ADVERTISEMENT

അവധിക്കാലം ആഘോഷമാക്കാൻ മിക്ക സഞ്ചാരികളും തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്നാണ് കമ്പോഡിയ. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടമുള്ള അങ്കോർവാട്ട് ക്ഷേത്രമാണ് പ്രധാന ആകർഷണം. നഗരത്തിരക്കുകള്‍ ഒട്ടുമില്ലാത്ത ഇവിടം ക്ഷേത്രങ്ങള്‍ കൊണ്ട് മാത്രമല്ല അതിമനോഹരങ്ങളായ കാഴ്ചകൾ കൊണ്ടും സഞ്ചാരികളുടെ മനസുകീഴടക്കുന്ന ഒരു രാജ്യം കൂടിയാണ്.

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം – അങ്കോർ വാട്ട്

കമ്പോഡിയയിലെ അങ്കോർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രവും ചരിത്രത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന ഇടവുമാണ്. കമ്പോഡിയയുടെ ദേശീയപതാകയിൽ വരെ ഈ ക്ഷേത്രം മുദ്രണം ചെയ്തിട്ടുണ്ട്. 

ഈ ക്ഷേത്രസമുച്ചയം വളരെ വിശാലമാണ്. മാത്രമല്ല സമുച്ചയത്തിനകത്തെ ക്ഷേത്രങ്ങളും മറ്റ് കാഴ്ചകളും പരസ്പരം വളരെ അകലത്തിലാണ് സ്ഥിതി ചെയ്യുന്നതും. സഞ്ചാരിക്ക് ആസ്വദിക്കുവാനുള്ളതെല്ലാം ഇൗ നാട്ടിലുണ്ട്. ക്ഷേത്രത്തിന്റെ അഭൂതമായ പശ്ചാത്തലത്തിൽ നിന്നു കൊണ്ട് സൂര്യോദയം  കാണുന്നത് വിവരണാതീതമായ അനുഭവമാണ്. ഈ സമയം മനോഹരമായ ചിത്രങ്ങളും പകർത്താം.    

നദിയില്‍ ഒളിപ്പിച്ചു വച്ച ആയിരം ശിവലിംഗങ്ങള്‍

സുന്ദര കാഴ്ചകൾക്കപ്പുറം സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇടങ്ങളും ഇന്നാട്ടിലുണ്ട്. ചരിത്രമുറങ്ങുന്ന അങ്കോറിന്‍റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു പുരാതന പ്രദേശമായ കബാൽ സ്‌പീൻ നദിയാണ് സഞ്ചാരികള്‍ക്കായി സുന്ദരമായ അനുഭവം ഒരുക്കിവച്ചിരിക്കുന്നത്. നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന കബാൽ സ്പീൻ എന്നാൽ ആയിരം ലിംഗങ്ങളുടെ നദിയെന്നാണ് അർത്ഥവും. ആയിരക്കണക്കിന് ശിവലിംഗങ്ങളാണിവിടുത്തെ പ്രത്യേകത. കൂടാതെ ശിവൻ, വിഷ്ണു, ബ്രഹ്മാവ്, ലക്ഷ്മി, രാമന്‍, ഹനുമാൻ എന്നീ ഹൈന്ദവദേവതകള്‍, പശുക്കള്‍, തവളകള്‍ മുതലായ  ജീവികള്‍, വിവിധ ഹിന്ദു പുരാണകഥകള്‍ എന്നിവയും ഈ കൊത്തുപണികളില്‍ കാണാം.

നഗരകേന്ദ്രത്തില്‍ നിന്നു ഒരു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ ഇവിടെയെത്താം. മനോഹരമായ കംബോഡിയൻ ഗ്രാമപ്രദേശങ്ങളും വിശാലമായ നെൽവയലുകളുമെല്ലാം കടന്നുള്ള യാത്ര തന്നെ അവിസ്മരണീയമായ അനുഭവമാണ്.

English Summary: Angkor - UNESCO World Heritage Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com