പച്ചത്തല'മുടി'യുള്ള അപൂര്‍വ ആമ; 40 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ളവ

mary-River-turtle
SHARE

പര്‍വതങ്ങളും ദ്വീപുകളും ജൈവവൈവിധ്യവും നിറഞ്ഞ മനോഹരമായ ഒരു ഓസ്ട്രേലിയന്‍ സംസ്ഥാനമാണ് ക്വീൻസ്‌ലാന്‍ഡ്. ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽത്തന്നെ വലുപ്പത്തിൽ രണ്ടാമതും ജനസംഖ്യയിൽ മൂന്നാമതുമാണ് ഇതിന്‍റെ സ്ഥാനം. വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങളും ഊഷ്മളമായ കാലാവസ്ഥയും സമൃദ്ധമായ ജൈവസമ്പത്തുമെല്ലാമുള്ള ക്വീൻസ്‌ലാന്‍ഡ് ഓസ്ട്രേലിയയിലെ ഏറെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമായി ഓരോ വർഷവും ദശലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. പ്രതിവർഷം 8.8 ബില്യൺ ഡോളര്‍ വരുമാനമാണ് ടൂറിസത്തിലൂടെ മാത്രം രാജ്യത്തിന്‌ ലഭിക്കുന്നത്. രാജ്യത്തെ മൊത്തവരുമാനത്തിന്‍റെ 4.5 ശതമാനത്തോളം വരും.

അപൂര്‍വ കാഴ്ച

ക്വീൻസ്‌ലാന്‍ഡിന്‍റെ വടക്കു കിഴക്കന്‍ പ്രദേശത്ത് സഞ്ചാരികള്‍ക്ക് കൗതുകമുണര്‍ത്തുന്ന ഒരു അപൂര്‍വ കാഴ്ചയുണ്ട്. തലയില്‍ പച്ച നിറമുള്ള കിരീടം ചൂടിയ ആമകള്‍! മേരി റിവര്‍ ടര്‍ട്ടില്‍ എന്നാണ് ഇതിനു പേര്. ക്വീൻസ്‌ലാന്‍ഡിലെ മേരി നദിയില്‍ മാത്രമാണ് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ ജീവിവര്‍ഗം കാണപ്പെടുന്നത്. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ആമയാണ് ഇത്. ഇവയെ കാണാന്‍ വേണ്ടി മാത്രം സഞ്ചാരികളും പ്രകൃതിസ്നേഹികളുമെല്ലാം ഇവിടെക്കെത്താറുണ്ട്.

Queensland3

മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ആമകളുടെ പ്രാധാന്യം ശാസ്ത്രലോകം തിരിച്ചറിയുന്നത്. ചുവപ്പും ബ്രൌണും കറുപ്പും നിറത്തിലുള്ള ആമകളുണ്ട്. വെള്ളത്തിനടിയിലും അന്തരീക്ഷത്തിലും ഇവയ്ക്ക് ഒരേപോലെ ശ്വസിക്കാനാവും. ഇവയുടെ ശ്വസനം നടക്കുന്നത് മൂക്കിലൂടെയല്ല മറിച്ച് ജനനേന്ദ്രിയങ്ങളിലൂടെയാണെന്നതാണ്.  ശ്വസനത്തിനായി കരയിലേക്ക് വരേണ്ട ആവശ്യമില്ലാത്തതു കൊണ്ടുതന്നെ ഇവയെ ജലപ്പരപ്പിനു മുകളില്‍ കാണുന്നത് അത്ര സാധാരണമല്ല. 

പച്ച നിറത്തിലുള്ള 'മുടി'യാണ് ഈ ആമകളെ മറ്റ് ആമകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഒറ്റ നോട്ടത്തില്‍ പച്ച കിരീടം ചൂടിയത് പോലെയുണ്ടാകും കാണാന്‍. ആമകളുടെ തലയിലും തോടിനു മുകളിലും വളരുന്ന പ്രത്യേകതരം ആല്‍ഗകളാണ് ഇവ. കാണുമ്പോള്‍ വളരെയധികം കൗതുകമുണര്‍ത്തുന്ന കാഴ്ചയാണിത്‌.

Queensland1

ഓസ്ട്രേലിയയിലെ പുരാതന കാലത്തെ ആമകളുടെ കൂട്ടത്തില്‍, ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരു ഇനമാണിത്. ഇവയ്ക്ക് 40 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള പരിണാമ ചരിത്രമുണ്ട് എന്നാണു കരുതുന്നത്. പത്തു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചിമ്പാന്‍സികളില്‍ നിന്നും മനുഷ്യന്‍ ഉണ്ടായതെന്ന് കരുതുന്നത് എന്നോര്‍ക്കണം!

1960 കളിലും 70 കളിലും ഈ ആമകളുടെ കുഞ്ഞുങ്ങളെ പെറ്റ് ഷോപ്പുകളില്‍ വില്‍ക്കുന്നത് സാധാരണയായിരുന്നു. “പെന്നി ടര്‍ട്ടില്‍” എന്ന ഓമനപ്പേരില്‍ ഇവ അറിയപ്പെട്ടു. അങ്ങനെയാണ് ഈ ജീവിവര്‍ഗ്ഗം സിഡ്നിയിലെ  കടലാമ ഗവേഷകനായ ജോൺ കാനിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. അര നൂറ്റാണ്ടിലേറെയായി പാമ്പുകളുടെയും പല്ലികളുടെയും പ്രദര്‍ശനം നടത്തി വന്നിരുന്ന കുടുംബമായിരുന്നു കാനിന്റേത്. ഈ കുഞ്ഞാമകളുടെ ഉറവിടം എവിടെയാണെന്ന് കണ്ടെത്താന്‍ അദ്ദേഹം ഇരുപതു വര്‍ഷത്തോളം സമയമെടുത്തു. ഏറെ നാള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ അദ്ദേഹം മേരി നദിയില്‍ എത്തിച്ചേര്‍ന്നു. അങ്ങനെയാണ് ഇവയെക്കുറിച്ചുള്ള പഠനങ്ങള്‍ ആരംഭിക്കുന്നത്.

Queensland

ഇന്ന് വിരലില്‍ എണ്ണാവുന്നത്രയും മേരി ടര്‍ട്ടിലുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. കച്ചവടത്തിനായി ഇവയുടെ മുട്ടകള്‍ ശേഖരിക്കുന്നതും പ്രായപൂര്‍ത്തിയാവാന്‍ കൂടുതല്‍ സമയം എടുക്കുന്നതുമെല്ലാം ഇവയുടെ നാശത്തിനു കാരണമായി. 25 വയസ്സായാലേ ഇവ പ്രജനനത്തിന് തയാറാകൂ. ഇന്ന് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ വെസ്റ്റേണ്‍ സ്വാംപ് കടലാമയ്ക്ക് (സ്യൂഡെമിദുര കുട) ശേഷം ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതൽ വംശനാശഭീഷണി നേരിടുന്ന രണ്ടാമത്തെ ആമയാണ് മേരി റിവർ ടര്‍ട്ടില്‍.

English Summary: The Green-Haired Mary River Turtle in Queensland

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA