ADVERTISEMENT

സമ്പന്നമായ  സാംസ്കാരിക പൈതൃകവും ആരെയും മയക്കുന്ന പ്രകൃതി സൗന്ദര്യവും കൊണ്ട് എല്ലാക്കാലവും സന്ദർശകരെ ആകർഷിക്കുന്ന രാജ്യമാണ് വിയറ്റ്നാം. കിഴക്ക് പർവതങ്ങളും പടിഞ്ഞാറ് ദക്ഷിണ ചൈനാക്കടലും വടക്ക്, തെക്ക് അറ്റങ്ങളിലായി ചുവന്ന നദിയും മെകോങ് ഡെൽറ്റകളും അതിരിടുന്ന ഈ രാജ്യത്ത് സഞ്ചാരികള്‍ക്ക് കാണാന്‍ മനോഹരമായ ഒട്ടേറെ കാഴ്ചകളുണ്ട്‌. പഞ്ചാരമണൽ ബീച്ചുകളും വയലോലകളും മലകളും കാടുകളുമെല്ലാം വേണ്ടത്രയുള്ള വിയറ്റ്‌നാമിലെ ഏറ്റവും മനോഹരമായ ചിലയിടങ്ങള്‍ പരിചയപ്പെടാം.

ഭൂമിയില്‍ എവിടെയും ഉറച്ചു നില്‍ക്കാതെ ഒഴുകി നടക്കുന്ന ഒരു വീട്ടില്‍ താമസിക്കുന്നത് ഒന്നാലോചിച്ചു നോക്കൂ, വിയറ്റ്നാമിലുണ്ട് അങ്ങനെയുള്ള ഇടങ്ങൾ.ഇവിടുത്തെ ഗ്രാമീണര്‍ വര്‍ഷങ്ങളായി അങ്ങനെയാണ് ജീവിക്കുന്നത്. സഞ്ചാരികള്‍ക്കായി താമസ സൗകര്യവും മികച്ച ഭക്ഷണവുമെല്ലാം കുറഞ്ഞ ചെലവില്‍ ഇത്തരം വീടുകളില്‍ നിന്നും ലഭിക്കും.

halong-bay1

ഹാലോംഗ് ബേ

വിയറ്റ്നാമിലെ നാല് മത്സ്യബന്ധനഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന ഫ്ലോട്ടിങ് വില്ലേജാണ് ഹാലോംഗ് ബേ. നാടോടിക്കഥകളില്‍ പറയുന്ന, ആക്രമണകാരികളില്‍ നിന്നും കടലിനെ സംരക്ഷിക്കുന്ന ഡ്രാഗണായ ഹാലോംഗിന്‍റെ പേരില്‍ നിന്നാണ് ഗ്രാമത്തിന് ആ പേര് ലഭിച്ചത്. ഒരുകാലത്ത്, മത്സ്യത്തൊഴിലാളികൾക്ക് മീൻ വിൽക്കാനുള്ള സ്ഥലമായിരുന്ന ഹാലോംഗ് ബേ പിന്നീട് ഒരു ഫ്ലോട്ടിങ് വില്ലേജായി മാറുകയായിരുന്നു. 

ക്യൂവ വാൻ, ബാ ഹാംഗ്, കോംഗ് സൊ, വോങ് വിയങ് എന്നിങ്ങനെ നാല് മത്സ്യബന്ധന ഗ്രാമങ്ങളിലായി ഇപ്പോൾ 1,600 ഓളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. മത്സ്യബന്ധനത്തിലൂടെയും സമുദ്ര അക്വാകൾച്ചറിലൂടെയുമാണ് ഇവര്‍ വരുമാനം കണ്ടെത്തുന്നത്. ഈ പ്രദേശത്തിന്‍റെ സാംസ്കാരിക പ്രസക്തി തിരിച്ചറിഞ്ഞ യുനെസ്കോ ഹാലോംഗ് ബേ പ്രദേശത്തെ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു.

ഹോയ് ആന്‍

യുനെസ്കോ അംഗീകരിച്ച ലോക പൈതൃക കേന്ദ്രവും വിയറ്റ്നാമിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമാണ് ഹോയ് ആന്‍. നാവില്‍ കപ്പലോടിക്കുന്ന രുചികളും കൗതുകകരമായ ചരിത്രവും മനോഹരമായ ഭൂപ്രകൃതിയുമെല്ലാമായി ഒരു മിനിയേച്ചര്‍ വിയറ്റ്നാമാണ്  ഹോയ് ആന്‍ എന്ന് പറയാം. പതിനാറാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനുമിടയിലുള്ള കാലത്ത് ഒരു പ്രധാന തുറമുഖ നഗരമായിരുന്ന ഹോയ് ആനിലെങ്ങും ഏഷ്യൻ, യൂറോപ്യൻ സ്വാധീനങ്ങളുടെ സമന്വയം കാണാം.

vietnam-hoi-an

ചൈനീസ് ക്ഷേത്രങ്ങൾ നിറഞ്ഞ തെരുവുകളും സജീവമായ ഭക്ഷണ മാർക്കറ്റുകളും , മരംകൊണ്ടുള്ള കെട്ടിടങ്ങളുമെല്ലാം ഇവിടെ കാണാം. കൂടാതെ, പ്രാദേശിക കലാസൃഷ്ടികള്‍ വിൽക്കുന്ന ഗാലറികളും ഓപ്പൺ എയർ കഫേകളും മറ്റൊരു പ്രധാന കാഴ്ചയാണ്. ഹോയ് നദിക്കരയിൽ വര്‍ഷംതോറും നടക്കുന്ന ലാന്റേണ്‍ ഫെസ്റ്റിവല്‍ സമയത്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നു.  

മുയി നേ

vietnam-mui-ne

ഒരുകാലത്ത് തിരക്കേറിയ മത്സ്യബന്ധന ഗ്രാമമായിരുന്ന മുയി നേ ഇപ്പോൾ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. സമീപത്തുള്ള ഹോ ചി മിൻ സിറ്റിയിൽ നിന്നും വാരാന്ത്യങ്ങളില്‍ ഇവിടേക്ക് നിരവധി നഗരവാസികള്‍ എത്തിച്ചേരുന്നു. നിരനിരയായി റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കിയിരിക്കുന്ന ഒൻപത് മൈൽ ദൈർഘ്യമുള്ള ബീച്ചും റെസ്റ്റോറന്റുകളും ഷോപ്പുകളുമെല്ലാം സദാ സമയവും ശാന്തത കളിയാടുന്ന ഇടങ്ങളാണ്. വര്‍ഷം മുഴുവന്‍ സ്ഥിരമായി കാറ്റു വീശുന്നതിനാല്‍ വിന്‍ഡ് സർഫിംഗിനും കൈറ്റ് സർഫിംഗിനും പ്രശസ്തമാണ് ഇവിടം.

ഹ്യുവേ

വിയറ്റ്‌നാമിലെ മറ്റൊരു യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റാണ് ഹ്യുവേ. വിയറ്റ്നാം ഭരിച്ചിരുന്ന ഗ്വെന്‍ ചക്രവർത്തിമാരുടെ തലസ്ഥാനമായിരുന്നു ഇവിടം. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ഫ്രഞ്ചുകാരുമായും അമേരിക്കക്കാരുമായും നടത്തിയ യുദ്ധത്തില്‍ നഗരം തകർന്നടിഞ്ഞു. ഇപ്പോഴും അക്കാലത്തെ ശവകുടീരങ്ങളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളുമെല്ലാം ഇവിടെ കാണാം. 

നഗരത്തിലൂടെ ഒഴുകുന്ന പെർഫ്യൂം നദി(സാങ് ഹാംഗ്)ക്കരയില്‍ മൂന്നു മൈല്‍ നീളത്തില്‍ പരന്നുകിടക്കുന്ന ഒരു കോട്ടയുണ്ട്, പത്തൊൻപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ നിര്‍മിച്ച ഈ കോട്ടയുടെ കാഴ്ച അതിമനോഹരമാണ്. സഞ്ചാരികള്‍ക്ക് പെർഫ്യൂം നദിയിലൂടെ ഹൗസ്‌ബോട്ടുകളിലും ഡ്രാഗൺ ബോട്ടുകളിലുമെല്ലാം സവാരി നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്.

 ബാക് ഹാ

വിയറ്റ്‌നാമിലെ ഒരു ടൂറിസ്റ്റ് ഹില്‍സ്റ്റേഷനാണ് ബാക് ഹാ. സാപ്പയിൽ നിന്നാണ് ബാക് ഹായിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. വടക്ക് ഭാഗത്തുള്ള ഉയർന്ന പ്രദേശങ്ങളും മലയോര ഗ്രാമങ്ങളും കാണാന്‍ പോകുന്ന സഞ്ചാരികള്‍ ആദ്യമെത്തുന്നത് ഇവിടെയാണ്‌. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1.2 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം കോൺ ആകൃതിയിലുള്ള പർവതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. 

vietnam-bac-ha

എല്ലാ ഞായറാഴ്ചകളിലും ഗ്രാമവാസികളായ ഡാവോ, ഫ്ലവർ ഹ്‌മോംഗ്, ടേ, നുങ്, ഗിയേ വംശത്തില്‍പ്പെട്ടവര്‍ അവരുടെ തനതായ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വെക്കുന്ന ചന്ത കൂടാറുണ്ട്. തുണിത്തരങ്ങൾ, ഹാൻഡ്‌ബാഗുകൾ തുടങ്ങി കന്നുകാലികൾ വരെ വില്‍പ്പനച്ചരക്കുകളായി ഈ സമയത്ത് ഇവിടെ കാണും. ഗ്രാമം മുഴുവന്‍ ഉത്സവച്ഛായ പരക്കുന്ന ദിനങ്ങളാണ് ഇവ.

ചൗ ഡോക്

chau-doc-vietnam

ബസ്സാക്, മെകോംഗ് നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന നഗരമാണ് ചൗ ഡോക്. വിയറ്റ്നാമീസ്- കംബോഡിയൻ അതിർത്തി കടന്നാല്‍ ആദ്യമെത്തുന്ന നഗരമാണ് ഇത്. പേസ്റ്റല്‍ നിറമുള്ള കെട്ടിടങ്ങളും ഉല്ലാസകരമായ അന്തരീക്ഷവും ജലത്തിലൂടെയുള്ള യാത്രയുമെല്ലാം സഞ്ചാരികള്‍ക്ക് മനോഹരമായ അനുഭവമാണ്.

English Summary:  Places to Visit in Vietnam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com