കടലിനെ കരയാക്കുന്ന ഐസ് കട്ടകളും ഭീമൻ ഞണ്ടും; ഇത് അപൂര്‍വ കാഴ്ച

Okhotsk-sea1
SHARE

ജപ്പാനിലെ ഹോക്കൈഡോയിലെ ഒഖോറ്റ്സ്ക് പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് മൊംബെത്സു. ജപ്പാനിലെ ഏറ്റവും രുചികരമായ ഞണ്ടുകള്‍ കിട്ടുന്ന സ്ഥലം എന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത. ഞണ്ട് മാത്രമല്ല, രുചിമുകുളങ്ങള്‍ക്ക് ഉത്സവമേളമൊരുക്കുന്ന നിരവധി കടല്‍വിഭവങ്ങള്‍ ഇവിടെ കിട്ടും. മൊംബെത്സുവിന്‍റെ പ്രധാന വരുമാന മാര്‍ഗവും മത്സ്യബന്ധനം തന്നെയാണ്. നല്ല മീനും ഞണ്ടുമൊക്കെ കഴിക്കാനായി രാജ്യത്തിനകത്തും പുറത്തു നിന്നുമായി നിരവധി സഞ്ചാരികളാണ് കടല്‍ കടന്നു ഇവിടേക്ക് എത്തുന്നത്.

മഞ്ഞ് നിറഞ്ഞ കടൽ

മഞ്ഞുകാലത്ത് കടലില്‍ അങ്ങിങ്ങായി കാണപ്പെടുന്ന മഞ്ഞിന്‍കട്ടകളാണ് മൊംബെത്സുവിനെ സഞ്ചാരികളുടെ ഇടയില്‍ പ്രിയപ്പെട്ടതാക്കുന്നത്. എല്ലാ വര്‍ഷവും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഒഖോറ്റ്സ്ക് കടലില്‍ നിറയെ പരന്നുകിടക്കുന്ന മഞ്ഞിന്‍കട്ടകളുടെ കാഴ്ച അതിസുന്ദരമാണ്. എല്ലാവര്‍ഷവും നഗരത്തില്‍ ഈ സമയത്ത് ഡ്രിഫ്റ്റ് ഐസ് ഫെസ്റ്റിവലും നടത്താറുണ്ട്‌. ഡ്രിഫ്റ്റ് ഐസ് കൊണ്ട് നിർമിച്ച ആകർഷകമായ ശില്പങ്ങള്‍ ഈ സമയത്ത് പ്രദര്‍ശിപ്പിക്കാറുണ്ട്.

Okhotsk-sea1

കൂടാതെ, സമുദ്രത്തിന് മുകളില്‍ നിന്നും താഴെ നിന്നും കടൽ ഐസ് നിരീക്ഷിക്കാൻ കഴിയുന്ന ഒഖോറ്റ്സ്ക് ടവറില്‍ കയറാം. കടൽ ഐസിനെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഹോബൈഡോയിലെ ഒഖോറ്റ്സ്ക് സീ ഐസ് മ്യൂസിയം, വിവിധ മത്സ്യങ്ങളെ ഐസിൽ സൂക്ഷിച്ച് പ്രദര്‍ശിപ്പിക്കുന്ന "ഫ്രോസൺ അക്വേറിയം" എന്നിവയും സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം.  

ഭീമൻ ഞണ്ട്

ലോകത്ത് അപൂര്‍വമായി ചിലയിടങ്ങളില്‍ മാത്രം കാണപ്പെടുന്ന ഇനമായ 'ഹെയറി ക്രാബ്' അഥവാ, ശരീരത്തില്‍ രോമമുള്ള തരം ഞണ്ടുകള്‍ക്കും പ്രസിദ്ധമാണ് മൊംബെത്സു. എന്നാല്‍ ചുവപ്പും ഓറഞ്ചും കലര്‍ന്ന റെഡ് കിംഗ് വിഭാഗത്തില്‍പ്പെട്ട ഞണ്ടിന്‍റെ മാതൃകയിലാണ് ശില്‍പ്പം ഉള്ളത്. രോമത്തോടു കൂടിയ കാലുകളുടെ ശില്‍പ്പം നിര്‍മിക്കുന്നത് താരതമ്യേന കൂടുതല്‍ സാങ്കേതികത ആവശ്യപ്പെടുന്നതു കൊണ്ടാവാം ഇങ്ങനെയൊരു തിരഞ്ഞെടുപ്പ്. 

Crab-Claw-Statue

ഞണ്ട് എന്നു പറഞ്ഞാല്‍ ഇവിടുത്തെ നാട്ടുകാര്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതും അഭിമാനത്തോടെ നെഞ്ചോടു ചേര്‍ത്ത് വെക്കുന്നതുമായ ജീവിയാണ് എന്ന കാര്യം അറിയണമെങ്കില്‍ ഒഖോറ്റ്സ്ക് കടല്‍ക്കരയില്‍ ചെല്ലണം. കണ്ണഞ്ചിപ്പിക്കുന്ന ഓറഞ്ച് നിറത്തില്‍, ജീവന്‍ തുടിക്കുന്ന ഒരു ഭീമന്‍ ഞണ്ടിന്‍ കാല്‍ ശില്‍പ്പം ഇവിടെ കാണാം. ഒന്നും രണ്ടുമല്ല, പന്ത്രണ്ടു മീറ്റര്‍ ഉയരവും ഏഴു ടണ്ണോളം ഭാരവുമുണ്ട് ഇതിന്! 

1983- ലെ മഞ്ഞുകാലത്ത്  മൊംബെത്സു നഗരത്തില്‍ നടന്ന ഡ്രിഫ്റ്റ് ഐസ് ആര്‍ട്ട് ഫെസ്റ്റിവലിന്‍റെ ഭാഗമായാണ് ഈ ഭീമനെ നിര്‍മിച്ചത്. നഗരവാസികളുടെ സഹകരണത്തോടെ ടോഷി നാഗസാക്കി എന്ന പ്രാദേശിക കലാകാരനാണ് ഇത് നിര്‍മിച്ചത്. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം, ശില്‍പ്പം ഇപ്പോഴുള്ള സ്ഥലത്ത് സ്ഥിരമായി സ്ഥാപിക്കപ്പെട്ടു.  നീല നിറമുള്ള കടലും ആകാശവും തിളങ്ങുന്ന വെള്ളയില്‍ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പഞ്ചാര മണല്‍ തീരങ്ങള്‍ക്കുമിടയില്‍ തീനാളത്തെ ഓര്‍മിപ്പിക്കുന്ന ഓറഞ്ച് നിറത്തില്‍ കാണുന്ന ഈ കലാസൃഷ്ടി, ഇവിടെയെത്തുന്ന ആളുകള്‍ക്ക് അങ്ങേയറ്റം ഹൃദയഹാരിയായ കാഴ്ചയാണ്.

English Summary: Watching Drift Ice in Okhotsk Sea and Crab Claw Statue in Japan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA