ADVERTISEMENT

പണ്ടുകാലത്ത് കളിമണ്ണു കൊണ്ട് നിര്‍മിച്ച വീടുകള്‍ സാധാരണയായിരുന്നു. ഇന്ന് അവയില്‍ പലതും നാമാവശേഷമായി. പുതിയ തലമുറയ്ക്കാവട്ടെ, അത്തരം വീടുകളിലെ താമസം എങ്ങനെയായിരിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമായിരിക്കും. കളിമണ്‍ വീടുകള്‍ കാണാത്തവര്‍ വിഷമിക്കേണ്ട, വേണമെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ കളിമണ്‍ വീട് കാണാന്‍ പോകാം.

Casa-Terracota-Clay-House-in-Colombia2

കൊളംബിയയിലെ ബൊഗോട്ടയിൽ നിന്ന് 95 മൈൽ വടക്കുള്ള കൊളോണിയൽ പർവതഗ്രാമമായ വില്ല ഡി ലെയ്‌വയിലാണ് ലോകപ്രശസ്തമായ ഈ ഭീമന്‍ കളിമണ്‍ വീട് സ്ഥിതിചെയ്യുന്നത്. കൊളംബിയൻ ആർക്കിടെക്റ്റ് ഒക്ടാവിയോ മെൻഡോസയാണ് ഈ മനോഹരമായ വീട് നിർമിച്ചത്. പൂർണമായും കളിമണ്ണിൽ ഉണ്ടാക്കിയ ഈ വീട് വെയിലത്ത് ഉണക്കിയെടുത്തതാണ്. ഉരുക്ക്, സിമൻറ് തുടങ്ങി സാധാരണ കെട്ടിടനിര്‍മാണത്തിനായി ഉപയോഗിക്കുന്ന യാതൊരുവിധ സാമഗ്രികളും ഇതിന്‍റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടില്ല. 5,400 ചതുരശ്രയടി വിസ്തീർണമുള്ള വീട് ലോകത്തിലെ ഏറ്റവും വലിയ കളിമൺ കലാസൃഷ്ടിയായാണ്‌ കണക്കാക്കുന്നത്.

താമസിക്കാം

വെറും കാഴ്ച മാത്രമല്ല, ഒരു കുടുംബത്തിനു സുഖമായി താമസിക്കാന്‍ പറ്റിയ എല്ലാ സൗകര്യങ്ങളും ഇതിനുള്ളിലുണ്ട്. കിടക്കകൾ, മേശകൾ, കസേരകൾ എന്നിവയെല്ലാമുള്ള ഒരു രണ്ടു നില വീടാണ് ഇത്. ജഗ്ഗുകൾ, പാത്രങ്ങള്‍ തുടങ്ങിയ അടുക്കള സാമഗ്രികളും ഇതിനുള്ളിലുണ്ട്. ഫര്‍ണിച്ചറും പാത്രങ്ങളുമെല്ലാം നിര്‍മ്മിച്ചത് കളിമണ്ണു കൊണ്ടുതന്നെയാണ്! ബാത്ത്റൂം ടോയ്‌ലറ്റുകളും സിങ്കുകളും വർണ്ണാഭമായ മൊസൈക് ടൈലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സോളാർ പാനലുകൾ ഉപയോഗിച്ചാണ് വീട്ടിലേക്ക് വേണ്ട വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. 

രാജ്യത്തുടനീളം നിരവധി കെട്ടിടങ്ങളും പള്ളികളുമെല്ലാം രൂപകൽപ്പന ചെയ്ത മെൻഡോസ കളിമൺ വീടിനെ തന്‍റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ പ്രോജക്റ്റ് ആയാണ് കണക്കാക്കുന്നത്. 14 വർഷമെടുത്തു ഇതിന്‍റെ പണി പൂര്‍ത്തിയാവാന്‍. പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ച് വാസയോഗ്യമായ കെട്ടിടങ്ങള്‍ നിര്‍മിക്കാനാവുമെന്ന് ലോകത്തിനു മുന്നില്‍ തെളിയിക്കുക എന്നതാണ് മെൻഡോസയുടെ ലക്ഷ്യം.

കാഴ്ചകൾ ആസ്വദിക്കാം

Casa-Terracota-Clay-House-in-Colombia1

വില്ല ഡി ലെയ്‌വയില്‍ സഞ്ചാരികള്‍ക്ക് കൗതുകമുണര്‍ത്തുന്ന മറ്റു ചില കാഴ്ചകള്‍ കൂടിയുണ്ട്. പട്ടണം സ്ഥിതിചെയ്യുന്ന താഴ്‌വര ക്രിറ്റേഷ്യസ് കാലഘട്ടത്തില്‍ നിന്നുള്ള ഫോസിലുകളാൽ സമ്പന്നമാണ്. ഇഗ്വാക് ദേശീയ ഉദ്യാനവും ടൗൺ സെന്ററിൽ നിന്ന് 15 കിലോമീറ്റർ അകലെ ലാ പെരിക്വേര എന്ന ഏഴ് വെള്ളച്ചാട്ടങ്ങളുമുണ്ട്.

English Summary: The Casa Terracota: the Largest Ceramic in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com