ധയിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായിരുന്നു ഈ നിരോധനം.

3. സെല്ലിയ, ഇറ്റലി

2015 ൽ സെല്ലിയ എന്ന ഇറ്റാലിയൻ ഗ്രാമത്തിലെ മേയർ ആളുകളെ രോഗബാധിതരാകുന്നതിൽനിന്ന് വിലക്കുകയാണ് ചെയ്തത്. വെറും 500 മാത്രമാണ് ഇവിടത്തെ ജനസംഖ്യ. ഇതില്‍ പകുതിയും പകുതിയും 65 വയസ്സിനു മുകളിലുള്ളവരാണ്.

2Sellia,-Italy

ജനസംഖ്യ വീണ്ടും കുറയാതിരിക്കാന്‍ ജനങ്ങള്‍ ആരോഗ്യത്തോടെയിരുന്നേ മതിയാകൂ എന്നായിരുന്നു ഫലിതപൂര്‍ണമായ ഈ ഉത്തരവു കൊണ്ട് ഉദ്ദേശിച്ചത്. 

4. സർപൊറെൻക്സ്, ഫ്രാൻസ് 

തെക്ക്-പടിഞ്ഞാറൻ ഫ്രാൻസിലെ ഈ നഗരത്തില്‍ 2008 ൽ മേയർ ഉത്തരവ് പ്രകാരം മരണം ‘നിരോധിച്ചു’. നിയമം തെറ്റിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നൽകുമെന്നും ഈ ഉത്തരവില്‍ ഉണ്ടായിരുന്നു! ശ്മശാനം വിപുലീകരിക്കുന്നതിൽനിന്ന് നഗരത്തെ തടയുന്ന നിയമവിധിക്കെതിരായ പ്രതീകാത്മക പ്രതിഷേധമായിരുന്നു ഈ ഉത്തരവ്.

5. കഗ്നോക്സ്, ഫ്രാൻസ്

17,000 ത്തോളം ആളുകൾ വസിക്കുന്ന ഒരു പട്ടണമാണ് ഫ്രാന്‍സിലെ കഗ്നോക്സ്. പുതിയ ശ്മശാനം തുറക്കാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് 2007 ൽ ഈ പ്രദേശത്ത് മേയർ മരണം ‘നിരോധിച്ചു’. പിന്നീട്, പ്രാദേശിക സെമിത്തേരി വിപുലീകരിക്കാന്‍ അനുമതി ലഭിച്ചു.

6. ഇറ്റ്സുകഷിമ, ജപ്പാൻ

‘ദേവന്മാർക്ക് സമർപ്പിക്കപ്പെട്ട ദ്വീപ്’ എന്നാണ് ജാപ്പനീസ് ഭാഷയില്‍ ഇറ്റ്സുകഷിമ എന്ന വാക്കിനർഥം. നാട്ടുകാര്‍ ഈ ദ്വീപിനെത്തന്നെ ഒരു ദൈവമായി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ, ഇതിന്‍റെ പരിശുദ്ധി നിലനിർത്തുന്നതും പരിസരം വൃത്തിയായി പരിപാലിക്കുന്നതും വളരെ പ്രധാനമാണ്.

3-Itsukushima,-Japan

ഇക്കാരണത്താല്‍, 1878 മുതൽ ദ്വീപില്‍ മരണങ്ങളും ജനനങ്ങളും അനുവദനീയമല്ല. ദ്വീപിൽ ഇപ്പോഴും ശ്മശാനങ്ങളോ ആശുപത്രികളോ കാണാനാവില്ല.

English Summary: Places In The World Where It's Literally Illegal To Die

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA