ADVERTISEMENT

ജന്മം നൽകുന്ന പാറകൾ. കേൾക്കുമ്പോൾ അതിശയം തോന്നാം. അദ്ഭുതങ്ങൾ ഒളിപ്പിച്ച പ്രകൃതിയുടെ മറ്റൊരു വിസ്മയമാണ് ഇൗ വിചിത്ര ഇടം. പോർച്ചുഗലിലെ ചെറിയ ഗ്രാമമായ കാസ്റ്റൻ‌ഹൈറയിലാണ് പെഡ്രാസ് പാരിഡെറാസ് (ജന്മം നൽകുന്ന പാറകൾ) എന്ന അപൂർവ ഭൂമിശാസ്ത്ര പ്രതിഭാസം സംഭവിക്കുന്നുണ്ട്. കുഞ്ഞു പാറകളെ 'പ്രസവിക്കുന്ന' കല്ല് ഈ കാഴ്ച നേരിട്ട് കാണുന്നതിനായി നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

'അമ്മക്കല്ലി'ന് 1,000 മീറ്റർ നീളവും 600 മീറ്റർ വീതിയും ഉണ്ട്. പാറയുടെ ഉപരിതലത്തിൽ 2 മുതൽ 12 സെന്റിമീറ്റർ വരെ നീളവും ബൈകോണ്‍വെക്സ് ആകൃതിയുമുള്ള കല്ലിന്‍റെ ചെറിയ ഘടനകള്‍ ഉണ്ട്. ഗ്രാനൈറ്റ് പാളികളായ വലിയ പാറകളില്‍ നിന്നാണ് കല്ലുകൾ പുറത്തേക്ക് വരുന്നത്.

പ്രസവിക്കുന്ന കല്ലുകൾ

ഈ അപൂർവ പ്രതിഭാസം പോർച്ചുഗലിലെ അരൂക ജിയോപാർക്കിൽ മാത്രം സംഭവിക്കുന്ന ഒന്നായിരിക്കാം. ഗ്രാനൈറ്റിന്റെ ഒരു വിഭാഗത്തിനുള്ളിൽ, ഇരുണ്ട ധാതുക്കള്‍ രൂപംെകാള്ളുന്നു, വർഷങ്ങളായുള്ള, മണ്ണൊലിപ്പും താപനിലയിലെ മാറ്റങ്ങളും കാരണം, ഉണ്ടാകുന്ന ചെറിയ ഉരുളൻ കല്ലുകൾ കാലക്രമേണ വലിയ കല്ലിന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് വരും. ഇതാണ് ജന്മം നൽകുന്ന കല്ലിന് കാരണമാകുന്നത്. 

The-stones-that-give-birth1

ഇത്തരത്തിൽ രസകരമായ ഭൂമിശാസ്ത്ര സവിശേഷതകളുള്ള 41 ഇടങ്ങൾ പാർക്കിലുടനീളമുണ്ട്. പോർച്ചുഗലിലെ ഏറ്റവും നീളമേറിയ വെള്ളച്ചാട്ടവും ട്രൈലോബൈറ്റുകളുടെ ഫോസിലുകളും അരൂക്ക ജിയോ പാർക്കിൽ കാണാം.

320 ദശലക്ഷം വർഷങ്ങളായി  ഈ അപൂർവ പ്രതിഭാസം സംഭവിക്കുന്നു, ഇൗ പ്രതിഭാസത്തിലൂടെ ഉണ്ടാകുന്ന ഓരോ കല്ലുകള്‍ക്കും നൂറുകണക്കിന് വർഷങ്ങൾ ആവശ്യമാണ്. എന്നാലിപ്പോൾ ഇൗ പുറന്തള്ളുന്ന കല്ലുകളുടെ എണ്ണത്തിൽ വളരെയധികം കുറവ് സംഭവിച്ചിരിക്കുകയാണ്. അതിനു കാരണം ഇവിടം സന്ദർശിക്കുന്ന വിനോദസഞ്ചാരികളാണ്. ഇവിടെ നിന്നും പാറകളും ബാഗിലാക്കിയാണ് ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ അടക്കമുള്ളവര്‍ മടങ്ങാറുള്ളത്!

ഗർഭിണികളാവാൻ കല്ല് എന്ന് വിശ്വാസം

ഈ പ്രതിഭാസത്തെ ചുറ്റപ്പെട്ട് നിരവധി കഥകളും ഐതിഹ്യങ്ങളും ഉണ്ടെങ്കിലും ഏറ്റവുമധികം പറയപ്പെടുന്നത് സ്ത്രീയെ ഗർഭിണിയാക്കുന്ന കല്ല് എന്ന രീതിയിലാണ്. ഗർഭിണികളാവാൻ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ഉറങ്ങുന്ന സമയത്ത് തങ്ങളുടെ തലയിണയ്ക്കടിയിൽ ഈ ചെറിയ പാറകളില്‍ ഒന്ന് സൂക്ഷിച്ചാല്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത വർദ്ധിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഇത് സത്യമാണോ അങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്നതിനൊന്നും തെളിവില്ല.എങ്കിലും ഇവിടുത്തെ പ്രദേശവാസികൾ ഇന്നും ഇൗ കഥ വിശ്വസിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു.

English Summary: The Rocks That Give Birth, Arouca Geopark in Portugal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com